സ്വര്‍ണവിപണി അടിമുടി മാറുന്നു; ഗുണമേന്‍മ ഉറപ്പാക്കാന്‍ കര്‍ശന മാനദണ്ഡങ്ങള്‍

Posted on: November 4, 2017 7:38 pm | Last updated: November 4, 2017 at 7:38 pm

മുംബൈ: സ്വര്‍ണ വിപണിയില്‍ വന്‍ മാറ്റം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ആഭരണ വിപണിയിലെ തട്ടിപ്പുകള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്ര ഭക്ഷ്യ – കണ്‍സ്യൂമര്‍ വിഭാഗം ശ്രമങ്ങള്‍ തുടങ്ങി. 2018 ജനുവരി മുതല്‍ ഹാള്‍മാര്‍ക്ക് ചെയ്തതും കാരറ്റ് രേഖപ്പെടുത്തിയതുമായ ആഭരണങ്ങള്‍ മാത്രമേ വില്‍പ്പന നടത്താന്‍ അനുവദിക്കുകയുള്ളൂവെന്ന് ഭക്ഷ്യ – കണ്‍സ്യൂമര്‍ വകുപ്പ് മന്ത്രി റാം വിലാസ് പാസ്വാന്‍ വ്യക്തമാക്കി.

14, 18, 22 കാരറ്റുകളില്‍ ആഭരണം വില്‍പ്പന നടത്താം. എന്നാല്‍ ഹാള്‍മാര്‍ക്കിനൊപ്പം കാരറ്റ് കൃത്യമായി രേഖപ്പെടുത്തണം. ഗുണമേന്മ ഉറപ്പാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡസ് (ബിഐഎസ്) മുദ്രണത്തോടെയാണ് ജ്വല്ലറികള്‍ ആഭരണ വില്‍പ്പന നടത്തുന്നത്. ഗുണമേന്‍മ ഉറപ്പാക്കാന്‍ ഇത് പര്യാപ്തമല്ല എന്ന കണ്ടെത്തലാണ് പുതിയ നിയമം കൊണ്ടുവരാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.