ബാല്‍ഫര്‍ വഞ്ചനയുടെ ശതവാര്‍ഷികം

Posted on: November 1, 2017 6:00 am | Last updated: October 31, 2017 at 10:57 pm
SHARE

ഫലസ്തീന്‍ ജനതക്ക് മേല്‍ ഇസ്‌റാഈല്‍ രാഷ്ട്രം അടിച്ചേല്‍പ്പിക്കുന്നതിനും മേഖലയില്‍ നിതാന്തമായ അശാന്തിക്കും അസ്തിവാരമിട്ട കുപ്രസിദ്ധമായ ബാല്‍ഫര്‍ പ്രഖ്യാപനത്തിന് നാളെ നൂറ് വയസ്സ് തികയുകയാണ്. ജൂതരാഷ്ട്രവും അതിനെ പിന്തുണക്കുന്ന അമേരിക്കയടക്കമുള്ള ശക്തികളും ഈ ദിനം മഹത്തായ വിജയദിനമായി കൊണ്ടാടുമ്പോള്‍ വഞ്ചനയുടെ ശതവാര്‍ഷികമായാണ് ഫലസ്തീന്‍ പോരാട്ടത്തെ നെഞ്ചോട് ചേര്‍ക്കുന്ന മനുഷ്യസ്‌നേഹികളെല്ലാം ഈ പ്രഖ്യാപനത്തെ കാണുന്നത്. പ്രത്യേക രാഷ്ട്രത്തിനായുള്ള ജൂത സമൂഹത്തിന്റെ ശ്രമങ്ങളെ പിന്തുണക്കാനുള്ള ബാധ്യത ബ്രിട്ടനുണ്ടെന്ന് അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായ ആര്‍തര്‍ ബാല്‍ഫര്‍ പരസ്യമായി പ്രഖ്യാപിക്കുന്ന രേഖയാണ് ബാല്‍ഫര്‍ പ്രഖ്യാപനം എന്ന പേരില്‍ കൊണ്ടാടപ്പെടുന്നത്. ബ്രിട്ടനിലെ സയണിസ്റ്റ് നേതാവ് ലയണല്‍ വാള്‍ട്ടര്‍ റോത്ത്ഷീല്‍ഡിനെഴുതിയ കത്തിലാണ് ഈ പ്രഖ്യാപനം നടത്തുന്നത്. പിന്നീട് ഇത് നിര്‍ണായക സമ്മതിപത്രമായും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വ പ്രകടനമായും ജൂത ലോബി പ്രചരിപ്പിക്കുകയായിരുന്നു. 1917 നവംബര്‍ രണ്ട് എന്ന് തീയതി വെച്ച കത്ത് ജൂതരാഷ്ട്രം പടച്ചെടുക്കുന്നതില്‍ സാമ്രാജ്യത്വ ശക്തികള്‍ എത്രമാത്രം ജനവിരുദ്ധമായ മുന്‍കൈയാണ് എടുത്തതെന്ന് വ്യക്തമാക്കുന്നു. ഏത് ദേശരാഷ്ട്രത്തിന് മേലും തങ്ങളുടെ അധികാരം പ്രയോഗിക്കാനും ഏത് അതിര്‍ത്തിയും മാറ്റി വരക്കാനും ആരുടെ മണ്ണും പിടിച്ചെടുക്കാനും സാമ്രാജ്യത്വത്തിന് ‘ദൈവദത്ത അധികാര’മുണ്ടെന്ന് പ്രഖ്യാപിക്കുകയാണ് ആര്‍തര്‍ ബാല്‍ഫര്‍ ചെയ്തത്. ഇസ്‌റാഈലിനായുള്ള ഈ കങ്കാണിപ്പണി അന്ന് ബ്രിട്ടനാണ് ചെയ്തതെങ്കില്‍ ഇന്ന് ലോക പോലീസായ അമേരിക്കയാണ് ചെയ്യുന്നത്.

അറുപതിലധികം വാക്കുകള്‍ മാത്രമുള്ള ഈ പ്രഖ്യാപനവും അതിന് പിറകേ അരങ്ങേറിയ എണ്ണമറ്റ കുതന്ത്രങ്ങളും രഹസ്യബാന്ധവങ്ങളും കൂട്ടക്കൊലകളും 1948ല്‍ ഇസ്‌റാഈലിന്റെ രൂപവത്കരണത്തില്‍ കലാശിച്ചു. അവിടെ തീര്‍ന്നില്ല വഞ്ചനയുടെ തേരോട്ടം. ഇന്നും ദിനം പ്രതി ഫലസ്തീന്‍ മണ്ണ് ഇസ്‌റാഈല്‍ കവര്‍ന്നു കൊണ്ടിരിക്കുകയാണ്. ഫലസ്തീനെന്ന ചരിത്രത്തിന്റെ പിന്‍ബലമുള്ള രാഷ്ട്രം നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്ത അപരാധമായും ഇസ്‌റാഈല്‍ എന്ന അപരാധി രാഷ്ട്രം സംരക്ഷിക്കപ്പെടേണ്ട, ഏത് വളപ്പിലും മേയാന്‍ അധികാരമുള്ള വിശുദ്ധ പശുവായും കൊണ്ടാടപ്പെടുന്നതിലെ വൈരുധ്യം എത്ര ഭീകരമാണ്. ഈ വൈരുധ്യം ഒരു പാശ്ചാത്യ മാധ്യമവും ഉയര്‍ത്തിക്കാണിക്കുന്നില്ല. കൃത്യമായ ഇടവേള വെച്ച് അരങ്ങേറുന്ന കൂട്ടക്കൊലകള്‍ ഇസ്‌റാഈല്‍ ഫലസ്തീന്‍ ഏറ്റുമുട്ടലായി ചിത്രീകരിക്കപ്പെടുകയെന്ന ദുരന്തത്തിനാണ് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നത്. ഇതിനവര്‍ മുന്നോട്ട് വെക്കുന്ന ന്യായം ജൂതന്‍മാര്‍ ഇരകളാണെന്ന ഹോളോകോസ്റ്റ് പാഠങ്ങളാണ്. സത്യത്തില്‍ ജൂതന്‍മാരോട് ക്രൂരമായ വിവേചനം കാണിച്ചത് യൂറോപ്പാണ്.

