Connect with us

Editorial

വൈകിയെത്തിയ വിവേകം

Published

|

Last Updated

ആധാര്‍ വിവരങ്ങള്‍ സ്വകാര്യതയുടെ ലംഘനമാണെന്ന അഭിപ്രായം ശക്തിപ്പെട്ടു വരുന്നതിനിടെ അത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര തീരുമാനത്തിനെതിരെ ബി ജെ പി നേതാവ് സുബ്രഹ്മണ്യ സ്വാമിയും രംഗത്ത് വന്നിരിക്കുകയാണ്. ആധാര്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വാമി തീരുമാനത്തെ രൂക്ഷമായി എതിര്‍ക്കുന്നത്. അമേരിക്കന്‍ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള വിവര ശേഖരണം സുരക്ഷിതമല്ലെന്നും വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നുമാണ് സ്വാമിയുടെ പക്ഷം. മോദിക്ക് കത്തെഴുതുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്യുകയുണ്ടായി.

ആധാര്‍ വിവരങ്ങള്‍ ചോരുന്ന വാര്‍ത്തകള്‍ അടിക്കടി പുറത്തുവന്നു കൊണ്ടിരിക്കുന്നത് സ്വാമിയുടെ ഈ വാദത്തിന് ബലമേകുന്നു. സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലുടെ 13 കോടിയോളം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്ന വിവരം പുറത്തുവന്നത് അടുത്തിടെയാണ്. കേന്ദ്ര വിവരാവകാശ സഹമന്ത്രി പി പി ചൗധരി തന്നെ ലോക്‌സഭയില്‍ ഇക്കാര്യം സമ്മതിച്ചതുമാണ്. അബദ്ധത്തിലാണ് ഇത് സംഭവിച്ചതെന്നാണ് സര്‍ക്കാര്‍ ന്യായീകരണം. അമേരിക്കന്‍ ചാരസംഘടന സി ഐ എക്കുവേണ്ടി, ഇന്ത്യയിലെ ഒരോ പൗരന്റേയും ആധാര്‍വിവരങ്ങള്‍ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് ചോര്‍ത്തിയതായി വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു. ബയോമെട്രിക് കാര്‍ഡ് ആയ ആധാര്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്ത യു എസിലെ ക്രോസ് മാച്ച് ടെക്‌നോളജീസിലൂടെയാണ് സൈബര്‍ ചാരവൃത്തി നടത്തിയത്. വിരലടയാളമടക്കമുള്ള ബയോമെട്രിക് സ്‌കാനിംഗ് സംവിധാനം ക്രോസ് മാച്ച് ടെക്‌നോളജീസിലൂടെയാണ് ശേഖരിച്ചിരുന്നത്. എക്പ്രസ്‌ലെന്‍ എന്ന രഹസ്യവിവരം ചോര്‍ത്തുന്ന ഒരു സംവിധാനം സി ഐ എ സാങ്കേതികവിഭാഗത്തിന്റെ പക്കലുണ്ട്. ഇതുവഴി ലോകത്ത് സൂക്ഷിക്കുന്ന ബയോമെട്രിക് വിവരങ്ങള്‍ സി ഐ എക്ക് ചോര്‍ത്താനാകുമെന്നാണ് വിക്കിലീക്‌സിന്റെ കണ്ടത്തല്‍. ക്രോസ് മാച്ച് ടെക്‌നോളജീസ് ആണ് ആധാര്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുവേണ്ടി സര്‍ക്കാറിന്റെ സമിതിക്ക് ബയോമെട്രിക്ക് സംവിധാനം ഒരുക്കി നല്‍കിയതെന്നതിനാല്‍ വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍ ശരിയാവാനിടയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച രാജ്യസുരക്ഷക്ക് മാത്രമല്ല ഭീഷണി. ഫോണ്‍നമ്പര്‍, ബേങ്ക് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ വിവരങ്ങള്‍ എന്നിവ മറ്റൊരാള്‍ക്ക് അറിയാന്‍ കഴിയുന്നത് വ്യക്തിയെ സംബന്ധിച്ചിടത്തോളം മറ്റു പലതരത്തിലും ഭീഷണിയാണ്. ഇന്ത്യയില്‍ മാത്രമല്ല, സാങ്കേതിക മേഖല ഇന്ത്യയെക്കാള്‍ വളര്‍ന്ന രാജ്യങ്ങളില്‍ പോലും പൗരന്മാരെക്കുറിച്ച് സര്‍ക്കാര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ചോരുന്നുണ്ട്. സാങ്കേതിക വിദ്യകളുടെ ഉപയോഗത്തില്‍ സര്‍ക്കാറിനെക്കാള്‍ ഒരു പടി മുമ്പിലായിരിക്കും ചാരന്മാരും രാജ്യവിരുദ്ധ പ്രവര്‍ത്തകരും എപ്പോഴും എവിടെയുമെന്നാണ് അനുഭവം.

