Connect with us

Sports

ജോണ്‍സന്‍ കാത്തിരിക്കുന്നു കേരള ബ്ലാസ്റ്റേഴ്‌സിനെ

Published

|

Last Updated

ബെംഗളുരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍) ഫുട്‌ബോളില്‍ ചില ടീമുകള്‍ നേര്‍ക്കു നേര്‍ വരുമ്പോള്‍ അതൊരു യുദ്ധമായി മാറും. ചെന്നൈയിന്‍ എഫ് സിയും എഫ് സി ഗോവയും തമ്മിലുള്ള പോരാട്ടവും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും കേരള ബ്ലാസ്‌റ്റേഴ്‌സും കൊമ്പുകോര്‍ക്കുന്നതും യുദ്ധക്കാഴ്ചയാണ്.
ഇത്തവണയും ഇത്തരം ഘോരമായ പോരാട്ടങ്ങള്‍ കാണാം. ഐ ലീഗില്‍ നിന്ന് ഐ എസ് എല്ലിലേക്ക് ചുവട് മാറ്റിയ ബെംഗളുരു എഫ് സി ഐ എസ് എല്ലിലെ മുന്‍ ക്ലബ്ബുകള്‍ക്കെല്ലാം വെല്ലുവിളിയാകും.

എങ്കിലും ബെംഗളുരു എഫ് സി പ്രധാനമായും തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ടീം കേരള ബ്ലാസ്റ്റേഴ്‌സാണ്. രണ്ട് തവണ ഫൈനലിലെത്തിയ കേരളത്തിന്റെ മഞ്ഞപ്പടയുമായുള്ള മത്സരത്തിനായി കാത്തിരിക്കുകയാണ് ബെംഗളുരു ഡിഫന്‍ഡര്‍ ജോണ്‍ ജോണ്‍സന്‍. ഇംഗ്ലീഷ് ക്ലബ്ബ് മിഡില്‍സ്ബറോയുടെ മുന്‍ താരമാണ് ജോണ്‍ ജോണ്‍സന്‍. പുതിയ ലീഗ്, പുതിയ എതിരാളികള്‍ ! തീര്‍ച്ചയായും ആവേശകരമായ നാളുകളാണ് മുന്നിലുള്ളത്, ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. ഒപ്പം കളിച്ചിട്ടുള്ള വിനീത്, സന്ദേശ് ജിംഗന്‍, റിനോ ആന്റോ എന്നിവരുമായുള്ള സൗഹൃദം പുതുക്കാനും കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരം ഉപകരിക്കും. കേരള ടീമിനെതിരായ മത്സരത്തിനായി കാത്തിരിക്കുന്നു – ജോണ്‍ ജോണ്‍സന്‍ പറഞ്ഞു.
2013 ല്‍ ബെംഗളുരു എഫ് സി ക്ലബ്ബ് രൂപവത്കരിച്ചത് മുതല്‍ ജോണ്‍സന്‍ ഒപ്പമുണ്ട്.
കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ ഏറ്റവും വിജയകരമായി മുന്നേറിയ ക്ലബ്ബ് ബെംഗളുരു എഫ് സിയാണെന്ന് വ്യക്തമാകും.
ഐ ലീഗിലെ മികവ് ഐ എസ് എല്ലില്‍ ആവര്‍ത്തിക്കാനാകും ബെംഗളുരുവിന്റെ ലക്ഷ്യം.
നവംബര്‍ പത്തൊമ്പതിന് മുംബൈ സിറ്റി എഫ് സിക്കെതിരെയാണ് ആദ്യ മത്സരം. ബ്ലാസ്റ്റേഴ്‌സിനെതിരെ ഡിസംബര്‍ 31, മാര്‍ച്ച് ഒന്ന് തീയതികളിലാണ് മത്സരം.

Latest