വെല്ലുവിളി പ്രസംഗം: തോമസ് ചാണ്ടിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു

Posted on: November 1, 2017 4:05 pm | Last updated: November 1, 2017 at 8:47 pm

തിരുവനന്തപുരം: ജനജാഗ്രതാ യാത്രക്കിടെ വെല്ലുവിളി പ്രസംഗം നടത്തിയ മന്ത്രി തോമസ് ചാണ്ടിയുടെ നടപടിയില്‍ മുഖ്യന്ത്രിക്ക് കടുത്ത അതൃപ്തി. തോമസ് ചാണ്ടിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തോമസ് ചാണ്ടിയെ മുഖ്യമന്ത്രി തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാ ജനജാഗ്രതാ യാത്രക്കിടെയാണ് തോമസ് ചാണ്ടി വെല്ലുവിളി നടത്തിയത്. ജനജാഗ്രതാ യാത്രക്ക് ചൊവ്വാഴ്ച ആലപ്പുഴ പൂപ്പള്ളിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവെയായിരുന്നു വെല്ലുവിളി. കായല്‍ കൈയേറ്റ വിഷയത്തില്‍ തനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ ഒരു അന്വേഷണ സംഘത്തിനും കഴിയില്ലെന്നായിരുന്നു തോമസ് ചാണ്ടിയുടെ വെല്ലുവിളി.

തോമസ് ചാണ്ടിയുടെ നടപടിയില്‍ സിപിഎം നേതൃത്വവും അതൃപ്തി അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യും.