അമേരിക്കയില്‍ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

Posted on: November 2, 2017 9:33 am | Last updated: November 2, 2017 at 12:20 pm
SHARE

തോര്‍ണ്‍ടണ്‍ : അമേരിക്കയിലെ കൊളറാഡോ ഡെന്‍വര്‍ നഗരപ്രാന്തത്തിലെ വാള്‍മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ പുരുഷന്മാരാണ്. സ്ത്രീക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം വൈകീട്ടാണ് സംഭവം. ആക്രമി ആരാണെന്ന് അറിവായിട്ടില്ല. ഭീകരാക്രമണമാണോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുന്നു.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ബൈക്ക് പാതയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. ആള്‍ക്കൂട്ടത്തിന് നേരെ ആക്രമി വെടിയുതിര്‍ക്കുകയും ചെയ്തു. വേള്‍ഡ് ട്രേഡ് സെന്ററിന് സമീപം തിരക്കേറിയ ബൈക്ക് പാതയിലേക്കാണ് ഇസില്‍ ബന്ധമാരോപിക്കുന്ന ഉസ്ബക് സ്വദേശി ട്രക്ക് ഇടിച്ചുകയറ്റിയത്. സംഭവത്തില്‍ പത്തിലേറെ പേര്‍ക്ക് പരുക്കേറ്റു.
മരിച്ചവരില്‍ അഞ്ച് പേര്‍ അര്‍ജന്റീനയില്‍ നിന്നുള്ള സുഹൃത്തുക്കളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാരാരും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വ്യക്തമാക്കി. ഉസ്ബക് സ്വദേശി 29കാരനായ സെയ്ഫുല്ല സൈപോവാണ് ആക്രമണം നടത്തിയത്. ഇയാള്‍ക്ക് പിന്നില്‍ ഇസില്‍ തന്നെയാണെന്നാണ് നിഗമനം. ബൈക്ക് പാതയിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സെയ്ഫുല്ലയെ പോലീസ് വെടിവെച്ചുവീഴ്ത്തി. ഗുരുതര പരുക്കേറ്റ ഇയാള്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. വാടകക്കെടുത്ത ട്രക്കാണ് ഇയാള്‍ ആക്രമണത്തിന് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
ഭീകരാക്രമണത്തിന് ഉപയോഗിച്ച ട്രക്കില്‍ നിന്ന് ലഭിച്ച ലഘു ലേഖകളും ദൃക്‌സാക്ഷി മൊഴികളും ആക്രമണത്തിന് പിന്നില്‍ ഇസിലാണെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. വാണിജ്യ ആവശ്യത്തിന് ട്രക്ക് ഉപയോഗിക്കാന്‍ ഇയാള്‍ക്ക് ലൈസന്‍സുണ്ട്.

ഉസ്ബക് സ്വദേശിയാണെങ്കിലും 2010 മുതല്‍ സെയ്ഫുല്ല ഫ്‌ളോറിഡയിലാണ് താമസിച്ചുവരുന്നത്. ന്യൂജഴ്‌സിയില്‍ നിന്ന് അടുത്ത കാലത്ത് ഫ്‌ളോറിഡയിലേക്ക് താമസം മാറിയ ഇയാളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെയും പല കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സെയ്ഫുല്ല സൈപോവിന് കോടതി പിഴ വിധിച്ചിരുന്നു. ഗതാഗത നിയമം ലംഘിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാനുള്ള ഉത്തരവ് ലംഘിച്ചതിനായിരുന്നു പിഴ. എന്നാല്‍, ഇയാള്‍ കോടതിയില്‍ നേരിട്ട് ഹാജരാകാതെ ഓണ്‍ലൈനില്‍ പിഴ അടക്കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here