ജനപ്രതിനിധികള്‍ക്ക് എതിരായ കേസുകള്‍: പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

Posted on: November 1, 2017 4:21 pm | Last updated: November 1, 2017 at 8:53 pm
SHARE

ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്ക് എതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനാണ് സുപ്രീം കോടതി ഇടപെടല്‍. ഡിസംബര്‍ 13നകം ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് രഞജ്ന്‍ ഗോഗോയ്, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബഞ്ചാണ് സുപ്രധാന നിര്‍ദേശം നല്‍കിയത്.

ജനപ്രതിനിധികള്‍ പ്രതികളായ കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. 2014ന് ശേഷം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ട 1581 കേസുകളുടെ പുരോഗതി അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. 2014ന് ശേഷം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെ ചുമത്തപ്പെട്ട പുതിയ കേസുകളുടെ എണ്ണം അറിയിക്കാനും നിര്‍ദേശമുണ്ട്.

അതേസമയം, ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന രാഷ്ട്രീയക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ ആജീവനാന്ത വിലക്ക് എര്‍പ്പെടുത്തുന്നതിനെ കേന്ദ്രം എതിര്‍ത്തു. എന്നാല്‍ രാഷ്ട്രീയത്തില്‍ ക്രിമിനലിസം ഇല്ലാതാക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.