ബ്ലാസ്റ്റേഴ്‌സിന് പിന്തുണ തേടി സച്ചിന്‍ മുഖ്യമന്ത്രിയെ കണ്ടു

Posted on: November 2, 2017 1:16 pm | Last updated: November 2, 2017 at 2:00 pm
SHARE

തിരുവനന്തപുരം: ഐഎസ്എല്‍ പുതിയ സീസണിന് മുന്നോടിയായി ക്രിക്കറ്റ് ഇതിഹാസവും കേരള ബ്ലാസ്റ്റേഴ്‌സ് ഉടമയുമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിലെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഭാര്യ അഞ്ജലിയും സച്ചിനൊപ്പമുണ്ടായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് കേരളത്തിലെ ഫുട്‌ബോള്‍ വികസനത്തിനായി ചെയ്യുന്നകാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയോട് വിശദീകരിച്ചതായി സച്ചിന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചതായും സച്ചിന്‍ പറഞ്ഞു. കേരള ജനത ഫുട്‌ബോളിന് നല്‍കുന്ന പിന്തുണയില്‍ ഏറെ നന്ദിയുണ്ട്. കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കിരീടം നേടുക എന്നതിലുപരി മികച്ച കളി പുറത്തെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 17ന് കൊല്‍ക്കത്തയിലാണ് ഐഎസ്എല്‍ നാലാം സീസണ്‍ തുടങ്ങുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ആദ്യ മത്സരം. 24ന് പുതുമുഖ ടീമായ ജംഷഡ്പൂര്‍ എഫ് സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം. ബ്ലാസ്റ്റേഴ്‌സ് ഹോംഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ചാണ് കളി.