Connect with us

Kerala

ഹെല്‍പ് ചെയ്യാനാവാതെ ജി എസ് ടി ഹെല്‍പ് ഡെസ്‌ക്

Published

|

Last Updated

പാലക്കാട്: ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള ജി എസ് ടി ഹെല്‍പ് ഡെസ്‌ക് നിസ്സഹായാവസ്ഥയില്‍. പരാതി പരിഹാരത്തിനായുള്ള ഇ മെയില്‍ സംവിധാനമായിട്ടാണ് ഹെല്‍പ് ഡെസ്‌ക്ക് ഏര്‍പ്പെടുത്തിയതെങ്കിലും ഇവിടെ ലഭിച്ച 70 ശതമാനം പരാതികള്‍ക്കും ഇത് വരെ മറുപടി നല്‍കാനായിട്ടില്ല.
അഞ്ചര ലക്ഷത്തിലധികം ഇ മെയില്‍ പരാതികളാണ് സെപ്തംബര്‍ വരെ ജി എസ് ടി നെറ്റ്‌വര്‍ക്കിന് ലഭിച്ചത്. ഇതില്‍ ഒന്നേമുക്കാല്‍ ലക്ഷം ഇ മെയിലുകള്‍ക്ക് മാത്രമാണ് മറുപടി നല്‍കിയത്. ജി എസ് ടി നടപ്പാക്കാന്‍ ചുമതലപ്പെട്ട ജി എസ് ടി എന്‍ അഥവാ ചരക്ക് സേവന നികുതി ശൃംഖലക്ക് ലഭിച്ചത് പരാതി പ്രളയമാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു. സെപ്തംബര്‍ വരെ ലഭിച്ചത് 5,61,749 ഇ മെയില്‍ പരാതികള്‍. ഏജന്‍സി മറുപടി നല്‍കിയതാവട്ടെ 1,71,864 ഇമെയില്‍ പരാതികള്‍ക്ക് മാത്രം. 69.40 ശതമാനം മെയിലുകളും മറുപടി ലഭിച്ചിട്ടില്ല.

റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത് സാങ്കേതിക തകരാറുമൂലം അനന്തമായി നീളുകയാണ്. നിരന്തരമായി ഉണ്ടാകുന്ന സാങ്കേതിക തകരാറുകള്‍ വ്യാപാരികളുടെ പണം നഷ്ടപ്പെടുത്തുന്നു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി രജിസ്‌ട്രേഷനുള്ള 85 ലക്ഷത്തിലധികം നികുതിദായകരായ വ്യാപാരികളുണ്ട്. പക്ഷേ ഒരേ സമയം 80,000 പേര്‍ക്ക് മാത്രമേ റിട്ടേണ്‍ സമര്‍പ്പിക്കാനാവൂ എന്നതാണ് സ്ഥിതി. കൂടുതല്‍ പേര്‍ വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ പ്രവര്‍ത്തനം തകരാറിലാവും.
പുതിയ നികുതി സംവിധാനം നടപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 49 ശതമാനം ഓഹരികളും സ്വകാര്യ കമ്പനികള്‍ക്ക് 51 ശതമാനവും നല്‍കി കമ്പനി രൂപവത്കരിക്കുകയായിരുന്നു. സാങ്കേതിക സംവിധാനമൊരുക്കാന്‍ 1371.71 കോടി രൂപക്ക് ഇന്‍ഫോസിസിനാണ് കരാര്‍ നല്‍കിയത്. എന്നാല്‍ സാങ്കേതിക തകരാര്‍ സംബന്ധിച്ച് ഒരു വിശദീകരണവും സര്‍ക്കാരോ ഇന്‍ഫോസിസോ ഇതുവരെ നല്‍കിയിട്ടില്ല. ഇതിനിടെ ജി എസ് ടിയിലെ റിവേഴ്‌സ് ചാര്‍ജിംഗ് ചെറുകിട, വന്‍കിട വ്യാപാരികളെ പ്രതിസന്ധിയിലാക്കുകയാണ്. വീട്ടില്‍ വെച്ചുണ്ടാക്കി വില്‍ക്കുന്ന ഭക്ഷണ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് ജി എസ് ടി നമ്പറെടുക്കുകയോ നികുതി അടക്കുകയോ ചെയ്യേണ്ടതില്ല. എന്നാല്‍ അവരില്‍ നിന്ന് ഉത്്പന്നം വാങ്ങുന്ന വ്യാപാരികളില്‍ നിന്ന് ഈ ഉത്പന്നങ്ങളുടെ നികുതി കൂടി ഈടാക്കും. ഈ രീതിയാണ് റിവേഴ്‌സ് ചാര്‍ജിംഗ്. മറ്റുള്ളവര്‍ അടക്കേണ്ട നികുതി കൂടി സ്വയം അടക്കേണ്ട സാഹചര്യത്തിനെതിരെ വ്യാപാരികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ 2018 മാര്‍ച്ച് വരെ റിവേഴ്‌സ് ചാര്‍ജിംഗ് ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍ 2018 ഏപ്രില്‍ മുതല്‍ ഇത് പ്രാബല്യത്തിലാകുന്നതോടെ വ്യാപാരികള്‍ ഇരട്ട നികുതി ഭാരം പേറുന്ന സാഹചര്യമുണ്ടാകും. ഇത് മുന്‍കൂട്ടി കണ്ട് ജി എസ് ടിയില്ലാത്ത ചെറുകിട വ്യാപാരികളില്‍ നിന്നുള്ള വാങ്ങലുകള്‍ ഇപ്പോള്‍ തന്നെ ഒഴിവാക്കിയിരിക്കുകയാണ് വന്‍കിട വ്യാപാരികള്‍. ഇതോടെ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ചെറിയ കച്ചവടങ്ങള്‍ പ്രതിസന്ധിലായി. പ്രതിസന്ധി മറികടക്കാന്‍ അവരും ജിഎസ്ടി നമ്പറെടുക്കാനുള്ള ഓട്ടത്തിലായി. നികുതി അടക്കേണ്ടി വരില്ലെങ്കിലും റിട്ടേണ്‍ ഫയലിംഗിലെ പ്രശ്‌നങ്ങള്‍ കാരണം പിഴ അടക്കേണ്ട സാഹചര്യം ചെറുകിട വ്യാപാരികള്‍ക്കും വരും. ചെറുകിടക്കാരെയും വന്‍കിടക്കാരെയും ഒരുപോലെ ബാധിക്കുന്ന റിവേഴ്‌സ് ചാര്‍ജായിരിക്കും ജിഎസ്ടിയിലെ പ്രധാന വില്ലനെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

---- facebook comment plugin here -----

Latest