ട്രോമ കെയര്‍ പദ്ധതി

Posted on: November 4, 2017 6:17 am | Last updated: November 3, 2017 at 11:25 pm
SHARE

വാഹനാപകടങ്ങളില്‍ പെടുന്നവരെ തക്ക സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ആളില്ലാത്തതിനാലും ആശുപത്രിയില്‍ എത്തിച്ചിട്ടും ചികിത്സ ലഭിക്കാത്തതു മൂലവും സംഭവിക്കുന്ന മരണങ്ങള്‍ നിരവധിയാണ്. കൊല്ലത്ത് വാഹനാപകടത്തില്‍ പെട്ട തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി മുരുകന്‍ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതു മുലം മരിച്ചത് നാല് മാസം മുമ്പാണ്. മുരുകനെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജില്‍ കൊണ്ടു ചെന്നപ്പോള്‍ കൂട്ടിരിപ്പിന് ആളില്ലെന്നുപറഞ്ഞാണത്രെ ആശുപത്രി അധികൃതര്‍ ചികിത്സിക്കാന്‍ വിമുഖത കാണിച്ചത്. ഇതു കഴിഞ്ഞു പത്താം ദിവസമാണ് വാഹനാപകടത്തില്‍ പെട്ട 65-കാരനായ തൃശൂര്‍ എരുമപ്പെട്ടി സ്വദേശി മുകുന്ദന്‍ ചികിത്സ കിട്ടാതെ മരിച്ചത്. വാഹനം തട്ടി രക്തം വാര്‍ന്നു കൊണ്ടിരുന്ന മുകുന്ദനെ മൂന്ന് ആശുപത്രികളില്‍ കൊണ്ടു പോയെങ്കിലും അധികൃതര്‍ ചികിത്സിക്കാന്‍ തയാറായില്ല. അപകടങ്ങള്‍ക്കിരയായി രക്തം വാര്‍ന്നു മരണവുമായി മല്ലടിക്കുന്നവരെ അതുവഴി കടന്നു പോകുന്നവരും രംഗം കണ്ടു നില്‍ക്കുന്നവരും ആശുപത്രിയിലെത്തിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നു റോഡില്‍ കിടന്നു മരിച്ച സംഭവങ്ങളും പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

ഇത്തരുണത്തില്‍ ഏറെ ശ്രദ്ധേയമായ ഒരു സംരഭമാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ‘ട്രോമ കെയര്‍ പദ്ധതി’. വാഹനാപകടത്തിനിരയായവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ 48 മണിക്കൂര്‍ നേരത്തേക്ക് രോഗിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പണമൊന്നും ഈടാക്കാതെ തന്നെ ചികിത്സ ഉറപ്പാക്കുന്നതിനുള്ളതാണ് ഈ പദ്ധതി. അടിയന്തര ചികിത്സക്കുളള പണം സര്‍ക്കാര്‍ നല്‍കിയ ശേഷം പിന്നീട് ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്ന് തിരിച്ചുവാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തി ഇതിന്റെ വിശദ രൂപം തയ്യാറാക്കുമെന്നും മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി. അപകടത്തില്‍ പെടുന്നവരെ ഒട്ടും താമസിയാതെ വിദഗ്ധ ചികിത്സ ലഭിക്കുന്ന തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിന് ആധുനിക സജ്ജീകരണങ്ങളോടെയുള്ള പ്രത്യേക ആംബുലന്‍സ് സൗകര്യവും പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തും. സ്വകാര്യ ഏജന്‍സികളില്‍ നിന്ന് ഇതിന് വേണ്ടി അപേക്ഷ ക്ഷണിക്കാനാണ് ഉദ്ദേശിക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്ന ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും നിര്‍ദേശമുണ്ട്.

