പുതിയ രാഷ്ട്രപിതാക്കന്മാരുടെ വരവ്

Posted on: November 2, 2017 6:59 am | Last updated: November 1, 2017 at 11:08 pm
SHARE

അധികാരത്തിന്റെ കുറുക്കു വഴി തേടുന്നവര്‍ രാജ്യത്ത് നുണകള്‍ക്ക് വെള്ളമൊഴിക്കുകയും അത് പടര്‍ത്തുകയും ചെയ്യുകയാണ്. അങ്ങനെ അവര്‍ ജനാധിപത്യ വ്യവസ്ഥയെ ചൂഷണം ചെയ്യുകയും അവരുടെ നിലപാടുകളെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന ബി ജെ പിയുടെ രാഷ്ട്രീയം പച്ച പിടിച്ചത് തന്നെ നുണകള്‍ പ്രചരിപ്പിച്ചാണ്. പുതിയ ‘രാഷ്ട്രപിതാക്കന്മാരുടെ’ പട്ടിക ഇറക്കുമതി ചെയ്തു കൊണ്ടിരിക്കുകയാണിപ്പോഴവര്‍. പുതിയ രാജ്യസ്‌നേഹികളെ പറ്റി സംസാരിക്കുകയും പറയുകയും ചെയ്യുന്നത് ബി ജെ പിയുടെ അധികാരം പുഷ്ടിപ്പെടുത്താനാണ്. അങ്ങനെ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സംഘ്ബന്ധുക്കളുടെ രാജ്യസ്‌നേഹ കുറിപ്പുകള്‍ നമ്മള്‍ പഠിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നരുടെ ഉദ്ദേശ്യം ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥക്ക് തീ കൊളുത്തലാണ്.

ജനസംഘം സ്ഥാപക നേതാവും ആര്‍ എസ് എസ് താത്വികാചാര്യനുമായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്‍മശതാബ്ദി ആഘോഷം സ്‌കൂളുകളില്‍ വിപുലമായി നടത്താന്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാവിവത്കരണം ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ദീന്‍ദയാല്‍ ജന്‍മശതാബ്ദി രാജ്യത്തുടനീളം ആഘോഷിക്കുകയെന്നത് ആര്‍ എസ് എസിന്റേയും ബി ജെ പിയുടേയും മുഖ്യ അജന്‍ഡകളിലൊന്നാണ്. ദീന്‍ ദായാലിനെ ഗാന്ധിജിയുടെ തുടര്‍ച്ചക്കാരനായിട്ടാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. അഹിംസയുടെ പ്രചാരകനായ ഗാന്ധിജിയിലേക്ക് സംഘ്പരിവാര്‍ ഹിംസാത്മക രാഷ്ട്രീയത്തിന്റെ സ്ഥാപകനേതാവായ ഇദ്ദേഹത്തെ ഒപ്പം ചേര്‍ക്കുന്നു. അസംബദ്ധമായ ന്യായീകരണങ്ങളാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. എന്നാല്‍, ഒരു വര്‍ഗീയ പാര്‍ട്ടിയുടെ സ്ഥാപക നേതാവിനപ്പുറം എന്ത് യോഗ്യതയാണ് ദീന്‍ ദയാല്‍ ഉപാധ്യായക്കുള്ളത്? ദീന്‍ ദയാലിന്റെ ചരിത്രം എന്ത് കൊണ്ട് വായിക്കണമെന്ന ചോദ്യത്തിന് ബി ജെ പിക്കും ആര്‍ എസ് എസിനും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയുന്നില്ല.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കോഴിക്കോട് ചേര്‍ന്ന ബി ജെ പിയുടെ ദേശീയ നിര്‍വാഹക സമിതിയാണ് ദീന്‍ദയാലിന്റെ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കിയത്. ജന്‍മശതാബ്ദി ആഘോഷം വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പാക്കാനുള്ള ബി ജെ പി തീരുമാനം ഗൗരവത്തില്‍ കാണേണ്ടതുണ്ട്. വിദ്യാര്‍ഥിമനസ്സുകളില്‍ ആര്‍ എസ് എസ് നേതാവിന് ഇടം നല്‍കാനും അവരുടെ മനസ്സില്‍ നിന്ന് ഗാന്ധിജിയെയും നെഹ്‌റുവിനെയുമെല്ലാം ഒഴിവാക്കാനും കൂടിയാണിത്. ഇനി ദീന്‍ദയാലിന്റെ ‘ചരിത്ര പോരാട്ടങ്ങള്‍’ കൂടി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് പൂര്‍ണമാകും. ഗാന്ധിജിയോട് ഉപമിച്ച നിലക്ക് സ്‌കൂളുകളില്‍ അടുത്തവര്‍ഷം ഗാന്ധി ജയന്തിയോടൊപ്പം ഇനി ദീന്‍ദയാല്‍ ജന്‍മദിനം കൂടി ആഘോഷിക്കുകയുമാകാം.

