2022ഓടെ ഇന്ത്യയുടെ മുഖച്ഛായ മാറ്റാന്‍ നീതി ആയോഗ്; നവ ഇന്ത്യക്കായി കര്‍മപദ്ധതികള്‍

Posted on: November 4, 2017 7:11 pm | Last updated: November 5, 2017 at 12:17 pm
SHARE

ന്യൂഡല്‍ഹി: 2022ഓടെ ഇന്ത്യയുടെ മുഖച്ഛായ മാറ്റാന്‍ പദ്ധതിയിട്ട് നീതി ആയോഗ്. പട്ടിണിപ്പാവങ്ങളോ, അഴിമതിയോ, മാലിന്യമോ, ജാതീയ-വര്‍ഗീയ ചേരിതിരിവുകളോ ഇല്ലാത്ത നവ ഇന്ത്യക്കായി ന്യൂ ഇന്ത്യ @ 2022 എന്ന കര്‍മപദ്ധതി നീതി ആയോഗ് അവതരിപ്പിച്ചു. കഴിഞ്ഞ മാസം ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.

2047വരെ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് എട്ട് ശതമാനമായി നിലനിര്‍ത്തുമെന്ന് പദ്ധതി അവതരിപ്പിച്ച് രാജീവ് കുമാര്‍ പറഞ്ഞു. ഇതോടെ ലോകെത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി മാറാന്‍ ഇന്ത്യക്ക് കഴിയുമെന്നും പദ്ധതി രേഖ അവതരിപ്പിച്ച് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന വഴി 2019നകം എല്ലാ ഗ്രാമങ്ങളേയും റോഡ് വഴി ബന്ധിപ്പിക്കും. ഇതിനായി 500 റോഡുകള്‍ നിര്‍മിക്കാനാണ് പദ്ധതിയിടുന്നത്. വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള 20 വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും കര്‍മ പദ്ധതിയില്‍ പറയുന്നു.