Connect with us

Sports

രണ്ടാം ട്വന്റി20 ഇന്ന്; പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ

Published

|

Last Updated

രാജ്‌കോട്ട്: ന്യൂസിലാന്‍ഡിനെ ഇന്ന് തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ട്വന്റി20 പരമ്പര സ്വന്തം. ഇതോടെ, ഈ മാസം ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന അവസാന മത്സരത്തിന്റെ പ്രസക്തി നഷ്ടമാകും. കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നില്‍ ഫൈനലിന്റെ ആവേശമുള്ള കളി ബാക്കിവെക്കാനാകും കിവീസ് ക്യാപ്റ്റന്‍ കാന്‍ വില്യംസനും സംഘവും ആഗ്രഹിക്കുന്നത്. ആദ്യ മത്സരം 53 റണ്‍സിന് ഇന്ത്യ ജയിച്ചിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
രണ്ടാം മത്സരം എന്തു വിലകൊടുത്തും ജയിക്കുവാന്‍ ന്യൂസിലാന്‍ഡ് പരിശ്രമിക്കും. കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ടീമാണ് ന്യൂസിലാന്‍ഡ്.
ആദ്യമായി ഈ ഫോര്‍മാറ്റില്‍ കിവീസ് ഇന്ത്യയോട് പരാജയപ്പെടുന്നത് കഴിഞ്ഞ മത്സരത്തിലാണ്. ബാറ്റിംഗ് ടോപ് ഓര്‍ഡറില്‍ ഓപണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും മികച്ച ഫോമിലുള്ളത് ഇന്ത്യക്ക് തുടര്‍വിജയ സാധ്യത നല്‍കുന്നു.

ഡെത്ത് ബൗളിംഗിലെ മികവും ടീം ഇന്ത്യക്ക് കരുത്തേകുന്നു. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്‌റ എന്നിവര്‍ അവസാന ഓവറുകളില്‍ കാണിക്കുന്ന മിതത്വം പ്രശംസനാര്‍ഹമാണ്. മിഡില്‍ ഓവറുകളില്‍ സ്പിന്നര്‍മാരും മികവ് കാണിച്ചു. ആതിഥേയ നിരയുടെ ആള്‍ റൗണ്ട് മികവ് മറികടക്കാതെ ന്യൂസിലാന്‍ഡിന് പരമ്പരയില്‍ തിരിച്ചുവരവ് സാധ്യമാകില്ല.
ആദ്യ മത്സരത്തില്‍ ധവാനും രോഹിത് ശര്‍മയും ഒന്നാം വിക്കറ്റില്‍ 158 റണ്‍സിന്റെ റെക്കോര്‍ഡ് സഖ്യമുണ്ടാക്കിയത് സന്ദര്‍ശ ടീമിന്റെ ഉറക്കം കെടുത്തുന്നുണ്ട്. ടോപ് ഓര്‍ഡറിനെ മെരുക്കുക എന്ന തന്ത്രമാകും ന്യൂസിലാന്‍ഡ് പയറ്റുക.
ന്യൂബോള്‍ അറ്റാക്കിംഗില്‍ ട്രെന്റ് ബൗള്‍ട്ടിനെയും ടിം സൗത്തിയെയും അത്ര കണ്ട് വിശ്വസിക്കാന്‍ കൊള്ളാത്ത അവസ്ഥയാണ്. രണ്ട് പേരും യഥേഷ്ടം റണ്‍സ് വിട്ടുകൊടുക്കുന്നു.

പരിചയ സമ്പന്നരായ ഈ പേസര്‍മാര്‍ അവസാന ഓവറുകളില്‍ യോര്‍ക്കര്‍ എറിയുന്നതില്‍ പരാജയപ്പെടുന്നത് അമ്പരപ്പോടെയാണ് സഹതാരങ്ങള്‍ നോക്കി നിന്നത്. ഫീല്‍ഡിംഗിലും കിവീസ് ദയനീയ കാഴ്ചയായി. എല്ലാ മേഖലയിലും ടീം പിറകിലായി. ഫീല്‍ഡിംഗ് മെച്ചപ്പെടുത്തേണ്ടതുണ്ട് – വില്യംസന്‍ പറഞ്ഞു.
രാജ്‌കോട്ടില്‍ വിരാട് കോഹ് ലിക്ക് ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സാധിച്ചാല്‍ ടി20യില്‍ രണ്ടാംയിരം റണ്‍സിലേക്ക് കുതിക്കം. മധ്യനിരയില്‍ ടീമിന്റെ രക്ഷാപ്രവര്‍ത്തനം മഹേന്ദ്ര സിംഗ് ധോണിയില്‍ നിക്ഷിപ്തമാണ്.
മിഡില്‍ ഓര്‍ഡറില്‍ സ്ലോ ബൗളിംഗിന് യുവേന്ദ്ര ചാഹലുണ്ട്. കിവീസ് ക്യാപ്റ്റന്‍ കാന്‍ വില്യംസനും റോസ് ടെയ്‌ലറും ചാഹലിന്റെ സ്പിന്നിന് മുന്നില്‍ കീഴടങ്ങിയിരുന്നു.
ടോം ലാഥം മാത്രമാണ് സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്നത്. ഇന്ത്യന്‍ സ്പിന്നര്‍മാരെ മികച്ച രീതിയില്‍ നേരിട്ടതും ലാഥമാണ്.
രാജ്‌കോട് വേദിയാകുന്ന രണ്ടാമത്തെ അന്താരാഷ്ട്ര ടി20 മത്സരമാണിത്. ഐ പി എല്ലില്‍ ഗുജറാത്ത് ലയണ്‍സിന്റെ ഹോം ഗ്രൗണ്ടാണിത്. 2013 ലാണ് ആദ്യമായി ഇവിടെ രാജ്യാന്തര ടി 20 അരങ്ങേറിയത്. ആസ്‌ത്രേലിയ ആയിരുന്നു എതിരാളി. ജയിച്ചത് ഇന്ത്യയും.
ഇവിടെ 2013ലും 2015ലും നടന്ന ഏകദിന മത്സരങ്ങളില്‍ ഇംഗ്ലണ്ടിനോടും ദക്ഷിണാഫ്രിക്കയോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ഇന്ത്യ (സാധ്യതാ ടീം) : ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി(ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്‌റ, മുഹമ്മദ് സിറാജ്/മനീഷ് പാണ്ഡെ/ ദിനേശ് കാര്‍ത്തിക്, യുവേന്ദ്ര ചാഹല്‍.

ന്യൂസിലാന്‍ഡ് (സാധ്യതാ ടീം) : മാര്‍ട്ടിന്‍ ഗുപ്ടില്‍, കാന്‍ വില്യംസന്‍ (ക്യാപ്റ്റന്‍), കോളിന്‍ മണ്‍റോ, റോസ് ടെയ്‌ലര്‍/ ടോം ബ്രൂസ്, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഹെന്റി നികോള്‍സ്, കോളിന്‍ ഡി ഗ്രാന്‍ഹോം, മിച്ചല്‍ സാനര്‍,ട്രെന്റ് ബൗള്‍ട്ട്, ടിം സൗത്തി, ഇഷ് സോധി.

 

---- facebook comment plugin here -----

Latest