Connect with us

Gulf

അനുഭൂതി നിറയുന്ന കാഴ്ചകള്‍, അനുഭവങ്ങള്‍

Published

|

Last Updated

കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ വിമാനമിറങ്ങിയതു മുതല്‍ പ്രമുഖ എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന് വിശ്രമിക്കാനേ കഴിഞ്ഞിരിക്കില്ല. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. ആദ്യ ദിവസമായ ബുധനാഴ്ച, മിക്ക പ്രസാധകരും പ്രദര്‍ശകരും പവലിയന്‍ ഉദ്ഘാടനത്തിന് ക്ഷണിച്ചു. മലയാളികളുടേത് മാത്രം നൂറോളം പവലിയനുകളുണ്ട്. എല്ലാവരും സി വിക്ക് വേണ്ടപ്പെട്ടവര്‍. ഒന്നിന് പിറകെ ഒന്നായി പവലിയനുകള്‍ കയറിയിറങ്ങേണ്ടിവന്നു. പിറ്റേ ദിവസം, വ്യാഴം, എത്ര പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തുവെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. വൈകിട്ട് ഹണി ഭാസ്‌കരന്റെ പുസ്തക പ്രകാശനം തീരുന്നതിന് മുമ്പ്, സത്യന്‍ മാടാക്കരയുടെ പുസ്തക പ്രകാശനത്തിന് സംഘാടകര്‍ കൊണ്ടുപോയി. എല്ലാവരും വേണ്ടപ്പെട്ടവരാണ്. തന്നെ വായിച്ചറിഞ്ഞവരാണ്. സ്‌നേഹമസൃണമായ നിര്‍ബന്ധത്തിന് വഴങ്ങാതെ നിവര്‍ത്തിയില്ല. ഇതിനിടയില്‍, പിറ്റേ ദിവസത്തെ പരിപാടികളിലേക്ക് ക്ഷണിക്കാന്‍ ഓരോരുത്തരും എത്തുന്നു. മിക്കവരും സി വിയെ വായിച്ചു വളര്‍ന്നവരാണ്. എന്റെ പിഴയും ആയുസിന്റെ പുസ്തകവും മറ്റും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നവരാണ്. നിശബ്ദം സ്‌നേഹം ചൊരിയുന്നവരാണ്. വയ്യെന്ന് പറയാന്‍, അദ്ദേഹത്തിന്റെ മനസ് സമ്മതിക്കുന്നുണ്ടാവില്ല. ഇത്തരമൊരു അനുഭവം അദ്ദേഹം മുമ്പ് നേരിട്ടിട്ടുണ്ടാകില്ല. ആവശ്യക്കാരന് ഔചിത്യബോധമുണ്ടാകില്ലെന്ന് അറിഞ്ഞ് പരമാവധി വേദികളിലെത്തുന്നു. അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക്, ഹൃദയംതൊട്ട് ആശംസ അറിയിക്കുന്നു. ലബ്ധ പ്രതിഷ്ഠനായ എഴുത്തുകാരന്റെ ഉത്തരവാദിത്തം എന്ന നിലയില്‍ മാത്രമല്ല, സമൂഹത്തില്‍ ഗൗരവ വായന അന്യം പോകാതിരിക്കാന്‍ ഒരു സാംസ്‌കാരിക ഇടപെടല്‍ കൂടിയാണ്.

