Connect with us

Articles

കേരളവും ബദല്‍ നയങ്ങളും

Published

|

Last Updated

മലയാളികളുടെ മാതൃഭൂമിയെന്ന നിലയില്‍ ഐക്യകേരളം നിലവില്‍ വന്നിട്ട് 61 വര്‍ഷം പൂര്‍ത്തിയാകുന്നു. മലയാളഭാഷ സംസാരിക്കുന്നവരുടെ സംസ്ഥാനം എന്ന നിലയില്‍ ഐക്യ കേരള രൂപവത്കരണം നടക്കുന്നത് 1956-ല്‍ ആണ്. വ്യത്യസ്തമായ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സ്ഥിതികള്‍ നിലനിന്നിരുന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ നാട്ടുരാജ്യങ്ങളെ ഭാഷാടിസ്ഥാനത്തില്‍ ഏകോപിപ്പിച്ച് ഒരേ ഭാഷ സംസാരിക്കുന്നവര്‍ക്ക് ഒരു സംസ്ഥാനം എന്ന നിലക്കാണ് കേരളം രൂപവത്കരിക്കപ്പെടുന്നത്. പൊതുവെ ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീന ഫലമായും പുരോഗമന ശക്തികളുടെ ശ്രമഫലവുമായാണ് ഇത് സംഭവിക്കുന്നത്. ഇത് അതിവേഗത്തിലും എന്നാല്‍ സ്വാഭാവികമായും നടന്ന ഒരു പ്രക്രിയ അല്ല. ശ്രമകരമായതും വര്‍ഷങ്ങള്‍ നീണ്ടതുമായ ഒരു ദൗത്യത്തിലൂടെ നിരവധിയാളുകളുടെ പോരാട്ടഫലമായിട്ടുകൂടിയാണ് കേരളം ഇന്നത്തെ രൂപത്തില്‍ നിലവില്‍വന്നത്. ജന്മി-നാടുവാഴി-ഭൂപ്രഭു ഭരണവര്‍ഗങ്ങളുടെ സങ്കുചിത താത്പര്യങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരായി നവോത്ഥാനത്തിന്റെ വെളിച്ചം പേറുന്ന ഉല്‍പ്പതിഷ്ണുക്കളുടെ പോരാട്ടം ഐക്യകേരള രൂപവത്കരണത്തിന് കാരണമായി.

ഐക്യകേരള രൂപവത്കരണത്തോടൊപ്പം അവര്‍ കേരളത്തെക്കുറിച്ച് കണ്ട ചില സ്വപ്‌നങ്ങളുണ്ട്. ജാതിമതഭേദങ്ങള്‍ക്കതീതമായി മനുഷ്യര്‍ ഒന്നായി ജീവിക്കുന്ന, വിദ്യകൊണ്ട് പ്രബുദ്ധരും ചിന്തകൊണ്ട് പ്രകാശപൂര്‍ണവും അദ്ധ്വാനംകൊണ്ട് ഐശ്വര്യപൂര്‍ണവുമായ ഒരു നാടായി കേരളം മാറണമെന്ന സ്വപ്‌നം. നവോത്ഥാന കാലഘട്ടം പാകിമുളപ്പിച്ച ഈ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് നമ്മള്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
പൂര്‍വികര്‍ കണ്ട ആ സ്വപ്‌നത്തിലെ കേരളത്തെ യാഥാര്‍ഥ്യമാക്കേണ്ട ചുമതല നിര്‍വഹിക്കാന്‍ അര്‍പ്പണബോധത്തോടെ ഏറെ ദൂരം ഇനിയും നാം സഞ്ചരിക്കണം. ആ ദൗത്യം ആര്‍ജ്ജവത്തോടെ ഏറ്റെടുക്കാന്‍ സമഭാവനയുടെ സൗഹാര്‍ദത്തിന്റെ, സാഹോദര്യത്തിന്റെ അന്തരീക്ഷത്തില്‍ സമഗ്രമായ കേരള വികസനം സാധ്യമാക്കാന്‍, മറ്റെന്തിലുമുപരി മനുഷ്യത്വമുയര്‍ത്തിപ്പിടിക്കുന്ന മലയാളികളുടെ സാംസ്‌കാരിക മുന്നേറ്റം ശക്തിപ്പെടുത്താന്‍ നമുക്കാവണം. നമ്മുടെ ഭാഷയും സംസ്‌കാരവും മുറുകെപ്പിടിച്ചുകൊണ്ടുതന്നെ ഇന്ത്യയുടെ വൈവിധ്യത്തിലെ ഏകത്വത്തെ നമുക്ക് ശക്തിപ്പെടുത്താം.

