മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടിക്ക് സ്റ്റേ ഇല്ല

Posted on: November 3, 2017 2:33 pm | Last updated: November 3, 2017 at 8:31 pm
SHARE

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പരുകള്‍ ഏകീകൃത തിരിച്ചറിയല്‍ രേഖയായ ആധാറുമായി ബന്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി. ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും ഉപഭോക്താക്കളെ എല്ലാ കാര്യങ്ങളും കൃത്യമായി അറിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യത്തിലെ അന്തിമ തീരുമാനം ഭരണഘടനാ ബഞ്ച് എടുക്കുമെന്നും ബേങ്ക് അക്കൗണ്ട് അധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി ഉപഭോക്താക്കളെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

2018 ഫെബ്രുവരി ആറിനകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പരുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര ര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതുകൂടാതെ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമാണെന്നും മൊബൈല്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിന് സുപ്രീം കോടതിയാണ് അനുമതി നല്‍കിയതെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം പറഞ്ഞിരുന്നു.