ശൈഖ് സുല്‍ത്താന്‍ അക്ഷര കവാടം തുറന്നു; പുസ്തക വിസ്മയം തേടി ആയിരങ്ങള്‍

Posted on: November 2, 2017 8:11 pm | Last updated: November 2, 2017 at 8:11 pm
SHARE
സാംസ്‌കാരിക വ്യക്തിത്വ പുരസ്‌കാരം ഈജിപ്ത് മുന്‍ സാംസ്‌കാരിക മന്ത്രി ഡോ. മുഹമ്മദ്
സാബര്‍ അറബിന ശൈഖ് സുല്‍ത്താന്‍ സമ്മാനിക്കുന്നു.

ഷാര്‍ജ: അക്ഷരസ്‌നേഹികളെ ആഹ്ലാദത്തേരിലേറ്റി ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്കു ഉജ്വല തുടക്കം. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇന്നലെ രാവിലെ കവാടം തുറന്നപ്പോള്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഇനിയുള്ള പത്തു ദിവസം ഷാര്‍ജ എക്‌സ്‌പോ സെന്ററിലേക്ക് ആസ്വാദകരുടെ നിലക്കാത്ത പ്രവാഹമായിരിക്കും. പുസ്തകോത്സവത്തിന് ഇത് 36ാം വര്‍ഷം. സിറാജ് പവലിയനില്‍ അടക്കം മിക്ക ഇടങ്ങളിലും ആദ്യ ദിവസം തന്നെ കനത്ത തിരക്കായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാധ്യമ പട തന്നെ എത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ പുസ്തകോത്സവം ചരിത്ര സംഭവമാകുമെന്നു ബുക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കദ് അല്‍ ആമിരി പറഞ്ഞു. ഇന്ത്യന്‍ പങ്കാളിത്തം വിശേഷിച്ചു കേരള പങ്കാളിത്തം അതിശയിപ്പിക്കുന്നുവെന്നും ആമിരി പറഞ്ഞു.

ജനപങ്കാളിത്തത്തില്‍ ലോകത്തെ മൂന്നാമത്തെ പുസ്തകമേളയാണിത്. ബാള്‍റൂമില്‍ പുരസ്‌കാര ദാന ചടങ്ങോടെയാണ് തുടങ്ങിയത്. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച രാജ്യാന്തര പുസ്തക പ്രസാധക പ്രസാധക പുരസ്‌കാരം മാതൃഭൂമി നേടി. എം ഡി ശ്രേയാംസ് കുമാര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ശൈഖ് സുല്‍ത്താന്‍ വിവിധ ഹാളുകളിലെത്തി പ്രദര്‍ശനം കണ്ടു.

തലേ ദിവസം വൈകിട്ട് ഒരുക്കങ്ങള്‍ വിലയിരുത്താനും ഇന്നലെ വൈകിട്ട് പ്രകാശനങ്ങള്‍ക്കും ശൈഖ് സുല്‍ത്താന്‍ എത്തി. നിരവധി ശൈഖുമാരും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇടതടവില്ലാതെ എത്തിക്കൊണ്ടിരുന്നു.
ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉച്ചയോടെ വേദിയിലെത്തി. ഇത്തവണ പുതുതായി പണി കഴിപ്പിച്ച ഹാളിലാണ് ഇന്ത്യന്‍ പ്രസാധകര്‍.
വിവിധ ഭാഷകളിലായി ഒന്നര ലക്ഷത്തിലേറെ ശീര്‍ഷകങ്ങളാണ് എത്തിയിരിക്കുന്നത്. പ്രദര്‍ശനത്തിനും വില്‍പനക്കുമൊപ്പം 2,300 വ്യത്യസ്ത സാംസ്‌കാരിക പരിപാടികളാണ് വിവിധ വേദികളിലായി നടക്കുന്നത്. 48 രാജ്യങ്ങളിലെ 390 ഓളം അതിഥികളും എക്സ്പോ സെന്ററിലെ വേദികളിലുണ്ട്. വികാസ് സ്വരൂപ്, സി വി ബാലകൃഷ്ണന്‍, കെ പി സുധീര ആദ്യ ദിവസം എത്തി. എന്റെ പുസ്തകത്തിലൊരു ലോകം’ എന്ന ആശയത്തിലൂന്നിയാണ് ഈ വര്‍ഷത്തെ മേള. യു കെയാണ് വിശേഷ അതിഥിരാഷ്ട്രം. 14,625 ചതുരശ്രമീറ്റര്‍ സ്ഥലമാണ് പ്രദര്‍ശനത്തിനായി സജ്ജീകരിച്ചിരിക്കുന്നത്.