കെ ടെറ്റ് പരീക്ഷ പാസാകുന്നതിനുള്ള സമയ പരിധി നീട്ടി

Posted on: November 1, 2017 8:06 am | Last updated: October 31, 2017 at 11:08 pm
SHARE

കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപക നിയമനത്തിനുള്ള യോഗ്യതയായ കെ ടെറ്റ് പരീക്ഷ പാസാകുന്നതിനുള്ള സമയ പരിധി സംസ്ഥാന സര്‍ക്കാര്‍ 2019 മാര്‍ച്ച് 31 വരെ നീട്ടി. ഇത് സംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം സംസ്ഥാനത്തെ എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ലഭിക്കും. ടെറ്റ് പാസാകാത്തത് മൂലം നിയമനാംഗീകാരം തടയപ്പെടുന്ന നൂറുകണക്കിന് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് ആശ്വാസമാകും.

2012 മുതലാണ് അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ ടെറ്റ് പരീക്ഷ ആരംഭിച്ചത്. 2012 മുതല്‍ 2016 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ നിയമിതരായ അധ്യാപകര്‍ക്ക് കെ ടെറ്റ് യോഗ്യതാ പരീക്ഷ പാസാകുന്നതിന് 2018 മാര്‍ച്ച് വരെ ഇളവനുവദിച്ച് വിവിധ സമയങ്ങളിലായി സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കിയിരുന്നു. എന്‍ സി ടി ഇ മാനദണ്ഡങ്ങള്‍ പ്രകാരം കെ ടെറ്റ് നിര്‍ബന്ധിത യോഗ്യതയായതിനാല്‍ ഇളവ് ലഭിച്ച എല്ലാ അധ്യാപകരും 2018-2019 അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് കെ ടെറ്റ് യോഗ്യത നേടിയിരിക്കേണ്ടതാണെന്ന് 2016 ജൂണ്‍ 15ന് ഇറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സമയ പരിധിക്കുള്ളില്‍ പരീക്ഷ പാസാകാമെന്ന സത്യവാങ്മൂലം നല്‍കിയായിരുന്നു അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കിയിരുന്നത്. എന്നാല്‍ 2017-18 കാലയളവില്‍ നിയമിതരായ പലരുടെയും അപേക്ഷകള്‍ ടെറ്റ് പാസാകാത്തതിന്റെ പേരില്‍ എ ഇ ഒ ഓഫീസുകളില്‍ നിന്ന് തിരിച്ചയക്കുകയോ തടഞ്ഞുവെക്കുകയോ ചെയ്തിരുന്നു. ഈ വര്‍ഷം നിയമിതരായവര്‍ക്ക് കൂടി ടെറ്റ് നേടിയെടുക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ, പ്രതിപക്ഷ അധ്യാപക സംഘടനകളെല്ലാം രംഗത്തെത്തിയ സാഹചര്യത്തിലാണ് 2019 മാര്‍ച്ച് വരെ ടെറ്റ് നേടിയെടുക്കാനുള്ള സമയപരിധി സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചത്.

ഉത്തരവ് പ്രകാരം 2012-13 അധ്യയന വര്‍ഷം മുതല്‍ 2017-18 അധ്യയന വര്‍ഷം വരെ നിയമിതരായ അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാരായ ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, അറ്റന്‍ഡര്‍/ ഓഫീസ് അറ്റന്‍ഡന്റ് എന്നിവര്‍ക്കും കെ ടെറ്റ് പാസാകുന്നതിന് 2019 മാര്‍ച്ച് 31 വരെ സമയം ലഭിക്കും. 2019-20 അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഇളവ് ലഭിച്ച എല്ലാ അധ്യാപകരും ടെറ്റ് യോഗ്യത നേടണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. 2012 മാര്‍ച്ച് 31 മുമ്പ് റെഗുലര്‍ വേക്കന്‍സിയില്‍ നിയമിതരായ അധ്യാപകര്‍ക്കും ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, അറ്റന്‍ഡര്‍/ ഓഫീസ് അറ്റന്‍ഡന്റ് എന്നിവര്‍ക്കും നിയമാനുസൃതം പ്രമോഷന്‍ ലഭിക്കുമ്പോള്‍ നിയമനാംഗീകാരത്തിന് ടെറ്റ് ബാധകമാക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.

കാറ്റഗറി ഒന്ന്: ലോവര്‍ െ്രെപമറി , കാറ്റഗറി രണ്ട്: അപ്പര്‍ െ്രെപമറി, കാറ്റഗറി മൂന്ന്: ഹൈസ്‌കൂള്‍, കാറ്റഗറി നാല്: ഭാഷാ അധ്യാപകര്‍/സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍/ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളില്‍ വ്യത്യസ്ത പരീക്ഷകളാണ് കെ ടെറ്റില്‍ നടത്തുന്നത്. 150 മാര്‍ക്കിനാണ് കെ ടെറ്റ് പരീക്ഷ. വിജയിക്കാന്‍ 60 ശതമാനം മാര്‍ക്കാണ് ആവശ്യം. പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍, ഒ ബി സി, അംഗപരിമിതര്‍ എന്നിവര്‍ക്ക് അഞ്ച് ശതമാനമാണ് മാര്‍ക്കിളവ്. ഇതനുസരിച്ച് ഇളവിന് അര്‍ഹതയുള്ളവര്‍ക്ക് 82 മാര്‍ക്ക് നേടിയാല്‍ പരീക്ഷ വിജയിക്കാനാകും.
അതേസമയം, അധ്യാപകനാകാന്‍ വേണ്ട എല്ലാ യോഗ്യതയും നേടിയതിന് ശേഷം അധ്യാപകവൃത്തിയില്‍ പ്രവേശിച്ചവര്‍ വീണ്ടും കെ ടെറ്റ് പരീക്ഷ പാസാകണം എന്ന നിബന്ധന ഒഴിവാക്കണമെന്നും കെ ടെറ്റ് പരീക്ഷ അഭിരുചി പരീക്ഷയായി മാറ്റണമെന്നും ഭരണപക്ഷ അധ്യാപക സംഘടനയായ കെ എസ് ടി എ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അധ്യാപകനാകാന്‍ വേണ്ട ഡി എഡ്, ബി എഡ് യോഗ്യതകള്‍ നേടുന്നതിന് മുമ്പ് തന്നെ അഭിരുചി പരീക്ഷ നടത്താനുള്ള ആലോചനകള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്നും അധ്യാപക ജോലിക്ക് അനുസൃതമായ രീതിയില്‍ കെ ടെറ്റ് പരീക്ഷ പരിഷ്‌കരിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here