Connect with us

Kannur

പരാതികള്‍ക്ക് വിട: തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ ഇനി പ്രീപെയ്ഡ് ഓട്ടോ, ടാക്‌സി കൗണ്ടര്‍

Published

|

Last Updated

തലശ്ശേരി: ഓട്ടം വിളിച്ചാല്‍ പോവില്ല. പോകാന്‍ തയ്യാറായാല്‍ തന്നെ മുന്‍കൂട്ടി അമിത ചാര്‍ജ് പറഞ്ഞുറപ്പിക്കും, വഴിയില്‍ അപമര്യാദയായ പെരുമാറ്റം, തുടങ്ങി വണ്ടിയിറങ്ങിയെത്തുന്ന യാത്രക്കാര്‍ക്ക് റെയില്‍വെ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവര്‍മാരെ പറ്റിയുള്ള പതിവ് പരാതികള്‍ക്ക് പരിഹാരമൊരുങ്ങുന്നു. തലശ്ശേരി റെയില്‍വെ സ്റ്റേഷനിലെ മുഖ്യ പ്രവേശന കവാടത്തിലുള്ള പാര്‍ക്കിംഗ് എരിയയില്‍ ഈ മാസം 8 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പ്രീപെയ്ഡ് ഓട്ടോ, ടാക്‌സി, കൗണ്ടര്‍ യാത്രക്കാരുടെയും ഓട്ടോ ഡ്രൈവര്‍മാരുടെയും ഇടയിലുള്ള അസ്വാരസ്യങ്ങള്‍ ഒഴിവാക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് ട്രാഫിക് എസ് ഐ, വി വി ശ്രീജേഷ് പറഞ്ഞു. കൗണ്ടര്‍ എട്ടിന് വൈകിട്ട് 5ന് ഡി വൈ എസ്പി പ്രിന്‍സ് എബ്രഹാം ഉദ്ഘാടനം ചെയ്യും.
റെയില്‍വെ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്ത് ഓടാന്‍ പാസുള്ള ഓട്ടോകളെ അന്ന് മുതല്‍ പ്രീപെയ്ഡ് കൗണ്ടര്‍ വഴി നിയന്ത്രിക്കും. തന്നിഷ്ടം പോലെ യാത്രക്കാരെ ഇന്റര്‍വ്യൂ ചെയ്ത് കയറാനും അമിത യാത്രാക്കൂലി ഈടാക്കാനും അനുവദിക്കില്ല. ക്യൂ സിസ്റ്റം പാലിച്ച് കൗണ്ടറില്‍ നിന്നും ടോക്കണ്‍ വാങ്ങിയേ യാത്രക്കാരെ കയറ്റി പോകാനാവൂ. പോവുന്ന സ്ഥലത്തേക്കുള്ള നിയമപ്രകാരമുള്ള യാത്രാക്കൂലി ടോക്കണില്‍ രേഖപ്പെടുത്തും. സര്‍വ്വീസിനായി കൗണ്ടില്‍ രണ്ട് രൂപ ഈടാക്കും. സംവിധാനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സദാ സമയവും പോലീസിന്റെ സാന്നിധ്യവും ഉണ്ടാവും.

ഇതിനിടെ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് പോവുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ഹെറിറ്റേജ് ജേസീസ് സൗജന്യ യാത്ര അനുവദിക്കാനും തീരുമാനമുണ്ട്. രോഗികള്‍ പ്രീപെയ്ഡ് കൗണ്ടറില്‍ നിന്നും സൗജന്യ യാത്രക്കുള്ള സ്ലിപ്പ് വാങ്ങി ഓട്ടോയില്‍ കയറാം. സെന്ററിലെത്തിയാല്‍ പ്രസ്തുത ടോക്കണ്‍ അവിടെ ഏല്‍പിച്ച് പകരം വാങ്ങുന്ന സ്ലിപ്പ് ഡ്രൈവര്‍ക്ക് നല്‍കണം. ഇത് റെയില്‍വെ സ്‌റേഷനിലെ പ്രീപെയ്ഡ് കൗണ്ടറില്‍ നല്‍കിയാല്‍ ഉടന്‍ പണം നല്‍കുന്ന രീതിയാണ് നടപ്പാക്കുന്നത്.

 

Latest