സംഘ് ബന്ധുക്കള്‍ക്ക് അനുകൂലമായി എല്ലാവരും സംസാരിക്കണമെന്ന് പറയുന്നത് ഹിന്ദുത്വവത്കരണം ലക്ഷ്യമിട്ടാണ്. ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ ഒന്‍പതിലും പത്തിലും വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ബി ജെ പി നേതൃത്വം പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ ഗാന്ധിജിക്കും നെഹ്‌റുവിനും പോലും ഇടം നല്‍കാത്തത് ചരിത്രം മറച്ചുവെക്കാനാണ്. രാജ്യത്തെ പൊതു ഇടങ്ങള്‍ പോലും ആര്‍ എസ് എസ് വത്കരണം നടപ്പിലാക്കുന്ന ഭരണകൂടത്തിന്റെ നടപടികള്‍ ഇന്ത്യന്‍ ബഹുസ്വരതക്ക് നിരക്കാത്തതും ജനാധിപത്യ വിരുദ്ധവുമാണ്. രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളുമെല്ലാം സംഘ്പരിവാര്‍ അധീനതയില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വ്യാപകമാണ്. സ്ഥലനാമങ്ങള്‍ ആര്‍ എസ് എസ് താത്പര്യങ്ങള്‍ക്കനുസരിച്ച് പുനര്‍നാമകരണം ചെയ്യാനുള്ള നീക്കം നടക്കുന്നു.

ദീന്‍ ദയാല്‍ ആര്‍ എസ് എസിനും സംഘ്പരിവാറിനും വലിയ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടാകാം. പക്ഷേ, അദ്ദേഹം രാജ്യത്തിന് വേണ്ടി എന്തൊക്കെ ചെയ്തുവെന്ന് ബി ജെ പി വ്യക്തമാക്കണം. വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വക്താവും ഹിംസാത്മത രാഷ്ട്രീയത്തിന്റെ പ്രചാരകനുമായ ദീന്‍ ദയാലിനെ എങ്ങനെയാണ് മറ്റുള്ളവര്‍ക്കു മുമ്പില്‍ രാജ്യ സ്‌നേഹിയായി ബി ജെ പിക്ക് പരിചയപ്പെടുത്താന്‍ കഴിയുക? ആര്‍ എസ് എസ് എന്നും പറഞ്ഞു കൊണ്ടിരുന്നത് ഹിംസാത്മക രാഷ്ട്രീയമാണ്. മുസ്‌ലിം ചുവയുള്ള സ്ഥലപ്പേരുകള്‍ മറ്റുപേരുകളിലേക്ക് മാറ്റുന്നത് ആര്‍ എസ് എസിന്റെ വിധ്വംസക രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ്. രാജ്യത്തെ വിവിധ സ്ഥലങ്ങളുടെ പേരുകള്‍ ആര്‍ എസ് എസ് താത്പര്യങ്ങളനുസരിച്ച് തിരുത്തിയെഴുതുകയാണ്. ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തിന് ദീന്‍ ദയാല്‍ പോര്‍ട്ട് എന്ന പേരിടാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത് ഇക്കഴിഞ്ഞ സെപ്തംബറിലായിരുന്നു. ഉത്തര്‍പ്രദേശിലെ പ്രശസ്തമായ മുഗള്‍സരായ് റെയില്‍വേ സ്റ്റേഷന്റെ പേരുമാറ്റി ദീന്‍ദയാലിന്റെ പേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. രാജസ്ഥാനിലെ 35 സര്‍ക്കാര്‍ ലൈബ്രറികളുടെ പേരുകള്‍ വെട്ടിത്തിരുത്തി ദീന്‍ദയാലിന്റെ പേരിടുകയും ഹെഡ്‌ഗേവാറടക്കമുള്ള 73 ആര്‍ എസ് എസ് നേതാക്കളുടെ ജീവചരിത്രങ്ങള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ എത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നി പ്രഖ്യാപിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. രാജ്യത്ത് സംഘ്പരിവാര്‍ അധികാരോഹണം നടത്തിയത് മുതലുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങളാണിതൊക്കെ.