ആധുനികകേരളം സൃഷ്ടിക്കപ്പെടുന്നതിന് പിന്നില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ വലിയ സംഭാവനയുണ്ട്. ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളത്തെ ജാതിഭേദവും മതദ്വേഷവുമില്ലാത്ത നാടായിമാറ്റാനാണ് ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാന നായകര്‍ ശ്രമിച്ചത്. സാമൂഹിക ഉച്ചനീചത്വങ്ങളും അനാചാരങ്ങളും അവസാനിപ്പിച്ച് നൂറ്റാണ്ടുകളായി നിലനിന്ന ചാതുര്‍വര്‍ണ്യത്തിന്റെ വേരറുത്ത് മനുഷ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ ഒരു വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ അക്ഷീണം പ്രയത്‌നിച്ചവരാണ് നമ്മുടെ നവോത്ഥാന നായകര്‍. മനുഷ്യന് മനുഷ്യത്വം മാത്രമാണ് ജാതിയെന്നും സാമൂഹിക രംഗത്ത് അനാചാരങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കണമെന്നും നമ്മെ ഉപദേശിച്ച ഗുരു അപരവിദ്വേഷം ഒഴിവാക്കാനും സോദരത്വേന വാഴാനുമാണ് നമ്മെ ഉപദേശിച്ചത്. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ച് ശക്തരാകാനും ഗുരു നിര്‍ദ്ദേശിച്ചപ്പോള്‍, സ്വസമുദായത്തിന് വിദ്യ നിഷേധിച്ച വരണ്യവര്‍ഗത്തിന്റെ പാടത്ത് പണിയാന്‍ ഞങ്ങളില്ല എന്നുപറഞ്ഞ് നവോത്ഥാനത്തിന് പോരാട്ടത്തിന്റെ വീര്യം പകര്‍ന്ന മഹാനാണ് അയ്യങ്കാളി. അങ്ങനെ ഗുരുവും അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും സഹോദരനയ്യപ്പനും പണ്ഠിറ്റ് കറുപ്പനും മറ്റു നിരവധി മഹാരഥന്മാരും ഉഴുതുമറിച്ച് സാമൂഹിക നവോത്ഥാനത്തിന്റെ വിത്തുപാകിയ മണ്ണില്‍ അലയടിച്ചുയര്‍ന്ന കാര്‍ഷിക സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടും ജന്മിത്തത്തിന്റെയും ചൂഷണത്തിന്റെയും അടിവേരറുത്തും സാമ്പത്തിക വോത്ഥാനത്തിന്റെ തിരിതെളിച്ചത് ദേശീയ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി ഉയര്‍ന്നുവന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയും കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായിരുന്നു. സാമ്പത്തിക നവോത്ഥാനത്തിന്റെ തിരിതെളിച്ചതിനൊപ്പം സാമൂഹിക നവോത്ഥാനം തെളിച്ചപാത പിന്തുടരാനും കേരളത്തിലെ ഇടതുപക്ഷത്തിനായി എന്നത് ചെറിയകാര്യമല്ല. കേരളത്തെക്കാള്‍ ശക്തമായ നവോത്ഥാന പ്രസ്ഥാനങ്ങളായിരുന്നു തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഒക്കെ ഉണ്ടായിരുന്നത്. പെരിയോരുടെ പ്രസ്ഥാനവും മഹാത്മാ ഫൂലെയുടെ പ്രസ്ഥാനവും അംബേദ്കര്‍ പ്രസ്ഥാനവുമെല്ലാം അതിശക്തമായ ജാതിവിരുദ്ധ പോരാട്ടങ്ങളില്‍ സജീവമായിരുന്നു. എന്നിട്ടും ആ പോരാട്ടം നടന്ന നാടുകളില്‍ ജാതി ഉച്ചനീചത്വങ്ങള്‍ ശക്തമായി ഇപ്പോഴും നിലനില്‍ക്കുന്നു. അതായത്, കേവലമായ നവോത്ഥാനമുന്നേറ്റങ്ങള്‍ കൊണ്ട് മാത്രം ജാതിവ്യവസ്ഥ നശിക്കുകയില്ല. അതിന് നവോത്ഥാന മുന്നേറ്റത്തിന് തുടര്‍ച്ച ഉണ്ടാവണം. അതിന് സാമ്പത്തിക മാനങ്ങള്‍ കൊടുക്കുന്ന പുതുപോരാട്ടങ്ങള്‍ ഉയര്‍ന്നുവരണം. കേരളത്തില്‍ അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്നു. വൈക്കം, ഗുരുവായൂര്‍, പാലിയം സത്യഗ്രഹങ്ങള്‍ അതാണ്. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയ പുന്നപ്ര വയലാറും കരിവെള്ളൂരും കാവുമ്പായിയും മുനയന്‍ കുന്നും തില്ലങ്കേരിയും ഒഞ്ചിയവും കയ്യൂരും ഒക്കെ ആ നിരയില്‍പ്പെടുന്നവയാണ്.
1957-ല്‍ അധികാരത്തില്‍ വന്ന ആദ്യകേരള മന്ത്രിസഭ ഏറ്റെടുത്തതും മുന്നോട്ടുകൊണ്ടു പോയതും ഈ പോരാട്ടങ്ങളുടെ തുടര്‍ച്ച തന്നെയായിരുന്നു. ഭൂവുടമാസമ്പ്രദായം മാറ്റുക, വിദേശമുതലാളികളില്‍ നിന്ന് ഭൗതികവിഭവങ്ങള്‍ മോചിപ്പിക്കുക, അടിസ്ഥാന വ്യവസായങ്ങള്‍ പൊതുഉടമസ്ഥതയിലാക്കുക, അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ കൂടി ള്‍ക്കൊള്ളിച്ച് നാടിന്റെ വികസനം ആസൂത്രണം ചെയ്യുക, വിദ്യാഭ്യാസം സാര്‍വത്രിക മാക്കുക, ജനാധിപത്യാവകാശങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയവയൊക്കെ ആ സര്‍ക്കാറിന്റെ അജന്‍ഡയില്‍ ഉണ്ടായിരുന്നു. ആദ്യ കേരള മുഖ്യമന്ത്രി ഇ എം എസ് തന്നെ ചൂണ്ടിക്കാട്ടിയ പോലെ ഒരു പൗരന് നൂറുകണക്കിനേക്കര്‍ ഭൂമി കൈവശം വെക്കാന്‍ ഭരണഘടനാപരമായും നിയമപരമായും തടസ്സമില്ലാത്ത ഇന്ത്യയിലെ ഈ ചെറിയ സംസ്ഥാനത്ത് മുതലാളിത്ത വ്യവസ്ഥിതിയുടെ പരിമിതിക്കുള്ളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് ഭൂപരിഷ്‌കരണ ബില്ലിലൂടെ ലക്ഷക്കണക്കിന് ഭൂരഹിതര്‍ക്ക് ഭൂമിവിതരണം ചെയ്തത്. സാര്‍വത്രിക വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സാമൂഹിക സുരക്ഷ എന്നീ രംഗങ്ങളില്‍ അന്ന് കൈക്കൊണ്ട നടപടികളാണ് ഇന്നു നാം പറയുന്ന “കേരളമോഡല്‍”വികസനത്തിന്റെ അടിത്തറയായിത്തീര്‍ന്നത്.

സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യം, മിനിമംകൂലി, ജന്മിത്വമവസാനിപ്പിക്കാനുള്ള നടപടികള്‍, അവശവിഭാഗങ്ങളുടെ സംരക്ഷണം എന്നിവയൊക്കെ ചരിത്രപരമായ പ്രാധാന്യം നേടി. അതിനു ശേഷം അധികാര വികേന്ദ്രീകരണം നടപ്പാക്കല്‍, സമ്പൂര്‍ണ സാക്ഷരത, വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണം എന്നിവ ശക്തമാക്കുന്ന നടപടികളുമെടുത്തു. വിപ്ലവകരമായ പല നിയമ നിര്‍മാണങ്ങളും കാര്‍ഷിക പരിഷ്‌ക്കരണ പരിപാടികളും മുന്നേറ്റമുണ്ടാക്കി. ഭക്ഷ്യമേഖലയിലെ പൊതുവിതരണം ശക്തമാക്കുന്നതടക്കമുള്ള നടപടികള്‍, ഭൂരഹിതര്‍ക്ക് ഭൂമി നല്‍കല്‍ എന്നിവയിലും ശ്രദ്ധിക്കാന്‍ നമുക്കായി. തുടര്‍ന്നുവന്ന ഐ ടി, ബയോടെക്‌നോളജി അടക്കമുള്ള നവസാങ്കേതിക സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.

