Connect with us

Kerala

ഹാദിയയെ ആരും ഉപദ്രവിക്കുന്നില്ലെന്ന് പോലീസ്

Published

|

Last Updated

തിരുവനന്തപുരം: ഹാദിയക്ക് പോലീസ് പൂര്‍ണ്ണ സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് കോട്ടയം എസ് പി വനിതാകമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. രണ്ട് വനിതാ പോലീസുകാരുടെ നേരിട്ടുള്ള സംരക്ഷണയിലാണ് ഹാദിയ വീട്ടില്‍ കഴിയുന്നതെന്നും പിതാവിന്റെയോ മറ്റുള്ളവരുടെയോ ഉപദ്രവമോ മറ്റ് ദോഷകരമായ പ്രവൃത്തികളോ ഉണ്ടാകാത്ത വിധം സദാ പോലീസ് സുരക്ഷയുണ്ടെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി വി എം  മുഹമ്മദ് റഫീഖ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

ഹാദിയക്ക് പിതാവിന്റെ പീഡനമില്ലെന്നും മയക്കിക്കിടത്താന്‍ മരുന്ന് നല്‍കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. യുവതിയെ പിതാവ് ഉപദ്രവിക്കുന്നുവെന്നും മറ്റുമുള്ള തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് വീട്ടിലെ അവസ്ഥ അറിയില്ല. ഹാദിയയുടെ ഒടുവിലത്തെ സ്ഥിതിഗതികള്‍ ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്. വീടിനു പുറത്ത് പോലീസ് കാവലുണ്ട്.

രാത്രികാലങ്ങളില്‍ വൈക്കം സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ മൊബൈല്‍ പട്രോളിംഗ് ഡ്യൂട്ടിയിലുള്ളവര്‍ സുരക്ഷ നല്‍കുന്നു. വീട് വേമ്പനാട് കായലിന് സമീപമായതിനാല്‍ ബോട്ട് പട്രോളിംഗുമുണ്ട്. കുടുംബം ബന്ധുക്കളുമായും അയല്‍വാസികളുമായി ഇടപഴകിയാണ് ജീവിക്കുന്നതെന്നും സദാസമയം തങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ പിതാവിനോ മറ്റാര്‍ക്കെങ്കിലുമോ യുവതിയെ ശാരീരികമായി ഉപദ്രവിക്കാനോ മറ്റ് ദോഷകരമായ പ്രവൃത്തി ചെയ്യാനോ സാധിക്കില്ലെന്നും സംരക്ഷണച്ചുമതലയുള്ള വനിതാ പോലീസുദ്യോഗസ്ഥയുടെയും വൈക്കം സബ് ഇന്‍സ്‌പെക്ടറുടെയും അഭിപ്രായവും റിപ്പോര്‍ട്ടിലുണ്ട്.

ഹാദിയക്കും കുടുംബത്തിനും കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മതിയായ സുരക്ഷ നല്‍കുന്നുണ്ടെന്നും എസ് പി പറഞ്ഞു. അഞ്ച് ദിവസത്തിലൊരിക്കല്‍ ഹാദിയയുടെ സ്ഥിതി അറിയിക്കണമെന്നും നേരിട്ടുള്ള സംരക്ഷണത്തിന് ചുമതലപ്പെടുത്തുന്ന വനിതാ പോലീസുകാരുടെ അഭിപ്രായം റിപ്പോര്‍ട്ടില്‍ നിര്‍ബന്ധമായും ഉള്‍ക്കൊള്ളിക്കണമെന്നും എസ് പിക്ക് നിര്‍ദേശം നല്‍കുമെന്ന് ചെയര്‍പെഴ്‌സണ്‍ എം സി ജോസഫൈന്‍ അറിയിച്ചു.

Latest