വ്യക്തികളുടെ സ്വകാര്യതക്ക് ആഗോള സമൂഹം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 1948ലെ മനുഷ്യാവകാശ പ്രഖ്യാപനം തൊട്ടുള്ള എല്ലാ അന്താരാഷ്ട്ര കരാറുകളും സ്വകാര്യതക്ക് പ്രാമുഖ്യം നല്‍കുന്നുണ്ട്. ആധാറിന്റെ നിയമ സാധുതയെക്കുറിച്ചു സമര്‍പ്പിച്ച കേസില്‍ അടുത്തിടെ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ചും സ്വകാര്യതയെ മൗലികാവകാശമായി പ്രഖ്യാപിക്കുകയുണ്ടായി. അതേസമയം കേന്ദ്ര സര്‍ക്കാറിന്റെ സ്വകാര്യത സംബന്ധിച്ച അഭിപ്രായം അവസരവാദപരമാണ്. വാട്‌സ്ആപ്പ് കേസില്‍ സ്വകാര്യത ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശമെന്ന് അഭിപ്രായപ്പെട്ട കേന്ദ്രസര്‍ക്കാര്‍, ആധാര്‍ കേസിലെത്തിയപ്പോള്‍ വ്യക്തി സ്വകാര്യത ഭരണഘടനാപരമല്ലെന്ന അഭിപ്രായമാണ് മുന്നോട്ട് വെച്ചത്. രണ്ടും രണ്ടു തരത്തിലുള്ള കേസായി പരിഗണിക്കണമെന്നാണ് കേന്ദ്രം പറയുന്നത്. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിതരണം കുറ്റമറ്റതാക്കുകയാണ് ആധാര്‍ നിര്‍ബന്ധവും വ്യാപകവുമാക്കുന്നതിന് പറയുന്ന പ്രത്യക്ഷ കാരണം. അതേസമയം സര്‍ക്കാര്‍ പലവിധത്തിലും വ്യക്തികളുടെ സ്വകാര്യതകളിലേക്ക് കടന്നുകയറുകയും മനുഷ്യാവകാശങ്ങള്‍ അടിക്കടി ലംഘിച്ചു കൊണ്ടിരിക്കുകയും ചെയ്യവെ പൗരന്മാരുടെ സകലമാന വിവരങ്ങളും ശേഖരിച്ചുവെക്കുന്നതിന്റെ അപകടം ചില്ലറയല്ല. അത്തരം വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. എപ്പോഴും തങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടം നയിക്കുന്നത് സ്വകാര്യത കേവലം സ്വപ്‌നമായി മാറിയ ഒരു സമൂഹത്തെയായിരിക്കും. അത്തരമൊരവസ്ഥ രാജ്യത്തെ എത്തിക്കുക തികച്ചും സ്വേച്ഛാധിപത്യ ഭരണത്തിലേക്കായിരിക്കുമെന്ന ചിന്തകനും സാമൂഹിക നിരീക്ഷകനുമായ ജോര്‍ജ് ഓവര്‍ വെല്ലിന്റെ വാക്കുകളിവിടെ പ്രസക്തമാണ്. ഭരണകക്ഷിയില്‍ നിന്ന് തന്നെ ആധാറിനെതിരെ ശബ്ദമുയര്‍ന്നു വരുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതിനകം പൗരന്മാര്‍ ഏറെക്കുറെ ആധാര്‍ എടുക്കുകയും ഫോണ്‍ നമ്പറും ക്രെഡിറ്റ് കാര്‍ഡുമായി അതിനെ ബന്ധിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. സ്വാമിയും മമതാ ബാനര്‍ജിയും മറ്റും ഉയര്‍ത്തിയ വിയോജിപ്പും എതിര്‍പ്പും കുറേക്കൂടി നേരത്തെ വേണ്ടതായിരുന്നു.

Latest