Connect with us

Kerala

കായല്‍ കൈയേറ്റം: തോമസ് ചാണ്ടിക്കെതിരായ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് പരിശോധിക്കും

Published

|

Last Updated

തിരുവനന്തപുരം: ഗതാഗത മന്തി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി ഇന്ന് പരിശോധിക്കും. മന്ത്രിയുടെ അഭിപ്രായം കൂടി രേഖപ്പെടുത്തിയ ശേഷം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയും മുഖ്യമന്ത്രി അന്തിമ തീരുമാനം സ്വീകരിക്കുകയും ചെയ്യുമെന്നാണ് വിവരം. തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന ആരോപണം അന്വേഷിച്ച ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമ ഇന്നലെയാണ് സര്‍ക്കാറിന് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.

മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് സ്ഥലം നികത്തിയതാണെന്നും റിസോര്‍ട്ടിലേക്ക് വഴി നിര്‍മിച്ചപ്പോള്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെ ന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. മാര്‍ത്താണ്ഡം കായലില്‍ മണ്ണിട്ടുനികത്തിയതിലെ ചട്ടലംഘനവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യനാണ് കലക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്. ജില്ലാ കലക്ടര്‍ നേരത്തെ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലും ചട്ടലംഘനം സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചത്. റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മാണം, വലിയകുളം- സീറോ ജെട്ടി റോഡ് നിര്‍മാണം, മാര്‍ത്താണ്ഡം കായല്‍ നികത്തല്‍, റിസോര്‍ട്ടിന് മുന്നില്‍ ബോ സ്ഥാപിക്കല്‍, ഇതിനെല്ലാം അനുമതി നല്‍കിയതിലെ ഉദ്യോഗസ്ഥതല വീഴ്ച തുടങ്ങിയവയാണ് കലക്ടര്‍ അന്വേഷിച്ചത്.

നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ്റോഡ് നിര്‍മിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. പൊതു ആവശ്യത്തിന് തണ്ണീര്‍ത്തടം നികത്തുകയാണെങ്കില്‍ സംസ്ഥാനതല നിരീക്ഷണ സമിതിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ മതിയായ അനുമതി തേടിയിട്ടില്ല. അതേസമയം, റോഡ് നിര്‍മിച്ച സാഹചര്യം വിശദീകരിച്ചിട്ടുണ്ട്. ആലപ്പുഴ നഗരസഭയുടെ ആസ്തി റജിസ്റ്ററിലുള്ള റോഡ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പാണ് റോഡ് നിര്‍മിച്ചത്. എ എ ശുക്കൂര്‍ എം എല്‍ എയുടെ ശിപാര്‍ശയനുസരിച്ച് എം പിമാരായ പി ജെ കുര്യന്‍, കെ ഇ ഇസ്മയില്‍ എന്നിവര്‍ എം പി ഫണ്ടില്‍ നിന്ന് തുക നല്‍കി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തുറമുഖ മന്ത്രിയായിരുന്ന കെ ബാബുവും ഫണ്ട് അനുവദിച്ചു. കായല്‍ കൈയേറി ബോ സ്ഥാപിച്ചതും അംഗീകരിക്കാന്‍ കഴിയില്ല. ജലവിഭവ വകുപ്പിന്റെ എന്‍ ഒ സിയുടെ അടിസ്ഥാനത്തില്‍ ആര്‍ ഡി ഒ ഉത്തരവ് നല്‍കിയത് അന്വേഷിക്കണമെന്നും ദേശീയ ജലപാതയുടെ ഭാഗമായതിനാല്‍ അവരുടെ അഭിപ്രായം തേടിയശേഷം നീക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

 

Latest