ജനത്തിന് വേണ്ടാത്ത സമരമുറ

  Posted on: October 22, 2017 8:10 am | Last updated: October 21, 2017 at 11:01 pm

  ഹര്‍ത്താല്‍ നാടിനെ നശിപ്പിക്കുന്ന ദുരാചാരമാണ്. ജനജീവിതം നിശ്ചലമാക്കി, അക്രമം അഴിച്ചുവിട്ട്, പൊതുമുതല്‍ നശിപ്പിച്ച് നടത്തിയിരുന്ന ബന്ദ് കേരള ഹൈക്കോടതി നിരോധിച്ചപ്പോഴാണ് ഹര്‍ത്താല്‍ എന്ന ആയുധം രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തെടുത്തത്. പണ്ട് വെറും കടയടപ്പ് സമരമായിരുന്നു ഹര്‍ത്താല്‍. ഇന്ന് ഗതാഗതമുള്‍പ്പെടെ എല്ലാം നിശ്ചലമാക്കുന്ന ബന്ദ് തന്നെയായി ഹര്‍ത്താല്‍ മാറി. ജനഹിതം പ്രകടിപ്പിക്കാനെന്ന പേരില്‍ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും നടത്തുന്ന ഹര്‍ത്താല്‍ അക്ഷരാര്‍ഥത്തില്‍ ജനജീവിതത്തെ ദുസ്സഹമാക്കിത്തീര്‍ക്കുകയാണ്.
  ഹര്‍ത്താല്‍ മൂലം ടൂറിസം, ഗതാഗതം, ഐ ടി മേഖലകളില്‍ സംസ്ഥാനത്തിന് വന്‍ നഷ്ടമാണ് സംഭവിക്കുന്നത്. ഒരു ദിവസം സംസ്ഥാനം നിശ്ചലമാകുമ്പോള്‍ മനുഷ്യ വിഭവശേഷി ഉപയോഗിക്കാത്തതുമൂലം ശതകോടികളുടെ നഷ്ടമാണ് രാജ്യത്തുണ്ടാകുന്നത്. പണമുള്ളവരും ഉദ്യോഗസ്ഥരും ഹര്‍ത്താല്‍ ആഘോഷിക്കാനുള്ള അവസരമാക്കുമ്പോള്‍ നിത്യവൃത്തിക്കുവേണ്ടി ദിവസക്കൂലിക്ക് പണിയെടുക്കുന്ന പാവപ്പെട്ടവന്റെ അന്നം പോലും മുടങ്ങുകയാണ്. ഐടി മേഖലയിലും മറ്റും ജോലിചെയ്യുന്ന പതിനായിരങ്ങള്‍ക്ക് ഹര്‍ത്താലിന്റെ പേരില്‍ പണിമുടക്കാനാകില്ല. ശരാശരി 30 ശതമാനം പേര്‍ക്ക് ഹര്‍ത്താല്‍ മൂലം ജോലിക്ക് ഹാജരാകുവാന്‍ സാധിക്കുന്നില്ല. മനുഷ്യവിഭവ ശേഷിയില്‍ വരുന്ന ഈ നഷ്ടം നികത്താനാകാത്തതാണ്.

  ടൂറിസം മേഖലയിലും വലിയ തിരിച്ചടിയാണ് ഹര്‍ത്താലുകള്‍ സൃഷ്ടിക്കുന്നത്. ടൂറിസ്റ്റുകളായി വന്നവരെ എങ്ങോട്ടും മാറ്റാനാവാത്ത സ്ഥിതിയാണ്. ഹോട്ടലുകളില്‍ അടച്ചിട്ടിരിക്കണം. ഷെഡ്യൂള്‍ ചെയ്ത ദിവസം അവര്‍ക്കു നഷ്ടമാണ്. അത്തരക്കാര്‍ പിന്നെ കേരളത്തിലേക്ക് തിരിഞ്ഞുനോക്കില്ല. ഹര്‍ത്താല്‍ സംസ്ഥാനത്തിനുണ്ടാക്കുന്ന ദുഷ്‌കീര്‍ത്തി വളരെ വലുതാണ്. ലോകത്തുതന്നെ ടൂറിസ്റ്റ് വാഹനങ്ങളെ തടയുന്ന ഏക നാടാണ് കേരളം. വേറൊരിടത്തും ടൂറിസ്റ്റുകളെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ബാധിക്കാറില്ല.
  ആവര്‍ത്തിക്കുന്ന ഹര്‍ത്താലുകള്‍ കേരളത്തിന്റെ വ്യാവസായിക വികസനവും നിക്ഷേപ സൗഹൃദാന്തരീക്ഷവും തകര്‍ക്കുകയാണ്. പൊതുസമൂഹത്തിന് നഷ്ടം മാത്രം വരുത്തിവെക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ജനരോഷം ഇന്ന് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. ചില ഗ്രാമങ്ങളില്‍ ഇടതു- വലതു പക്ഷങ്ങള്‍ മാത്രമല്ല ആര് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും അതിനെതിരെ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ച് ഹര്‍ത്താല്‍ വിരുദ്ധ സമീപനങ്ങള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഹര്‍ത്താലിനെതിരെ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും ഹര്‍ത്താല്‍ സംസ്‌കാരം ഒഴിവാക്കണമെന്ന സമീപനം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശുഭസൂചനകളാണ്.

  കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതെങ്കിലും ഹര്‍ത്താല്‍ അതിനെക്കാള്‍ ജനദ്രോഹപരമായി മാറുകയാണ്. ദേശീയ- സംസ്ഥാന തലങ്ങളിലുള്ളവയും പ്രദേശികവുമായി മുന്നൂറിലേറെ ഹര്‍ത്താലുകള്‍ കേരളത്തില്‍ നടന്ന വര്‍ഷമുണ്ട്. ഈ വര്‍ഷം നടക്കുന്ന നൂറാമത്തെ ഹര്‍ത്താലാണ് ഒക്ടോബര്‍ 16ന് നടന്നത്. കേരളീയര്‍ക്ക് ഹര്‍ത്താല്‍ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത് തീവ്രമായ പ്രതിഷേധത്തിന്റെ സൂചകമായി ആരംഭിച്ച ഈ സമരമുറ തീരെ ചെറിയ കാര്യങ്ങളുടെ പേരില്‍ പോലും ഇന്ന് എടുത്തുപ്രയോഗിക്കുകയാണ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ ഭയത്താലും സമ്മര്‍ദത്താലും പുറത്തിറങ്ങാന്‍ മടിക്കുകയാണ്. അല്ലാതെ ജനങ്ങള്‍ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യമൊന്നും പ്രഖ്യാപിക്കുന്നില്ല; പിന്തുണക്കുന്നുമില്ല. അവധി ദിനത്തോടു ചേര്‍ന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന രീതിയും ഇപ്പോഴുണ്ട്. ഉദ്യോഗസ്ഥര്‍ക്കും അത് എളുപ്പമാണ്. ലീവെടുത്ത് നാട്ടില്‍ പോകാം. മറുനാട്ടില്‍ ടൂര്‍ പോകാം.

  ആഹ്വാനം മാത്രം നല്‍കിയാല്‍ വിജയിക്കുന്ന സമരമുറയായി ഹര്‍ത്താല്‍ മാറി. വിദ്യാര്‍ഥികളും തൊഴിലാളികളും യാത്രക്കാരും രോഗികളും ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍പെട്ട ജനങ്ങള്‍ക്ക് തീരാദുരിതം സമ്മാനിച്ചു കൊണ്ടാണ് ഓരോ ഹര്‍ത്താലും ‘വിജയകരമായി’ പര്യവസാനിക്കുന്നത്. പൊതുസമൂഹത്തെ ബാധിക്കുന്ന ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതിഷേധമുയര്‍ത്താന്‍ വ്യവസ്ഥാപിതമാര്‍ഗങ്ങള്‍ അവലംബിക്കാം. അത്തരം സമരമുറകള്‍ ആവിഷ്‌കരിക്കാന്‍ അല്‍പ്പം മെനക്കേടുണ്ട്.
  കഴിഞ്ഞ നിയമസഭയില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ അവതരിപ്പിച്ചുവെങ്കിലും പ്രതിഷേധം മൂലം പാസ്സാക്കുന്ന ഘട്ടത്തിലേക്ക് നീങ്ങിയില്ല. അനാവശ്യ ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്നതിന്, അല്ലെങ്കില്‍ നിരോധിക്കുന്നതിനുള്ള ബില്‍ വീണ്ടും നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കണം. ഹര്‍ത്താല്‍ ദിനത്തില്‍ നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിക്കുന്നവര്‍ക്കും വാഹനയാത്ര തടസ്സപ്പെടുത്തുന്നവര്‍ക്കും ജോലിക്കു ഹാജരാകുന്നവരെ തടയുന്നവര്‍ക്കും തക്കതായ ശിക്ഷ നല്‍കണം. പൊതുമുതല്‍ നശിപ്പിക്കപ്പെട്ടാല്‍ ഈടാക്കാനായി, ഹര്‍ത്താല്‍ നടത്തുവാന്‍ ആഹ്വാനം നല്‍കിയവര്‍ നഷ്ടപരിഹാരതുക മുന്‍കൂര്‍ കെട്ടിവെക്കാനും വ്യവസ്ഥയുണ്ടാകണം. പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയുണ്ടാകണം.

  ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ ഹര്‍ത്താല്‍ വിവരം ജനത്തെ അറിയിക്കാതിരുന്നാല്‍ ഒരു ഹര്‍ത്താലും ഇവിടെ വിജയിക്കുകയില്ല. ബന്ദ് നിരോധിച്ച കേരള ഹൈക്കോടതി ഹര്‍ത്താലും നിരോധിക്കാന്‍ തീരുമാനിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകും.ജനാധിപത്യം വാഗ്ദാനം ചെയ്യുന്ന സമാധാനപരവും പരക്ലേശരഹിതവുമായ മറ്റ് പ്രതിഷേധമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തയ്യാറാകണം. ഹര്‍ത്താല്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞ സമരമാര്‍ഗമാണെന്ന് അവര്‍ മനസ്സിലാക്കണം. കേരളത്തിന്റെ വികസനത്തില്‍ അഭിമാനം കൊള്ളുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ജനഹിതം മനസ്സിലാക്കി ജനപക്ഷം ചേര്‍ന്നാല്‍ നമ്മുടെ നാടും നന്നാകും.