വടിയും കണ്ണുരുട്ടലും

Posted on: November 3, 2017 6:09 am | Last updated: November 10, 2017 at 8:37 pm
SHARE

കുട്ടിക്കുറ്റവാളികള്‍ പെരുകുന്നു എന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അമ്പത് ശതമാനമാണ് വര്‍ധന. കൊലപാതക ശ്രമം, കവര്‍ച്ച, ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങി സൈബര്‍ തിന്മകളില്‍ വരെ കുട്ടിക്കുറ്റവാളികള്‍ പെരുകുകയാണ്. നിലവിലെ കൊടും ക്രിമിനലുകളില്‍ പലരും കുട്ടിക്കാലത്തേ തന്നെ കുറ്റകൃത്യങ്ങളില്‍ പ്രതികളായിരുന്നുവെന്നറിയുമ്പോള്‍, സാമൂഹിക നീതിവകുപ്പിന് കീഴിലുള്ള നല്ല നടപ്പ് പരിശീലന കേന്ദ്രങ്ങളില്‍ നിന്നുള്ള പരിശീലനവും ഫലം ചെയ്യുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

കുട്ടികളില്‍ നന്മയും തിന്മയുമായ ഒട്ടേറെ വാസനകള്‍ ഉണ്ടാകും. ഇതില്‍ നല്ലതിനെ വളര്‍ത്തിയെടുത്തും ചീത്തയെ പറിച്ചുമാറ്റിയും അവരെ അച്ചടക്കവും അനുസരണയുമുള്ളവരാക്കി മാറ്റിയെടുക്കണം. മക്കളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ തിരിച്ചറിഞ്ഞുവേണം അവരെ നല്ല ശീലങ്ങള്‍ പരിശീലിപ്പിക്കാന്‍. ആറ് വയസ്സ് കഴിഞ്ഞത് മുതല്‍ പത്ത് വരെയുള്ള പ്രായം പരിശീലനത്തിന്റെ ഘട്ടമാണ്. സ്‌നേഹാര്‍ദ്രമായ സമീപനം സ്വീകരിച്ചാല്‍ ഏത് നല്ല കാര്യവും ഈ പ്രായത്തില്‍ കുട്ടികളെ പരിശീലിപ്പിക്കാന്‍ സാധിക്കും. ‘ഏഴ് വയസ്സായാല്‍ നിങ്ങള്‍ കുട്ടികളെ നിസ്‌കാരം പരിശീലിപ്പിക്കുക’ എന്ന തിരുവചനം ശ്രദ്ധേയമാണ്. ഈ പ്രായത്തിലോ ഇതിന് മുമ്പോ കുട്ടികളെ അടിക്കാന്‍ പാടില്ല. പെരുമാറ്റ ശാസ്ത്രത്തെ സംബന്ധിച്ച രക്ഷിതാക്കളുടെ അജ്ഞതയാണ് കുട്ടികളെ തല്ലി പഠിപ്പിക്കുന്ന രീതി സ്വീകരിക്കാന്‍ കാരണം.
ആദരവ്, സ്‌നേഹം, ഭയം എന്നീ മൂന്ന് കാരണങ്ങള്‍ കൊണ്ടും അനുസരണവും അച്ചടക്കവും ഉണ്ടാകും. കുട്ടികള്‍ പറയുന്നത് രക്ഷിതാക്കള്‍ അനുസരിക്കുന്നതും വാങ്ങിക്കൊടുക്കുന്നതും സ്‌നേഹം കൊണ്ടാണ്. രക്ഷിതാക്കളെ കുട്ടികള്‍ അനുസരിക്കുന്നത് ആദരവ് കൊണ്ടാകണം. ഭയം കൊണ്ടാകുന്ന അനുസരണക്ക് ദീര്‍ഘായുസ്സ് ഉണ്ടാകില്ല. അതുകൊണ്ട് തന്നെ കുട്ടികളെ ഭയപ്പെടുത്തിയല്ല, അനുസരണയുള്ളവരാക്കേണ്ടത്.

