Connect with us

National

ആധാറിന്റെ ഭരണഘടനാ സാധുത: ഹരജികളില്‍ ഇന്ന് വാദം തുടങ്ങും

Published

|

Last Updated

ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു ഹരജി കൂടി അടിയന്തരമായി വാദം കേള്‍ക്കുന്നതിന് ജസ്റ്റിസ് ജെ ചലമേശ്വര്‍ അധ്യക്ഷനായ ബഞ്ച് ഇന്നലെ അംഗീകാരം നല്‍കി. ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. കര്‍ണാടക സ്വദേശിയായ മാത്യു തോമസ് എന്ന വ്യക്തിയാണ് ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ആധാര്‍ ആക്ട് സ്വകാര്യതക്കുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്നും നിലവില്‍ രാജ്യത്തുള്ള ബയോമെട്രിക് സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. സമാനമായ കേസുകളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കുന്നതിനാല്‍ അവയൊന്നിച്ച് ഈ ഹരജിയും പരിഗണിക്കണമെന്നാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്.
ആധാറുമായി ബന്ധപ്പെട്ട കേസുകളില്‍ വാദം കേള്‍ക്കുന്നതിനായി ഭരണഘടനാ ബഞ്ച് സ്ഥാപിക്കുമെന്ന് കഴിഞ്ഞ മാസം 30ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിരുന്നു.
നവംബര്‍ അവസാന വാരത്തിന് മുമ്പ് തന്നെ കേസുകളില്‍ വാദം കേള്‍ക്കുമെന്ന് ബഞ്ച് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമ പദ്ധതികളടക്കം വിവിധ കാര്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഒരൂകൂട്ടം ഹരജികളാണ് സുപ്രീം കോടതിക്ക് മുമ്പിലുള്ളത്. ഇന്ന് വാദംകേള്‍ക്കുന്ന ഹരജികള്‍ കൂടി ഭരണഘടനാ ബഞ്ച് ശിപാര്‍ശ ചെയ്‌തേക്കും.

Latest