ലിഥിയം അയേണ്‍ ബാറ്ററിയുമായി ഹീറോ ഇലക്ട്രിക്

Posted on: November 3, 2017 8:39 am | Last updated: November 2, 2017 at 11:40 pm
SHARE

കൊച്ചി: ലിഥിയം അയേണ്‍ ബാറ്ററി ഘടിപ്പിച്ച ഇലക്ട്രിക് ബൈക്കുകള്‍ ഹീറോ ഇലക്ട്രിക് വിപണിയിലിറക്കി. കമ്പനിയുടെ ഒപ്റ്റിമ ഡി എക്‌സ് എല്‍ ഐ, ഫോട്ടോണ്‍ ഇ- ബൈക്കുകളിലാണ് ലിഥിയം അയേണ്‍ ബാറ്ററി ഉപയോഗിച്ചിരിക്കുന്നത്. ചാര്‍ജ് കൂടുതല്‍ സമയം നീണ്ടുനില്‍ക്കുമെന്നത് ലിഥിയം ബാറ്ററിയുടെ പ്രത്യേകതയാണ്.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 70 കിലോമീറ്റര്‍ വരെ ഓടാവുന്നതാണ്. ചാര്‍ജ് ചെയ്യാന്‍ കുറഞ്ഞ സമയം മതി എന്നതും ബാറ്ററി വീട്ടില്‍ കൊണ്ടുപോയി ചാര്‍ജ് ചെയ്യാമെന്നതും മറ്റ് സവിശേഷ സൗകര്യങ്ങളാണ്. ലെഡ് ആസിഡ് ബാറ്ററി മോഡലുകള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ എഴ് മുതല്‍ എട്ട് വരെ മണിക്കൂര്‍ ആവശ്യമെങ്കില്‍ ലിഥിയം ബാറ്ററിക്ക് നാല്- അഞ്ച് മണിക്കൂര്‍ മതി.
രാജ്യത്ത് വില്‍ക്കുന്ന ഓരോ 10 ഇ- ബൈക്കുകളില്‍ ആറും ഹീറോ ഇലക്ട്രിക്കിന്റെതാണെന്ന് ഹീറോ ഇലക്ട്രിക് മാര്‍ക്കറ്റിംഗ് തലവന്‍ മനുകുമാര്‍ അവകാശപ്പെട്ടു.
ലിഥിയം അയേണ്‍ ഇ- ബൈക്കുകള്‍ക്ക് തുടക്കം കുറിച്ച് ഈ മേഖലയില്‍ സാങ്കേതിക മുന്നേറ്റത്തിന് തുടക്കം കുറിച്ചതും ഹീറോ ഇലക്ട്രിക്കാണ്. 12 വര്‍ഷം മുമ്പ് ഇ-ബൈക്ക് വിപണിയില്‍ പ്രവേശിച്ച ഹീറോ ഇതിനകം ഒരു ലക്ഷത്തിലേറെ ഇ-ബൈക്കുകള്‍ വിറ്റഴിച്ചിട്ടുണ്ട്.