ഈ പ്രായത്തില്‍ കുട്ടികളെ ഭയപ്പെടുത്തുന്നത് കൊണ്ട് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവാനിടയുണ്ട്. ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം എന്നിവ വര്‍ധിക്കുകയും രക്തസഞ്ചാരം കൂടുകയും ചെയ്യും. ചിന്താശക്തി നശിക്കാനും മനസ്സിലുള്ള കാര്യങ്ങള്‍ മറന്നുപോകാനും ഇത് കാരണമാകും. ഇതിനു പുറമെ സ്വതന്ത്രമായ ശാരീരിക വളര്‍ച്ചയെ ഇത് പ്രതികൂലമായി ബാധിക്കുകയും ഭീരുക്കളായി വളരാന്‍ ഇടയാക്കുകയും ചെയ്യും. ഇതുകൊണ്ടാണ് ബാലാവകാശ കമ്മീഷന്‍ സ്‌കൂളുകളിലും മറ്റു പാഠശാലകളിലും വടി ഉപയോഗിക്കുന്നത് നിരോധിച്ചത്.
ചെറുപ്പത്തിലേ ഭയത്തിന്റെ നിഴലില്‍ വളരേണ്ടിവന്നവര്‍ക്ക് ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കില്ല. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനോ ഒരു ഇന്റര്‍വ്യൂവിന് അറ്റന്റ് ചെയ്യാനോ ധൈര്യമുണ്ടാകില്ല. ഏഴ് മുതല്‍ പത്ത് വയസ്സ് വരെയുള്ള ഘട്ടത്തില്‍ കുട്ടികളിലെ നല്ല സ്വഭാവങ്ങള്‍ കണ്ടെത്തി അതിന്റെ പേരില്‍ അഭിനന്ദിക്കുകയും പ്രോത്സാഹനം നല്‍കുകയുമാണ് വേണ്ടത്. ഇമാം ഗസ്സാലി(റ) പറയുന്നു: കുട്ടികളില്‍ നിന്നു നല്ല പ്രവര്‍ത്തനമോ സ്തുത്യര്‍ഹമായ പെരുമാറ്റമോ കണ്ടുകഴിഞ്ഞാല്‍ അവരെ പ്രത്യേകം പരിഗണിക്കുകയും സന്തോഷത്തിന് വല്ലതും സമ്മാനിക്കുകയും ജനമധ്യത്തില്‍ വെച്ച് അനുമോദിക്കുകയും ചെയ്യണം(ഇഹ്‌യാഅ് 3, 73)

പത്ത് വയസ്സിന് ശേഷം കുട്ടികളെ ആവശ്യമായാല്‍ ഭയപ്പെടുത്തേണ്ടിവരും. ഇതുകൊണ്ട് നേരത്തെ പറഞ്ഞ പ്രത്യാഘാതങ്ങളുണ്ടാവുകയില്ല. അതിനെ തരണം ചെയ്യാനുള്ള ശാരീരികവും മാനസികവുമായ കരുത്ത് പത്ത് വയസ്സ് പിന്നിടുന്നതോടെ കുട്ടികള്‍ ആര്‍ജിച്ചെടുത്തിട്ടുണ്ടാകും. ‘പത്ത് വയസ്സായാല്‍ സ്വയം നിസ്‌കരിക്കാത്ത കുട്ടിയെ നിങ്ങള്‍ അടിക്കുക’ എന്ന തിരുവചനം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ പരിഗണിച്ചുകൊണ്ട് തന്നെ പറഞ്ഞതാണ്.
ഒരു പ്രായത്തിലും കുട്ടികളുടെ നേരെ കണ്ണുരുട്ടാനോ വടിയെടുക്കാനോ ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കാനോ പാടില്ല എന്ന് പറഞ്ഞാല്‍ അത് അച്ചടക്കമില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കലായിരിക്കും. ഇത് ഭാവിയില്‍ ആരെയും ഭയക്കാത്ത കുട്ടിക്കുറ്റവാളികളെയാവും സമൂഹത്തിനു സമ്മാനിക്കുക.

