തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് സിപിഐ കേന്ദ്ര നേതൃത്വം

Posted on: November 2, 2017 3:42 pm | Last updated: November 2, 2017 at 7:31 pm
SHARE

തിരുവനന്തപുരം: ഭൂമി കൈയേറ്റ ആരോപണത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ ദേശീയ നേതൃത്വം രംഗത്ത്. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ റവന്യൂ മന്ത്രി ശിപാര്‍ശ നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാറില്‍ അഴിമതിക്ക് ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സുധാകര്‍ റെഡ്ഡിയുടെ പ്രസ്താവനക്ക് മറുപടിയുമായി തോമസ് ചാണ്ടി രംഗത്തെത്തി. ഒന്നാമത്തെ അഴിമതിക്കാരന്‍ സുധാകര്‍ റെഡ്ഡിയായിരിക്കുമെന്ന് തോമസ് ചാണ്ടി പറഞ്ഞു. തനിക്ക് അഴിമതി നടത്തേണ്ട കാര്യമില്ല. പാവങ്ങളെ സഹായിക്കുന്നതിനായി പത്ത് വര്‍ഷം കൊണ്ട് 12 കോടി രൂപ ചെലവഴിച്ചുവെന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു.

നേരത്തെ, സിപിഐ സംസ്ഥാന നേതൃത്വവും തോമസ് ചാണ്ടിയും തമ്മില്‍ പലതവണ വാക്കുകൊണ്ട് ഏറ്റുമുട്ടിയിരുന്നു.