ലാദന്‍ കശ്മീരിനെ നിരീക്ഷിച്ചിരുന്നു

Posted on: November 3, 2017 12:02 am | Last updated: November 2, 2017 at 11:42 pm

വാഷിംഗ്ടണ്‍: അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദനുമായി ബന്ധപ്പെട്ട നൂറിലേറെ രഹസ്യ രേഖകള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എ പുറത്തുവിട്ടു. കശ്മീര്‍ അടക്കമുള്ള വിഷയങ്ങള്‍ പരാമര്‍ശിക്കപ്പെടുന്ന രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. 2008ലെ മുംബൈ ഭീകരാക്രമണ കേസില്‍ ഉള്‍പ്പെട്ട പാക്- അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വിചാരണാ നടപടികളും കശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട വികാസപരിണാമങ്ങളും ലാദന്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്തുവിട്ടവയില്‍ ഉള്‍പ്പെടുന്നു.

പാക്കിസ്ഥാനിലെ അബൂത്താബാദില്‍ ഒളിവില്‍ കഴിയവെ അവിടെയെത്തി യു എസ് സേന 2011ല്‍ ലാദനെ വധിക്കുകയായിരുന്നു. അന്ന് പിടിച്ചെടുത്തത് ഉള്‍പ്പെടെ 4.7 ലക്ഷം രേഖകളാണ് ഇന്നലെ പുറത്തുവിട്ടത്. ലാദന്റെ കമ്പ്യൂട്ടറില്‍ നിന്ന് ലഭിച്ചതാണ് ഏറെ വിവരങ്ങളും.

കുടുംബാംഗങ്ങള്‍ക്കൊപ്പം ലാദന്‍ നില്‍ക്കുന്നതടക്കമുള്ള ചിത്രങ്ങളും സ്വകാര്യ ഡയറികളും ഇതിലുണ്ട്. 2011ല്‍ അറബ് കലാപത്തിന് ലാദന്‍ ആഹ്വനം ചെയ്തതിന്റെയും മൂത്തമകന്‍ ഹംസയുടെ വിവാഹത്തിന്റെയും വീഡിയോ ദൃശ്യങ്ങളാണ് മറ്റൊന്ന്. രാജ്യസുരക്ഷയെ ബാധിക്കുന്ന ചില ഫയലുകള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് സി ഐ എ വ്യക്തമാക്കി. ലാദന്‍ ഇറാനുമായുണ്ടാക്കിയെന്ന് പറയപ്പെടുന്ന ധാരണകള്‍ സംബന്ധിച്ചും വിവിധയിടങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടത് സംബന്ധിച്ചുമുള്ള രേഖകളാണ് പുറത്തുവിടാത്തവയില്‍ ചിലത്.
അമേരിക്കന്‍ ജനതക്ക് ഇത്തരം ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങളും പദ്ധതികളും സംബന്ധിച്ച് ധാരണകള്‍ ലഭിക്കുന്നതിനാണ് ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് സി ഐ എ തലവന്‍ മൈക്ക് പോംപിയോ പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ ഒഴിവാക്കി ലാദനുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഇനിയും പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.