രണ്ട് സീറ്റില്‍ നിന്ന് 1991ലെ പൊതുതിരഞ്ഞെടുപ്പില്‍ 117 സീറ്റിലേക്ക് ബി ജെ പി എത്തിയത് സംഘ്പരിവാര്‍ കൊളുത്തിവിട്ട വര്‍ഗീയ പ്രചാരണങ്ങളിലൂടെയായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തത് ആഘോഷമാക്കിയ ഉമഭാരതിയും എല്‍ കെ അഡ്വനിയുമെല്ലാം ഇന്നും സംഘ്പരിവാറിന്റെ നുണകള്‍ക്ക് വെള്ളമൊഴിക്കാന്‍ നടക്കുകയാണ്.

ബി ജെ പിയുമായി പോരാട്ടം നടത്തുന്ന ഇടതുപക്ഷത്തിന് എന്ത് കൊണ്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ കരുത്ത് നേടി മുന്നേറാന്‍ പറ്റുന്നില്ലെന്നത് ആലോചനാ വിഷയമാകേണ്ടതുണ്ട്. കേരളത്തിനെതിരെ ബി ജെ പി നേതാക്കള്‍ നടത്തുന്ന കുപ്രാചരണങ്ങളെല്ലാം ഇവിടെ ഇടതുപക്ഷം ഭരിക്കുന്നത് കൊണ്ടാണെന്നുള്ളത് പച്ചയായ യാഥാര്‍ഥ്യമാണ്. ആര്‍ എസ് എസിനെ വിമര്‍ശിക്കുന്ന കാര്യത്തിലും ആര്‍ എസ് എസിനെതിരെ പോരാടുന്ന കാര്യത്തിലും സി പി എം നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ ഒരു പടി മുന്നിലാണ്.
കൂടുതല്‍ ഊര്‍ജം കൈവരിച്ചില്ലെങ്കില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെല്ലാം ബി ജെ പി അക്കൗണ്ടിലാകും. ചരിത്രം മൂര്‍ച്ചയേറിയ ആയുധമാണെന്ന് ബി ജെ പി മനസ്സിലാക്കുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിലെ നേതാക്കന്മാരുടെ ഇടമാണ് ആര്‍ എസ് എസ് സ്ഥാപക നേതാവ് ദീന്‍ദയാലിനൊക്കെ അവര്‍ പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ രാജ്യസഭയിലെത്താതിരിക്കാന്‍ ബി ജെ പി കാട്ടിയ ശ്രമങ്ങളും കുറുക്കുവഴികളും ചെറുതൊന്നുമല്ല. കോണ്‍ഗ്രസ് നേതാക്കളാരും പാര്‍ലിമെന്റ് കാണാന്‍ പാടില്ലെന്ന് നിര്‍ബന്ധം പിടിക്കുന്ന അമിത് ഷായുടെ കളികള്‍ മനസ്സിലാക്കാതെ ബി ജെ പിക്കെതിരെ പ്രതികരിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പിന്നാക്കം പോകുന്നത് അപകടകരമാണ്. ചരിത്രം വെട്ടിത്തിരുത്തി ഹിന്ദുത്വ രാഷ്ട്രീയും രാജ്യത്തെ എവിടെ കൊണ്ടുചെന്നെത്തിക്കും എന്ന് കണ്ടറിയണം. ഇന്ത്യയിലെ ബഹുസ്വര സമൂഹത്തിന്റെ നിലനില്‍പ്പിനെ പോലും അത് ബാധിക്കും. രാജ്യം സംഘ്പരിവാറിന് തീറെഴുതി തന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി ഉറക്കെ പറയേണ്ട സന്ദര്‍ഭമാണിത്. സംഘ്പരിവാര്‍ കൊളുത്തി വിടുന്ന വര്‍ഗീയ ആശയങ്ങളെല്ലാം ജനാധിപത്യത്തിന് എന്നും കളങ്കമുണ്ടാക്കിയിട്ടേ ഉള്ളൂ. ജനാധിപത്യത്തിന്റെ എല്ലാ വഴികളെയും തിരഞ്ഞെടുത്ത് ആര്‍ എസ് എസ് തങ്ങളുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ജനാധിപത്യത്തിന് തീ കൊളുത്തുന്ന വിധ്വംസക രാഷ്ട്രീയത്തിന്റെ പ്രതി രൂപമാണിതെന്ന് മനസ്സിലാക്കണം. അധികാരത്തില്‍ കടിച്ചുതൂങ്ങി വര്‍ഗീയതക്ക് വളമിടുകയും അതുവഴി ജനാധിപത്യവാദികളെ അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന ബി ജെ പിയുടെ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചറിയാതെ പോകരുത്. കോണ്‍ഗ്രസ് ബി ജെ പി ഭരിക്കുന്ന 19 സംസ്ഥാനങ്ങളില്‍ കൂടുതല്‍ കരുത്ത് നേടുന്നതില്‍ ശ്രദ്ധ പതിപ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here