അപകടത്തില്‍ പെട്ടവര്‍ നിരാലംബരോ സാമ്പത്തിക ശേഷി ഇല്ലാത്തവരോ ആണെന്നറിയുമ്പോഴാണ് ആശുപത്രികള്‍ മിക്കവാറും ചികിത്സക്ക് വിമുഖത കാണിക്കുന്നത്. കൊല്ലം സംഭവത്തില്‍ മുരുകന്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് ആശുപത്രി മേധാവികള്‍ വെന്റിലേറ്റര്‍ നിഷേധിച്ചതെന്നാണ് അയാളെ ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നത്. വെന്റിലേറ്റര്‍ സൗകര്യം ഉണ്ടോയെന്ന് വിളിച്ചു ചോദിച്ചു ഉറപ്പു വരുത്തിയ ശേഷമാണ് മുരുകനെ അവിടേക്കു കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ വെന്റിലേറ്ററില്ലെന്ന് പറഞ്ഞു അധികൃതര്‍ ഒഴിഞ്ഞു മാറുകയായിരുന്നു. സാമ്പത്തികശേഷി നോക്കി ചികിത്സിക്കുന്ന സ്ഥിതിവിശേഷമാണ് പല സ്വകാര്യ ആശുപത്രികളിലും. കച്ചവട താത്പര്യത്തിന് മുന്നില്‍ കാരുണ്യ ബോധവും മനുഷ്യത്വവും നഷ്ടമായിരിക്കുന്നു. അടിയന്തര ചികിത്സാ ചെലവ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനം നടപ്പിലായാല്‍ ഇതിന് മാറ്റമുണ്ടാകും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവക്ക് പുറമെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലും ‘ട്രോമ കെയര്‍ പദ്ധതി’ നടപ്പാക്കുന്നുണ്ട്. സ്വകാര്യ ആശുപത്രിയിലെ ആദ്യഘട്ട ചികിത്സാ ചെലവ് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്ന്് നല്‍കാനാണ് തീരുമാനം.

ആയിരങ്ങളാണ് വര്‍ഷം തോറും കേരളത്തില്‍ റോഡപകടങ്ങളില്‍ മരിക്കുന്നത്. 2015-ല്‍ സംസ്ഥാനത്ത് 39,014 അപകടങ്ങളിലായി 4196 പേര്‍ മരിക്കുകയും 43,735 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രണ്ട് മാസം മുമ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. രാജ്യത്തെ റോഡപകടങ്ങളില്‍ 8.2 ശതമാനം കേരളത്തിലാണ് നടക്കുന്നത്. പരുക്കേല്‍ക്കുന്നവരില്‍ നല്ലൊരു ശതമാനവും അംഗവൈകല്യം സംഭവിച്ചു തുടര്‍ജീവിതം ദുരിതത്തിലാകുന്നവരാണ്. അപകടത്തിന് ഇരയാകുന്നവരെ യഥാസമയം ആശുപത്രികളില്‍ എത്തിക്കാനും ചികിത്സ ലഭ്യമാക്കുവാനും കഴിഞ്ഞാല്‍ മരണനിരക്ക് നല്ലൊരു ശതമാനം കുറക്കാനാകും. ഇതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിക്ക് പുറമെ അപകടം ശ്രദ്ധയില്‍ പെടുന്നവരും കണ്ടുനില്‍ക്കുന്നവരും പരിക്കേറ്റവരെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിക്കാനുള്ള മാനുഷിക ബോധം കൂടി പ്രകടിപ്പിക്കേണ്ടതുണ്ട്. ചോരവാര്‍ന്നുകിടക്കുന്ന സഹയാത്രികനെ കണ്ടിട്ടും കാണാത്ത ഭാവത്തില്‍ വണ്ടിയോടിച്ചു അതിവേഗത്തില്‍ കടന്നു പോകുന്നരാണ് പലരും. നാളെ തനിക്കോ ബന്ധപ്പെട്ടവര്‍ക്കോ ഈ ഗതി വന്നുകൂടായ്കയില്ലെന്ന് ആരും ചിന്തിക്കുന്നില്ല. അപകടം കാണാനിടയായവര്‍ക്ക് അവരെ സഹായിക്കാന്‍ സമയമില്ലെങ്കില്‍ പോലീസിന്റെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂമിലെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചാല്‍ ആശുപത്രിയിലെത്തിക്കാന്‍ അവര്‍ സംവിധാനമുണ്ടാക്കും. അതിനുള്ള സന്മനസ്സ് പോലും പ്രകടിപ്പിക്കുന്നില്ല. ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് അറിയാത്തവരാണ് പൊതുസമൂഹത്തില്‍ ഏറെയും. ഇതേക്കുറിച്ച് വ്യാപകമായ ബോധവത്കരണം അനിവാര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here