പൊതുമേഖലാ സ്ഥാപനങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ മന്ത്രിസഭാ തീരുമാനം

Posted on: November 1, 2017 3:21 pm | Last updated: November 1, 2017 at 5:58 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ ഇരുമ്പുപാലം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം കമ്പനി ധനസഹായം നല്‍കണമെന്നും യോഗം തീരുമാനിച്ചു.

നിയമാനുസൃതമായി നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്കു പുറമെയാണ് ഈ സഹായം. മരിച്ചവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ജോലി നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കമ്പനിയോട് നിര്‍ദേശിക്കാനും തീരുമാനമായി.

അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.

മറ്റു സുപ്രധാന തീരുമാനങ്ങള്‍:

  • ദേഹത്ത് മരം വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ മുന്‍ വടക്കേ വയനാട് എം.എല്‍.എ കെ.സി. കുഞ്ഞിരാമന്റെ ചികിത്സാച്ചെലവിലേക്ക് അഞ്ചു ലക്ഷം രൂപ അനുവദിച്ചു.
  • മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനാല്‍ കാസര്‍കോട് മഹിളാമന്ദിരത്തില്‍ കഴിയുന്ന കുമാരി ദിവ്യയ്ക്ക് പരപ്പ അഡീഷണല്‍ ഐ.സി.ഡി.എസില്‍ പാര്‍ട് ടൈം സ്വീപ്പറായി നിയമനം നല്‍കും. ഇതിനുവേണ്ടി ഐ.സി.ഡി.എസില്‍ തസ്തിക സൃഷ്ടിക്കും.
  • കേരളാ സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ഥിരം ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യം നല്‍കും.
  • സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കും.
  • ഹൈക്കോടതിയിലെ മുപ്പത്തിയെട്ട് ഓഫീസ് അസിസ്റ്റന്റ് തസ്തികകള്‍ സേവക് തസ്തികകളാക്കി മാറ്റും. ഇവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പടെ 20330/- രൂപയായിരിക്കും വേതനം.
  • കണ്ണൂര്‍ ജില്ലയിലെ പടിയൂരില്‍ പുതിയ ഐറ്റിഐ ആരംഭിക്കും. ഫിറ്റര്‍ ട്രേഡിന്റെ രണ്ടു യൂണിറ്റുകളാണ് ഇവിടെ ആരംഭിക്കുക. ഇതിനുവേണ്ടി ആറ് തസ്തികകള്‍ സൃഷ്ടിക്കും.
  • പിണറായിലെ ഗവണ്‍മെന്റ് ഐറ്റിഐയില്‍ അധികമായി എട്ട് തസ്തികകള്‍ സൃഷ്ടിക്കും.
  • ഭവനനിര്‍മാണ ബോര്‍ഡിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2018 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ബോര്‍ഡുതന്നെ ഏറ്റെടുക്കണമെന്ന വ്യവസ്ഥയിലാണ് തീരുമാനം.
  • 1993 ഐ.എ.എസ് ബാച്ചിലെ ഉഷാ ടൈറ്റസ്, കെ. ആര്‍. ജ്യോതിലാല്‍, പുനീത് കുമാര്‍, ഡോ. ദേവേന്ദ്രകുമാര്‍ ദൊധാവത്ത്, ഡോ. രാജന്‍ ഖോബ്രാഗഡെ എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. ഒഴിവു വരുന്ന മുറയ്ക്ക് ഇവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിയമനം നല്‍കുന്നതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here