Connect with us

Editorial

രാഷ്ട്രീയ കേസുകള്‍ക്ക് അതിവേഗ കോടതി

Published

|

Last Updated

രാഷ്ട്രീയക്കാരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള സുപ്രീം കോടതി നീക്കം പ്രതീക്ഷാര്‍ഹമാണ്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക അതിവേഗ കോടതികള്‍ ഉടന്‍ സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് പരമോന്നത കോടതി ആവശ്യപ്പെട്ടത്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസുകളുടെ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും അതിവേഗ കോടതി രൂപവത്കരണത്തിനുള്ള പദ്ധതി തയാറാക്കി ഡിസംബര്‍ 13ന് മുമ്പ് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നവീന്‍ സിന്‍ഹ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് ഇന്ന് രാഷ്ട്രീയം. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് തന്നെ ഭീഷണിയാകുന്ന വിധത്തില്‍ രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വത്കരണം വ്യാപകമായിരിക്കുകയാണ്. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 13000ത്തിലധികം കേസുകള്‍ രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നു. പൊതുഖജനാവ് വന്‍തോതില്‍ ചോര്‍ത്തുന്നതിന് പുറമെ പലപ്പോഴും ഭരണ പ്രതിസന്ധിയും സൃഷ്ടിക്കാറുണ്ട് ഇത്തരം അഴിമതിക്കേസുകള്‍. ബോഫോഴ്‌സ്, ടുജിസ്‌പെക്ട്രം, കല്‍ക്കരി കുംഭകോണം തുടങ്ങിയ അഴിമതിക്കേസുകള്‍ പാര്‍ലിമെന്റിന്റെ നിരവധി ദിവസങ്ങള്‍ നഷ്ടപ്പെടുത്തുകയുണ്ടായി. സോളാര്‍ അഴിമതിക്കേസ് സംസ്ഥാനത്തും ഭരണസ്തംഭനം സൃഷ്ടിച്ചിരുന്നു. ഇതെല്ലാം പദ്ധതി പ്രവര്‍ത്തനങ്ങളെയും രാഷ്ട്ര വികസനത്തെയും പിറകോട്ട് വലിക്കും. നിയമവ്യവഹാരം വര്‍ഷങ്ങളോളം നീളുന്നതാണ് രാഷ്ട്രീയത്തിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ മുഖ്യകാരണം.

സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുമ്പോള്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവര്‍ക്ക് മുന്‍ഗണന നല്‍കുകയാണ് കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ സഹായകമായ നടപടി. ഇന്ന് സ്ഥാനാര്‍ഥികളുടെ ധാര്‍മിക പശ്ചാത്തലം ആരും പരിഗണിക്കാറില്ല. സാമ്പത്തികം, സാമുദായികം, ജാതീയത, മറ്റു സ്വാധീനങ്ങള്‍ തുടങ്ങിയവക്കാണ് മുന്‍ഗണന. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ മാത്രം 1581 പേര്‍ ക്രിമിനല്‍ കേസ് പ്രതികളാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തുകയുണ്ടായി. രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന, എം പിമാരും എം എല്‍ എമാരും ഉള്‍പ്പെട്ട 4835 അംഗ ഇലക്ട്രല്‍ കോളജില്‍ 1448 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ടെന്നാണ് “നാഷനല്‍ ഇലക്ഷന്‍ വാച്ച്” നടത്തിയ പഠനത്തില്‍ വ്യക്തമായത്. ബലാത്സംഗം, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, കളളക്കടത്ത് തുടങ്ങിയ ഗൗരവകരമായ കുറ്റകൃത്യങ്ങളാണ് ഇവരില്‍ 641 പേര്‍ക്കെതിരെയും ചുമത്തപ്പെട്ടത്. കുറ്റവാളികളായ രാഷ്ട്രീയക്കാര്‍ മത്സരിക്കുന്നതിന് വിലക്ക് കര്‍ക്കശമാക്കിയെങ്കില്‍ മാത്രമേ ഇത് പരിഹരിക്കപ്പെടൂ.
ക്രിമിനല്‍ കേസുകളില്‍ രണ്ട് വര്‍ഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചവര്‍ക്ക് ആറ് വര്‍ഷത്തെ വിലക്കാണ് നിലവിലുള്ളത്. ഇത് ആജീവനാന്ത വിലക്കായി ഉയര്‍ത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും ലോ കമ്മീഷനും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍, രാഷ്ട്രീയം ക്രിമിനല്‍ മുക്തമാക്കുന്നതിനെ പിന്തുണക്കുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ കക്ഷികളോ സര്‍ക്കാറോ ഈ നിര്‍ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. നിര്‍ദേശം നടപ്പിലായാല്‍ മിക്ക പാര്‍ട്ടികളിലെയും പല പ്രബലന്മാര്‍ക്കും സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെടുമെന്നതാണ് കാരണം.

നിയമം ലംഘിക്കുന്നവര്‍ തന്നെ നിയമകര്‍ത്താക്കളാകുമ്പോള്‍ കളങ്കപ്പെടുന്നത് ജനാധിപത്യത്തിന്റെ മഹിത കേന്ദ്രങ്ങളായ പാര്‍ലിമെന്റിന്റെയും നിയമസഭകളുടെയും യശസ്സാണ്. രാഷ്ട്രീയ സംവിധാനത്തെ ക്രിമിനല്‍ സ്വാധീനത്തില്‍ നിന്ന് മോചിപ്പിച്ചു രാജ്യത്തെ നിയമനിര്‍മാണ സഭകളുടെ കുലീനത വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത പലരും ഉണര്‍ത്തിയതാണ്. ഇലക്ഷന്‍ കമ്മീഷനും നീതിന്യായ സംവിധാനവും ഇതിനായി മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങളോട് സര്‍ക്കാര്‍ പുറം തിരിഞ്ഞു നില്‍ക്കുന്നതാണ് പ്രശ്‌നം. കോടതിയുടെ പുതിയ നിര്‍ദേശം തന്നെ സര്‍ക്കാര്‍ അട്ടിമറിച്ചു കൂടായ്കയില്ല. ജനാധിപത്യ സംവിധാനം കുറ്റമറ്റ രീതിയില്‍ നിലനിന്നു കാണണമെന്നാഗ്രഹിക്കുന്ന പൊതുസമൂഹം ഉണരുക മാത്രമാണ് ഇതിനുള്ള പരിഹാരം.

---- facebook comment plugin here -----

Latest