നിശ്ചിത പ്രായമായാല്‍ ചെറിയ തോതില്‍ ശിക്ഷിച്ചു അച്ചടക്ക നടപടിയെടുത്തു മക്കളെ വളര്‍ത്തുന്ന രീതി മനുഷ്യരില്‍ മാത്രമല്ല, ഇതര ജീവികളില്‍ വരെ നമുക്ക് കാണാന്‍ സാധിക്കുന്ന കാര്യമാണ്. കോഴിയമ്മ എത്ര ജാഗ്രതയോടെയും സ്‌നേഹത്തോടെയുമാണ് അതിന്റെ മക്കളെ വളര്‍ത്തുന്നത്? ആഹാരം ലഭിച്ചാല്‍ അത് പൂര്‍ണമായും മക്കള്‍ക്ക് ചികഞ്ഞിട്ടുകൊടുക്കുകയാണ്. എന്നാല്‍, മക്കള്‍ സ്വയംപര്യാപ്തരായി എന്ന് തോന്നിയാല്‍ തള്ളക്കോഴി ചികഞ്ഞിട്ടതു തിന്നാന്‍ വന്നാല്‍ അവരെ കൊത്തി ഓടിക്കുന്നത് കണ്ടിട്ടില്ലേ? ഇത് കുട്ടികളുടെ ഗുണത്തിന് വേണ്ടിയുള്ള ചെറിയൊരു ശിക്ഷയാണ്. എന്നും തള്ളയെ തന്നെ ആശ്രയിച്ചാല്‍ തന്റെ കാലശേഷം നിനക്ക് ജീവിക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് ഇവിടെ ചെറിയൊരു ശിക്ഷയിലൂടെ കൈമാറുന്നത്.
ഇതുപോലെയുള്ള അച്ചടക്ക നടപടികളൊന്നും രക്ഷിതാക്കളോ അധ്യാപകരോ തീരെ സ്വീകരിക്കാന്‍ പാടില്ല എന്നും കുട്ടികള്‍ പരാതിപ്പെട്ടാല്‍ സ്വന്തം മാതാപിതാക്കളും അധ്യാപകരും ലോക്കപ്പിലാകുമെന്നും വരുമ്പോള്‍ ഇതുണ്ടാക്കുന്ന സാമൂഹിക ശാസ്ത്രപരവും കുടുംബപരവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കേണ്ടതുണ്ട്. ബാലാവകാശ സംരക്ഷണ നിയമത്തിന്റെ മറവില്‍ രക്ഷിതാക്കളും അധ്യാപകരും ഭീതിയുടെ നിഴലില്‍ കഴിയേണ്ടിവരുന്നത് ആശാവഹമല്ല. മറ്റുള്ളവരെ ദ്രോഹിക്കാന്‍ വേണ്ടിയും ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്.
ബുദ്ധിയും വിവേകവുമുള്ള ഒരു രക്ഷിതാവും അധ്യാപകനും കുട്ടികളെ മൃഗീയമായി ശിക്ഷിക്കില്ല. മദ്യപാനികളും ക്രിമിനല്‍ മനോഭാവമുള്ളവരും കുട്ടികളോട് കാണിക്കുന്ന ഒറ്റപ്പെട്ട ക്രൂരതകള്‍ ചൂണ്ടിക്കാണിച്ച് സ്വന്തക്കാരും ഗുണകാംക്ഷികളുമായവര്‍ നന്മ ഉദ്ദേശിച്ച് സ്വീകരിക്കുന്ന അച്ചടക്ക നടപടികളെ പൂര്‍ണമായും നിയമവിരുദ്ധമായി ചിത്രീകരിക്കുന്നത് ഏതായാലും ഗുണത്തിനല്ല.

LEAVE A REPLY

Please enter your comment!
Please enter your name here