എന്നാല്‍, ആഗോളവത്കരണ-നവഉദാരവത്കരണ നയങ്ങള്‍ രാജ്യത്തിനു മേല്‍ പിടിമുറുക്കിയതോടെ നാം അഭിമാനിച്ചിരുന്ന പല സൂചികകളും താഴേക്ക് പോകാന്‍ തുടങ്ങി. ഈ സ്ഥിതിക്ക് ഒരു പരിഹാരം ഉണ്ടായേ മതിയാവൂ. നാം ആര്‍ജിച്ച നേട്ടങ്ങള്‍ ഒന്നുപോലും കൈയൊഴിയാതെ കൂടുതല്‍ മുന്നേറാനുള്ള ഒരു പ്രവര്‍ത്തന പരിപാടി ആവിഷ്‌ക്കരിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ അതിനായി നവഉദാരവത്കരണത്തിന്റെ ചുവടുപിടിച്ച് മറ്റു സംസ്ഥാനങ്ങളുമായി മത്സരിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധ്യമല്ല. മറിച്ച് കേരളത്തിന്റെ ഭൗതിക-പശ്ചാത്തല സൗകര്യങ്ങളെ ആധുനികവത്കരിക്കണം. നമ്മുടെ ഉന്നത വിദ്യാഭ്യാസം വിപുലപ്പെടുത്തുകയും അതിന്റെ ഗുണനിലവാരം അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്തുകയും വേണം. ഇതിനായി കോര്‍പറേറ്റ് ആശ്രിതത്വം ഒഴിവാക്കി പൊതുനിക്ഷേപവും സാമൂഹിക നിയന്ത്രണത്തിലുള്ള നിക്ഷേപവും വര്‍ധിപ്പിക്കുകയാണ് ബദല്‍ മാര്‍ഗം. അതാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതും. ഇതൊടൊപ്പം പരമ്പരാഗത മേഖലയില്‍ പണിയെടുക്കുന്നവരെയും ആദിവാസികള്‍, പട്ടികവിഭാഗക്കാര്‍ തുടങ്ങിയവരെയും ജീവിതഗുണമേന്മയുടെ മേഖലകളിലേക്ക കൈപിടിച്ച് നടത്തി അവശേഷിക്കുന്ന ദാരിദ്ര്യത്തിന്റെ തുരുത്തുകള്‍ കൂടി ഇല്ലാതാക്കുകയും ചെയ്യുക എന്നത് ഈ സര്‍ക്കാറിന്റെ കര്‍മപദ്ധതിയാണ്. ഇതോടൊപ്പം നേരത്തെ സൂചിപ്പിച്ച, നമ്മുടെ വികസനത്തിന്റെ രണ്ടാംതലമുറ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാനും കഴിയേണ്ടതുണ്ട്. അതിനായി നാലുമിഷനുകള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ആശാവഹമായ പുരോഗതിയാണ് പുതിയ സര്‍ക്കാറിന്റെ പരിപാടികള്‍ക്ക് ഇപ്പോഴുള്ളത്. ജനങ്ങളുടെയാകെ പിന്തുണയോടെ ഇവ മുന്നോട്ടു കൊണ്ടുപോകാനാവുമെന്ന ആത്മവിശ്വാസം സര്‍ക്കാറിനുണ്ട്.
എന്നാല്‍, ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ബദല്‍ വികസന തന്ത്രങ്ങള്‍ക്ക് സാമ്രാജ്യത്വ ആഗോളവത്കരണം വലിയ ഭീഷണി ഉയര്‍ത്തുന്നത് കാണാതിരിക്കുന്നില്ല. ആഗോള മൂലധനത്തിന്മേലുള്ള ആശ്രിതത്വം വര്‍ധിക്കുന്നത് നമ്മെപ്പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് സ്വതന്ത്രപാത തിരഞ്ഞെടുത്ത് മുന്നേറുന്നതിനുള്ള സാധ്യതകള്‍ വെട്ടിച്ചുരുക്കുന്നു. നമ്മുടെ രാജ്യത്താണെങ്കില്‍ ജനങ്ങളെ വര്‍ഗീയമായി ചേരിതിരിച്ച് തമ്മിലടിപ്പിച്ച് ചൂഷണം ശക്തമാക്കാനും കര്‍ക്കശമായും മനുഷ്യത്വവിരുദ്ധമായും നവലിബറല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഈ വെല്ലുവിളികളെയെല്ലാം നേരിട്ട് മുന്നോട്ടുപോകാനുള്ള ശക്തി, നാമുയര്‍ത്തുന്ന ബദല്‍ നയങ്ങള്‍ക്കുണ്ട്. കോളനി ഭരണകാലത്തും അതിനു ശേഷവും ജനജീവിതം മെച്ചപ്പെടുത്താന്‍ കേരളത്തിലെ പുരോഗമന ശക്തികള്‍ എങ്ങനെ ഇടപെട്ടോ അതുപോലെ ജനങ്ങളുടെ ഐക്യവും സഹകരണവും പിന്തുണയും ഉറപ്പാക്കി ആഗോളവത്കരണ നയങ്ങള്‍ക്കെതിരായ നമ്മുടെ ജനകീയ ബദല്‍ നടപ്പിലാക്കി നമുക്ക് ഒരു ഐശ്വര്യകേരളം സൃഷ്ടിക്കാനാവും. സാമൂഹികമായി നാം നേടിയമുന്നേറ്റങ്ങളെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുതോല്‍പ്പിച്ചും പുതിയകാലത്തിന്റെ വെല്ലുവിളികളെ ആര്‍ജവത്തോടെ ഏറ്റെടുത്തും ഐക്യകേരള സങ്കല്‍പ്പത്തെ ശക്തമാക്കിയും മതേതര-ജനാധിപത്യ-അഴിമതിരഹിത-നവകേരളം കെട്ടിപ്പടുക്കാന്‍ നമുക്കൊരുമിച്ച് മുന്നേറാം എന്ന് ഐക്യകേരളത്തിന്റെ 61-ാം വാര്‍ഷികത്തില്‍ പ്രതിജ്ഞചെയ്യാം.

 

കേരള മുഖ്യമന്ത്രി