ഇത്തരം നന്മകളാലും സമൃദ്ധമാണ് ഷാര്‍ജ രാജ്യാന്തര പുസ്തകമേള. ഇതിനും നേതൃത്വം നല്‍കുന്നത്, ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. പുസ്തകമേള തുടങ്ങുന്നതിന് തലേന്ന് ശൈഖ് സുല്‍ത്താന്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍, എല്ലാ ഹാളുകളിലുമെത്തി. ഉദ്യോഗസ്ഥര്‍ക്ക് വലിയ ആത്മവിശ്വാസം പകരുന്ന നീക്കമാണത്. പിറ്റേ ദിവസം, രാവിലെ ഉദ്ഘാടനം കഴിഞ്ഞതിന് ശേഷവും നിരവധി പവലിയനുകള്‍ സന്ദര്‍ശിച്ച് ആശംസ അര്‍പിച്ചു. ഏറെ അത്ഭുതപ്പെടുത്തിയത് ഒരു മലയാളം പുസ്തകം പ്രകാശനം ചെയ്യാന്‍ മാത്രമായി വൈകുന്നേരം വീണ്ടും എത്തി എന്നതാണ്. ജോണ്‍ ബ്രിട്ടാസിന്റെ “അക്ഷരങ്ങളുടെ സുല്‍ത്താന്‍” പ്രകാശനം ചെയ്യാനാണ് എത്തിയത്. നൂറുകണക്കിന് മലയാളികള്‍ക്കിടയിലേക്ക്, ഭരണാധികാരി എത്തിയപ്പോള്‍ ഒരു വലിയ മനസിന്റെ അനാവരണമാണ് സംഭവിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ശൈഖ് സുല്‍ത്താന്‍ കേരളം സന്ദര്‍ശിച്ചതിന്റെ ഓര്‍മ ഏവരിലും നിറഞ്ഞൊഴുകി. ആ സന്ദര്‍ശനത്തിനിടയില്‍ ജോണ്‍ ബ്രിട്ടാസ് ശൈഖ് സുല്‍ത്താനുമായി അഭിമുഖം നടത്തിയിരുന്നു. അതാണ് ലിപി പുസ്തക രൂപത്തിലാക്കിയത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീമും സംഘവുമാണ് പുസ്തക മേളയില്‍ നവീനമായ കാഴ്ചക്ക് അരങ്ങൊരുക്കിയത്. ശൈഖ് സുല്‍ത്താന്‍ നിരവധി പുസ്തകങ്ങളില്‍ ഒപ്പിടാനും തയ്യാറായി. യു എ ഇ ഭരണാധികാരികളെ കുറിച്ചും കാരുണ്യത്തെ കുറിച്ചും ഈയുള്ളവന്‍ എഴുതിയ ഇമാറാത്തിന്റെ വഴികളിലൂടെ എന്ന പുസ്തകം ഏറ്റുവാങ്ങാനും ശൈഖ് സുല്‍ത്താന്‍ സന്മനസ്സ് കാട്ടി.

രാജ്യാന്തര പുസ്തകമേളയുടെ ഈ തുറന്ന സമീപനവും വിദേശികള്‍ക്ക് അവസരമൊരുക്കലുമാണ് ഷാര്‍ജയെ ശ്രദ്ധേയമാക്കുന്നത്. ഭാഷാ, ദേശ വ്യത്യാസമില്ലാതെ അക്ഷര ലോകം എല്ലാ വര്‍ഷവും എക്‌സ്‌പോ സെന്ററില്‍ മേളിക്കുകയാണ്. ലക്ഷക്കണക്കിന് കൃതികളും ആളുകളും എത്തുന്ന മേളയുടെ നടത്തിപ്പില്‍ കൈക്കുറ്റപ്പാടുകള്‍ ഉണ്ടാകുന്നത്, സ്വാഭാവികം. പക്ഷേ, അതിനെയെല്ലാം അപ്രസക്തമാക്കി സാംസ്‌കാരിക വിസ്മയമാണ് നടക്കുന്നത്.

പുസ്തകമേള, വളരുന്ന തലമുറയില്‍ ചെലുത്തുന്ന സ്വാധീനം കനത്തതാണ്. കുട്ടികളെക്കൊണ്ട് മികച്ച രചനകള്‍ വായിപ്പിക്കാനും സര്‍ഗശേഷിയുള്ളവരെ എഴുത്തിന്റെ വഴിയിലേക്ക് തിരിച്ചുവിടാനും പുസ്തകമേളക്ക് കഴിയുന്നു. ഒന്‍പത് വയസുള്ള ജസ്റ്റിന ജിബിന്റെ പുസ്തകം പത്താം ക്ലാസുകാരി ആലിയാ അഹ്മദ് റാഫിയും മറ്റും സ്വന്തം ഗ്രന്ഥങ്ങളുമായി എത്തിയിരിക്കുന്നു. വ്യാഴം രാത്രി അതിമനോഹരവും പ്രതീക്ഷ നല്‍കുന്നതുമായ ഒരു കാഴ്ച കണ്ടു. ദുഃഖ പുത്രികള്‍ (സാഡ് ഗേള്‍സ്) എഴുതിയ ലാംഗ്‌ലീവ് വേദിയില്‍ എത്തിയപ്പോള്‍ നൂറുകണക്കിന് പെണ്‍കുട്ടികളാണ് ഒപ്പു വാങ്ങാനായി പുസ്തകങ്ങളുമായി എത്തിയത്. അവരെയെല്ലാം ലാംഗ്‌ലീവിനെ വായിച്ചു മനസിലാക്കിയവരാണ്. ലാംഗ്‌ലീവിന്റെ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നവരാണ്. സാങ്കേതിക വിദ്യയുടെ ഈ കാലത്ത് പുസ്തകങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഇതിനപ്പുറം തെളിവു വേണോ. ഷാര്‍ജ രാജ്യാന്തര പുസ്തകമേള എന്തെല്ലാം അനുഭൂതികളാണ് നിറക്കുന്നത്.

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest