കാമുകനെ വിവാഹം ചെയ്യാന്‍ അനുവദിച്ചില്ല; യുവതി പാലില്‍ വിഷം കലക്കി, കുടിച്ചവരില്‍ 17 പേര്‍ മരിച്ചു

Posted on: November 2, 2017 6:23 pm | Last updated: November 2, 2017 at 6:23 pm
SHARE

മുള്‍ത്താന്‍: കാമുകനെ വിവാഹം ചെയ്യാന്‍ അനുവദിക്കാതെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ച യുവതി പാലില്‍ വിഷം കലക്കി. ഈ പാല്‍ കുടിച്ച കുടുംബത്തിലെ 17 പേര്‍ മരിച്ചു. 10 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍. ഭര്‍ത്താവിനെ വകവരുത്താന്‍ ലക്ഷ്യമിട്ട് യുവതി നടത്തിയ നീക്കമാണ് കൂട്ടമരണത്തില്‍ കലാശിച്ചത്. പാക്കിസ്ഥാനിലെ മുള്‍ത്താനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തില്‍ 21കാരിയായ ആസിയ ബീബിയേയും കാമുകന്‍ ഷാഹിദ് ലഷാരിയെയും പോലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിനെ വകവരുത്തി വിവാഹത്തില്‍ നിന്ന് രക്ഷപ്പെടുക മാത്രമായിരുന്നു യുവതിയുടെ ഉദ്ദേശം. ഇതിനായി ഭര്‍ത്താവിന് പാലില്‍ വിഷം കലക്കി നല്‍കിയെങ്കിലും അദ്ദേഹം കുടിക്കാന്‍ തയ്യാറായില്ല. എന്നാല്‍ വിഷം കലക്കിയ കാര്യം അറിയാതെ ഭര്‍ത്താവിന്റെ മാതാവ് ഈ പാല്‍ ഉപയോഗിച്ച് ലസ്സി തയ്യാറാക്കുകയും കുടുംബത്തിലെ 27 പേര്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു. ഇവരില്‍ 17 പേര്‍ പല ദിവസങ്ങളിലായി മരണത്തിന് കീഴടങ്ങി. പത്ത് പേര്‍ ചികിത്സയിലാണ്.

സെപ്തംബറിലാണ് യുവതി വിവാഹിതയായത്. താന്‍ ഈ വിവാഹത്തിന് സമ്മതിച്ചിരുന്നില്ലെന്നും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നും യുവതി പോലീസിന് മൊഴി നല്‍കി. കാമുകന്റെ നിര്‍ദേശപ്രകാരമാണ് പാലില്‍ വിഷം കലക്കിയതെന്നും യുവതി പറഞ്ഞു. ഇതേതുടര്‍ന്നാണ് കാമുകനെ അറസ്റ്റ് ചെയ്തത്. യുവതിക്ക് വിഷം നല്‍കിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.