ഫ്രാന്‍സിന്റെ പട്ടാള രഹസ്യങ്ങള്‍ ജര്‍മനിക്ക് ചോര്‍ത്തി നല്‍കിയെന്ന കുറ്റം ചുമത്തി ആല്‍ഫ്രഡ് റൈസസ് എന്ന ജൂത സൈനികനെ പരസ്യ വിചാരണ നടത്തുന്ന രംഗത്തിന് സാക്ഷ്യം വഹിച്ച ജൂതപത്രപ്രവര്‍ത്തകനായ തിയോഡോര്‍ ഹേര്‍സന്‍ എഴുതിയ ദി ജ്യൂയിഷ് സ്റ്റേറ്റ് എന്ന പുസ്തകത്തിലാണ് ആദ്യമായി പ്രത്യേക ജൂതരാഷ്ട്രം എന്ന ആശയം അവതരിപ്പിക്കപ്പെടുന്നത്. പിന്നീട് 1897ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേസിലില്‍ ചേര്‍ന്ന ആദ്യ ലോക ജൂത സമ്മേളനം ഈ ആശയത്തിന്റെ പൂര്‍ത്തീകരണത്തിനായി ആഹ്വാനം ചെയ്തു. തീര്‍ത്തും വര്‍ഗീയമായ ഒരു ആശയം മുന്നോട്ട് വെച്ചിട്ടും ആരും അതിനെ അപരിഷ്‌കൃതമെന്ന് വിളിച്ചില്ല. ഇതിന്റെ തുടര്‍ച്ചയായിരുന്നു ബാല്‍ഫര്‍ പ്രഖ്യാപനം.
ഇസ്‌റാഈല്‍ നിലവില്‍ വന്ന ശേഷം അമേരിക്കയും ബ്രിട്ടനും ജര്‍മനി പോലും ജൂതസംരക്ഷണത്തിനായി ആയുധവും അര്‍ഥവും ഒഴുക്കി. പിന്നെ എത്ര എത്ര കൂട്ടക്കൊലകള്‍. ഓരോ കൂട്ടക്കൊലയും ഇസ്‌റാഈലിന്റെ നിലനില്‍പ്പിനായുള്ള അനിവാര്യതയായി ചിത്രീകരിക്കപ്പെട്ടു. 1967ലെ ആറ് ദിവസ ആക്രമണത്തില്‍ ഫലസ്തീന്‍ മണ്ണ് പിന്നെയും കവര്‍ന്നു ഇസ്‌റാഈല്‍. ഗാസാ മുനമ്പ്, സിനായി പര്‍വത മേഖല, വെസ്റ്റ്ബാങ്ക്, ജൂലാന്‍ കുന്നുകള്‍ തുടങ്ങിയവ ഏറെക്കുറെ പൂര്‍ണമായി ഇസ്‌റാഈല്‍ അധീനതയിലാക്കി. 1993ലെ ഓസ്‌ലോ കരാര്‍ ഇതില്‍ ഒരു ഭാഗം തിരിച്ച് കിട്ടുന്നതിന് വഴിയൊരുക്കി. അങ്ങനെയാണ് ഗാസയുടെ സ്വയംഭരണാവകാശം തിരികെ ലഭിക്കുന്നത്. പിന്നീട് മഹ്മൂദ് അബ്ബാസിന്റെ നേതൃത്തില്‍ ഫതഹ് ഏര്‍പ്പെട്ട കരാറുകളെല്ലാം ഫലസ്തീന് നഷ്ടകച്ചവടമായിരുന്നു.

നൂറ് കൊല്ലം പിന്നിടുമ്പോള്‍ ഫലസ്തീന്‍ വളയപ്പെട്ട ഇടമായി ചുരുങ്ങിയിരിക്കുന്നു. ഇസ്‌റാഈലിന്റെ സ്വാഭാവികമായ വ്യാപനത്തെ തടയാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു ആക്രോശിക്കുന്നത്. അതിനെതിരെ ചെറുവിരലനക്കാത്ത യു എന്നും അന്താരാഷ്ട്ര സമൂഹമെന്ന് സ്വയം മേനി നടിക്കുന്നവരും കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ ബാല്‍ഫര്‍ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ഫലസ്തീനില്‍ പരസ്പരം പോരടിച്ചിരുന്ന ഹമാസും ഫതഹും കൈകോര്‍ത്തത് പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്. ലോക ശാക്തിക ബലാബലത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നുമുണ്ട്. ദ്വിരാഷ്ട്ര പരിഹാരത്തെ കുറിച്ചാണ് എല്ലാവരും ഇപ്പോള്‍ പറയുന്നത്. 1967ന് മുമ്പുള്ള അതിര്‍ത്തിയിലേക്ക് ഇസ്‌റാഈലിനെ ചുരുക്കിക്കെട്ടാന്‍ മധ്യസ്ഥര്‍ക്ക് ത്രാണിയില്ലെങ്കില്‍ ഈ പരിഹാരവും വലിയ വഞ്ചനയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here