Connect with us

National

ഗുജറാത്തില്‍ വിശാലസഖ്യം വിശാലമാക്കാന്‍ കോണ്‍ഗ്രസ്

Published

|

Last Updated

ഗാന്ധിനഗര്‍: ഗുജറാത്തില്‍ വിശാലസഖ്യത്തില്‍ കൂടുതല്‍ യുവ നേതാക്കളെ എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുന്നു. ജന്‍ അധികാര്‍ മഞ്ച് നേതാവ് പ്രവീണ്‍ റാമുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സോളങ്കി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കായി സമരം നയിക്കുന്ന പ്രവീണ്‍ റാമിനെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞാല്‍ നാലര ലക്ഷത്തോളം വരുന്ന യുവ ജീവനക്കാരുടെയും കരാര്‍ ജീവനക്കാരുടെയും പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

ജാതി- സമുദായ സമവാക്യം നിര്‍ണായകമായ സംസ്ഥാനമാണ് ഗുജറാത്ത്. എന്‍പതുകള്‍ക്ക് ശേഷം ആദ്യമായാണ് വിശാല ഐക്യത്തിനായി കോണ്‍ഗ്രസ് മുന്നിട്ടിറങ്ങിയത്. ദളിത് ആദിവാസി നേതാവ് അല്‍പേഷ് ഠാക്കൂര്‍, പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍, ജെ ഡിയു വിമത നേതാവ് ഛോട്ടുവാസവ എന്നിവര്‍ ഇതിനോടകം തന്നെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. പിന്നാക്ക വിഭാഗ നേതാവ് ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ജിഗ്നേഷ് മേവാനി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ നയിക്കുന്ന സര്‍വസജന്‍ യാത്രയിലും അദ്ദേഹം പങ്കുകൊണ്ടു. കൂടിക്കാഴ്ച 15 മിനുട്ട് മാത്രമേ നീണ്ടു നിന്നുള്ളു. ശേഷം നവസര്‍ജന്‍ യാത്രാ ബസില്‍ കുറച്ചു നേരം മേവാനി രാഹുലിനൊപ്പം സഞ്ചരിച്ചു. എന്നാല്‍ അദ്ദേഹവുമായി ഇന്നലെ പൊതുവേദി പങ്കിട്ടില്ല. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന കാര്യത്തില്‍ അടുത്ത ദിവസം തന്നെ അദ്ദേഹം പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി പട്ടേല്‍ സമുദായ സംഘടനാ നേതാവ് ഹര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെ ജിഗ്നേഷ് മേവാനി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശാല സഖ്യത്തിലെത്തുന്നത് ബി ജെ പി വിരുദ്ധ സഖ്യത്തിന് പ്രതീക്ഷനല്‍കുന്നതാണ്.

ദക്ഷിണ ഗുജറാത്തിലെ തുണി വ്യവസായ നഗരമായ സൂററ്റിനടുത്ത് നവസരിയില്‍ രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പതിനേഴിന ആവശ്യങ്ങളാണ് മേവാനി മുന്നോട്ട് വെച്ചത്. ഇവയെല്ലാം ദളിത് വിഭാഗത്തിന്റെ അവകാശങ്ങളാണെന്നും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഇവ ഉള്‍പ്പെടുത്തുമെന്നും രാഹുല്‍ മേവാനിക്ക് ഉറപ്പ് നല്‍കിയതായാണ് വിവരം. കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പില്‍ പിന്തുണക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാഹുലുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും 90 ശതമാനം ആവശ്യങ്ങളോടും അനുകൂലമായാണ് അദ്ദേഹം പ്രതികരിച്ചതെന്നും ചര്‍ച്ചക്ക് ശേഷം മേവാനി വാര്‍ത്താ ലേഖകരോട് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. ബി ജെ പി ദളിത്‌വിരുദ്ധ പാര്‍ട്ടിയാണെന്നും ആ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുന്നത് തടയാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നുമായിരുന്നു മേവാനിയുടെ പ്രതികരണം.

Latest