ഖത്വര്‍ ലോകകപ്പ് മനോഹരമായിരിക്കുമെന്ന് അലസാണ്‍ഡ്രോ ഡൊമിങ്ഗ്വസ്

Posted on: October 31, 2017 7:27 pm | Last updated: October 31, 2017 at 7:27 pm

ദോഹ: ഫിഫ ലോകകപ്പിന് വേദിയാകുന്ന ഖത്വറിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് തെക്കേ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ പ്രസിഡന്റ് അലസാണ്‍ഡ്രോ ഡൊമിങ്ഗ്വസ്. 2022ലെ ഖത്വര്‍ ലോകകപ്പ് മനോഹരമായിരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ഖത്വര്‍ സന്ദര്‍ശിക്കാനായതില്‍ സന്തോഷമുണ്ട്. 2022 ഫിഫ ലോകകപ്പിനായുള്ള ഖത്വറിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് ഖത്വര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ക്യു എഫ് എ) അധികൃതര്‍ അദ്ദേഹത്തോട് വിശദീകരിച്ചു. ലോകകപ്പ് സ്റ്റേഡിയങ്ങളുടെ മാതൃകകള്‍ വീക്ഷിച്ച അദ്ദേഹം നിര്‍മാണപുരോഗതിയെ കുറിച്ചും മനസിലാക്കി.

ക്യു എഫ് എ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍ താനിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. ക്യു എഫ് എയും തെക്കെ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതും ചര്‍ച്ചയായി. എല്ലാ തലങ്ങളിലും ഫുട്‌ബോളിനെ വികസിപ്പിക്കുന്നതിനാണ് രണ്ട് സംഘടനകളും ശ്രമിക്കുന്നത്.
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ലോകകപ്പിനോടനുബന്ധിച്ച് നടപ്പാക്കുന്ന എല്ലാ പദ്ധതികളെക്കുറിച്ചും മറ്റു പരിപാടികളെക്കുറിച്ചും വിശദീകരിച്ചു.
ലോകത്തിലെ ഏറ്റവും പ്രമുഖ കായിക അക്കാദമികളിലൊന്നായ ആസ്പയര്‍ അക്കാദമി, ആസ്‌പെറ്റര്‍ കായിക ആശുപത്രി, സെന്റര്‍ ഓഫ് ദി നാഷനല്‍ ക്ലബ്‌സ് എന്നിവയും ഡോമിങ്ഗ്വസ് സന്ദര്‍ശിച്ചു.
ഖത്വറിന്റെ ലോകകപ്പ് ഒരുക്കങ്ങളെ പ്രശംസിച്ച് ഫിഫ സെക്രട്ടറി ജനറല്‍ ഫാത്വിമ സമൂറ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മികച്ചതും വിസ്മയകരവുമായ ടൂര്‍ണമെന്റ് സമ്മാനിക്കാന്‍ ഖത്വറിന് കഴിയുമെന്നും അതില്‍ യാതൊരു സംശയവുമില്ലെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിക്കു നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും നിശ്ചയിച്ചതു പ്രകാരം പുരോഗമിക്കുന്നുണ്ട്. പദ്ധതി സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുകയും സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നുണ്ട്.
2022ല്‍ വിസ്മയകരമായ ടൂര്‍ണമെന്റ് സമ്മാനിക്കാന്‍ ഖത്വറിന് ആകുമെന്നതില്‍ മറിച്ചൊരു സംശയവുമില്ല. ലോകകപ്പ് പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക സംഘാടക സമിതിയുമായി തുടര്‍ന്നും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.