Connect with us

National

ജിഎസ്ടി: പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചെന്ന് പ്രധാനമന്ത്രി; ആവശ്യമെങ്കില്‍ കൂടുതല്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി)യുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചെന്നും ഭാവിയില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി പ്രവാസി ഭാരതീയ കേന്ദ്രയില്‍ ഇന്ത്യന്‍ വ്യവസായ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എളുപ്പത്തില്‍ വ്യവസായം തുടങ്ങാനുള്ള സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. അത് ജീവിതം എളുപ്പമാക്കുന്നതിലേക്ക് നയിക്കും. ലോക ബേങ്ക് തയ്യാറാക്കിയ വ്യവസായങ്ങള്‍ തുടങ്ങാന്‍ അനുകൂലമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 100ാം സ്ഥാനത്തേക്ക് മുന്നേറിക്കഴിഞ്ഞു. പരിഷ്‌കരണം, നിര്‍വഹണം, പരിവര്‍ത്തനം എന്ന മുദ്രാവാക്യത്തോടെ രാജ്യം മുന്നോട്ടു കുതിക്കുകയാണ്. നേരത്തെ, ലോക ബേങ്കില്‍ പ്രവര്‍ത്തിച്ചവരില്‍ ചിലര്‍ ഇപ്പോള്‍ ഇന്ത്യയുടെ റാങ്കിനെ ചോദ്യം ചെയ്യുന്നുവെന്നും മോദി പറഞ്ഞു. മുന്‍ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ വിമര്‍ശനം. നേരത്തെ, നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളെ രഘുറാം രാജന്‍ വിമര്‍ശിച്ചിരുന്നു.

രാജ്യത്ത് ജിഎസ്ടി സംവിധാനം നടപ്പാക്കിയതിനെ യോഗത്തില്‍ പങ്കെടുത്ത ലോകബേങ്ക് സിഇഒ ക്രിസറ്റിനോ ജോര്‍ജിവ അഭിനന്ദിച്ചു. രാജ്യത്തിന്റെ വളര്‍ച്ചക്കുള്ള മികച്ച അവസരമാണ് ഇതിലൂടെ വന്നുചേര്‍ന്നിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.