Connect with us

National

റായ്ബറേലി എന്‍ടിപിസി പ്ലാന്റ് പൊട്ടിത്തെറി; മരണ സംഖ്യ 26 ആയി

Published

|

Last Updated

റായ്ബറേലി: റായ്ബറേലിയിലെ എന്‍ ടി പിസി താപവൈദ്യുതി നിലയത്തില്‍ ഇന്നലെ വൈകിട്ടുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ച തൊഴിലാളികളുടെ എണ്ണം 26 ആയി. ഗുരുതരമായി പരുക്കേറ്റ നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും സഹായമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം, പൊള്ളലേറ്റവരെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റായ്ബറേലി ജില്ലാ അശുപത്രിയിലെത്തി.

ലക്‌നോവില്‍ നിന്ന് 110 കിലോ മീറ്റര്‍ അകലെ റായ്ബറേലിയിലെ ഉന്‍ചഹാറില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ളതും മൂപ്പത് വര്‍ഷം പഴക്കമുള്ളതുമായ എന്‍ ടി പി സി തെര്‍മല്‍ പ്ലാന്റിലെ ആറാമത്തെ യൂനിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. കഴിഞ്ഞ മാര്‍ച്ച് 31നാണ് ഈ യൂനിറ്റ് കമ്മീഷന്‍ ചെയ്തത്. പ്ലാന്റിന്റെ നീരാവി കടന്നുപോവുന്ന ബോയിലര്‍ പൈപ്പാണ് പൊട്ടിത്തെറിച്ചത്. വെള്ളം ഉയര്‍ന്ന ചൂടില്‍ കടത്തിവിട്ടാണ് ഇവിടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.

സ്‌ഫോടനത്തെ തുടര്‍ന്ന് തീയും പുകയും ഉയര്‍ന്നതിനാല്‍ പ്ലാന്റിനകത്തുണ്ടായിരുന്നവരില്‍ പലര്‍ക്കും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. സ്‌ഫോടനം നടക്കുമ്പോള്‍ 150 ഓളം തൊഴിലാളികള്‍ പ്ലാന്റിലുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും പരുക്കേറ്റവര്‍ക്ക് 25000 രൂപ വീതവും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു.

Latest