Connect with us

Palakkad

നെല്ല് സംഭരണം ;റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കലക്ടര്‍

Published

|

Last Updated

പാലക്കാട്: കര്‍ഷകരില്‍ നിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കണക്ക് സംബന്ധിച്ച് അടുത്ത ജില്ലാ വികസന സമിതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ പി സുരേഷ് ബാബു ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.

വരള്‍ച്ചയെ തുടര്‍ന്നും മറ്റും കുറവ് വന്നില്ലെങ്കില്‍ ജില്ലയില്‍ ഏകദേശം 90000 ലക്ഷം മെട്രിക്ക് ടണ്‍നെല്ലാണ് സാധാരണഗതിയില്‍ സംഭരിക്കേണ്ടത്. നിലവില്‍ 4651 മെട്രിക്ക് ടണ്‍ നെല്ല് സം‘രണമാണ് നടന്നിരിക്കുന്നത്. ഇതു സംബന്ധിച്ച എം എല്‍ എമാരായ കെ വി വിജയദാസ്, കെ കൃഷ്ണന്‍ കുട്ടി എന്നിവര്‍ സപ്ലൈകോ അധികൃതരുമായി സ്ഥിതി ഗതികള്‍ വിലയിരുത്തുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. സംഭരണം ഊര്‍ജ്ജിതമാക്കാന്‍ ജീവനക്കാരെ ആവശ്യമുളള പക്ഷം ഉടന്‍ പരിഹരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ ആവശ്യപ്പെട്ട് പ്രകാരം 15 ജീവനക്കാരെ വിട്ടു നല്‍കിയിട്ടുളളതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. വൈകി തുടങ്ങിയതിനാല്‍ വേഗത്തിലുളള സംഭരണത്തില്‍ പ്രായോഗിക ബുദ്ധിമുട്ട് സപ്ലൈകോ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കലക്ടറുടെ നിര്‍ദ്ദേശം.

പറമ്പിക്കുളം- ആളിയാര്‍ അന്തര്‍സംസ്ഥാന നദീജലകരാര്‍ പ്രകാരമുളള വ്യവസ്ഥകള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും രണ്ടാംവിള നഷ്ടമാകാതെ നോക്കണമെന്നും കെ കൃഷ്ണന്‍കുട്ടി എം എല്‍ എ യോഗത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ തമിഴ്—നാട് അനധികൃതമായി ചെക്ക് ഡാമുകള്‍ കെട്ടി ജലം കടത്തുന്നുണ്ടെന്നും ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും കെ.കൃഷ്ണന്‍ കുട്ടി എം എല്‍ എ പറഞ്ഞു. തമിഴ് നാട് കരാര്‍ വ്യവസ്ഥ ലംഘിക്കുന്നതില്‍ നിസഹായരാണെന്നും നിലവില്‍ ഡാമില്‍ 1300 ദശലക്ഷം ഘനയടി ജലമുണ്ടെന്നും രണ്ടാംവിളയ്ക്കായി 5000 ദശലക്ഷം ഘനയടി ജലം ആവശ്യമുണ്ടെന്നും സംയുക്തജലക്രമീകരണ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇത് സംബന്ധിച്ച് ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ അഭ്യര്‍ഥിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനു പുറമെ കേരളത്തിന്റെ പ്രദേശത്ത് കരാറിന് വ്യവസ്ഥയ്ക്കു വിരുദ്ധമായി അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംബന്ധിച്ചും കത്തില്‍ വ്യക്തമാക്കണമെന്ന് കെ.വി. വിജയദാസ് എം.എല്‍.എ ആവശ്യപ്പെട്ടു. ശിരുവാണി ഡാമില്‍ ഡെഡ് വാട്ടര്‍ സ്റ്റോറേജിനു താഴെ തമിഴ്—നാട് നാല് പൈപ്പുകള്‍ അനധികൃതമായി സ്ഥാപിച്ച് ജലം കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ അറിയിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കലക്്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന യോഗത്തില്‍ വി എസ് അച്യുതാനന്ദന്‍ എം എല്‍ എയുടെ പി എ എന്‍ അനില്‍കുമാര്‍, സബ്കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, എ ഡി എം എസ് വിജയന്‍, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ പി എ ഫാത്തിമ, മറ്റു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

നെല്ല് സംഭരണ വില
ഉടന്‍ ലഭ്യമാക്കും
പാലക്കാട്: ജില്ലാ സഹകരണ ബേങ്കിലെ അക്കൗണ്ട് ഉപയോഗിച്ച് സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ നെല്ലിന്റെ സംഭരണ വില ഉടന്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം കെ ബാബു അറിയിച്ചു. സംഭരണ വില കര്‍ഷകര്‍ക്ക് ഉടന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സപ്ലൈകോ അധികൃതരുമായി ചര്‍ച്ച നടത്തി.

സപ്ലൈകോ, ബേങ്കിലേക്ക് കര്‍ഷകന് നല്‍കേണ്ട സംഭരണ വിലയുടെ പേയ്‌മെന്റ് ഓര്‍ഡര്‍ ബാങ്കില്‍ ലഭിക്കുമ്പോള്‍ തന്നെ ജില്ലാ ബേങ്കിലെ അക്കൗണ്ട് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത കൃഷിക്കാരന്റെ അക്കൗണ്ടിലേയ്ക്ക് പണം എത്തും. കൂടാതെ ജില്ലാ ബേങ്കിലെ അക്കൗണ്ട് ഉപയോഗിച്ച് സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നെല്‍കൃഷിക്കാര്‍ക്ക് അവസരം ഒരുക്കുമെന്നും സപ്ലൈകോ അധികൃതര്‍ അറിയിച്ചതായി ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. ജില്ലാ സഹകരണ ബേങ്ക് ജനറല്‍ മാനേജര്‍ എ സുനില്‍കുമാറും ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest