ചൈനയെ ആര്‍ക്കും നിയന്ത്രിക്കാനാകില്ലെന്ന് യു എസിലെ പ്രതിനിധി

Posted on: November 1, 2017 7:15 am | Last updated: October 31, 2017 at 11:17 pm
SHARE

വാഷിംഗ്ടണ്‍: ചൈനയെ ആര്‍ക്കും നിയന്ത്രിക്കാനാകില്ലെന്ന് അമേരിക്കയിലെ ചൈനീസ് പ്രതിനിധി. ഇന്‍ഡോ പസഫിക് മേഖലയില്‍ എക്‌സ്‌ക്ലുസീവ് ക്ലബ് രൂപീകൃതമാകുന്നതിന്റെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് ഇദ്ദേഹം ഇങ്ങനെ പറഞ്ഞത്. അടുത്തിടെ ഇന്ത്യാ കേന്ദ്രീകൃത നയപ്രസംഗം നടത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണിന്റേയും ഇന്ത്യക്ക് സായുധ ഡ്രോണുകളടക്കമുള്ള അത്യാധുനിക ആയുധങ്ങള്‍ വില്‍പ്പന നടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനങ്ങളേയും ഇന്ത്യയേയും ആസ്‌ത്രേലിയയേയും ഉള്‍പ്പെടുത്തിയുള്ള തന്ത്രപ്രധാന ചതുര്‍ഭുജ ചര്‍ച്ചകള്‍ക്കുള്ള ജപ്പാന്റെ നിര്‍ദേശത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അമേരിക്കയിലെ ചൈനീസ് അംബാസഡര്‍ സുയി ടിയാങ്കി.

വില്‍പ്പന നടത്തുന്ന അത്യാധുനിക ആയുധങ്ങള്‍ യഥാര്‍ഥത്തില്‍ അതേ ലക്ഷ്യത്തോടെ തന്നെ ഉപയോഗപ്പെടുത്താനാകുമെന്ന് താനൊരിക്കലും ചിന്തിക്കുന്നില്ല. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിശദീകരിക്കുന്നത് അമേരിക്ക ഇന്ത്യക്ക് ആയുധങ്ങള്‍ നല്‍കുന്നത് ചൈനയെ നിയന്തിക്കാനാണെന്നാണ്.
എന്നാല്‍, ഈ വഴിയിലൂടെ ആര്‍ക്കെങ്കിലും ചൈനയെ നിയന്ത്രിക്കാനാകുമെന്ന് താന്‍ കരുതുന്നില്ലെന്നും അപൂര്‍വമായി മാത്രം ചൈനീസ് എംബസിയില്‍ വിളിച്ചു ചേര്‍ക്കുന്ന പത്ര സമ്മേളനത്തില്‍ ചൈനീസ് അംബാസഡര്‍ പറഞ്ഞു. അടുത്ത മാസം ആദ്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് അംബാസഡറുടെ വാര്‍ത്താ സമ്മേളനം.