Connect with us

Editorial

ഗുജറാത്തിലെ കാലതാമസം

Published

|

Last Updated

ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷവും ഗുജറാത്തിലെ തീയതി പുറത്ത് വിടാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കയാണ്. ബി ജെ പിയുടെ താത്പര്യം മാനിച്ചാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിക്കൊണ്ടു പോകുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനത്ത് പെരുമാറ്റച്ചട്ട ലംഘനം ഭയക്കാതെ സര്‍ക്കാറിന് വേണ്ടുവോളം പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ അവസരമൊരുക്കി ജനങ്ങളെ പ്രലോഭിപ്പിക്കാനും സ്വാധീനിക്കാനുമൂള്ള പഴുത് നല്‍കുകയാണ് തീയതി പ്രഖ്യാപനം വൈകിപ്പിക്കുന്നതിലൂടെ കമ്മീഷന്‍ ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രിയുടെ സ്വാധീന വലയത്തിലാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. ഇപ്പോള്‍ ബി ജെ പി നേതാക്കള്‍ സംസ്ഥാനത്ത് പദ്ധതികളുടെ ഉദ്ഘാടനത്തിനായി ഓടി നടക്കുകയാണ്.
അടുത്ത ദിവസം ഗുജറാത്ത് സന്ദര്‍ശിച്ച പ്രധാനമന്ത്രി സംസ്ഥാനത്ത് വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിക്കുകയുണ്ടായി. കൂടാതെ സംവരണ വിഷയത്തില്‍ സര്‍ക്കാറുമായി ഇടഞ്ഞുനില്‍ക്കുന്ന പട്ടേല്‍ വിഭാഗക്കാര്‍ക്കെതിരായ 468 കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. 15,000ത്തോളം മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്ക് ഏഴാം ശമ്പള കമ്മീഷന്‍ ശിപാര്‍ശ പ്രകാരം ശമ്പളവര്‍ധന. മുനിസിപ്പാലിറ്റി ജീവനക്കാരായിരിക്കെ മരിച്ചവരുടെ കുടുംബങ്ങളില്‍ ഒരാള്‍ക്ക് ജോലി. കൃഷിക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപവരെ പലിശരഹിത വായ്പ. അഹമ്മദാബാദിലെ സയന്‍സ് സിറ്റിയില്‍ അക്വാട്ടിക് ലൈഫ് സയന്‍സസ് ആന്‍ഡ് റോബോട്ടിക് ഗാലറിയുടെ ശിലാസ്ഥാപനം തുടങ്ങി ഒക്ടോബര്‍ 12ന് ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നിരവധി പ്രഖ്യാപനങ്ങളും നടപടികളുമാണ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തെടുത്തത്. ഹിമാചലിനോടൊപ്പം ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനവും നടത്തിയിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ വാഗ്ദാനങ്ങള്‍ക്കുള്ള അവസരം ബി ജെ പിക്ക് ലഭിക്കില്ലായിരുന്നു.
പ്രതിപക്ഷ കക്ഷികള്‍ മാത്രമല്ല, മുന്‍ തിരഞ്ഞടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേശിയും ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ കമ്മീഷന്‍ നടത്തുന്ന ഒളിച്ചുകളിയെ വിമര്‍ശിച്ചിട്ടുണ്ട്. ഹിമാചല്‍പ്രദേശ് നിയമസഭയുടെ കാലാവധി ജനുവരി ഏഴിനും ഗുജറാത്ത് നിയമസഭയുടെത് ജനുവരി 22 നുമാണ് അവസാനിക്കുന്നത്. അടുത്തടുത്ത ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഒരുമിച്ചു നടത്തുകയാണ് പതിവ്. ഗുജറാത്തിലേത് കമ്മീഷന്‍ മാറ്റിവെച്ചപ്പോള്‍ തന്നെ അവിടെ വോട്ടെണ്ണല്‍ ഹിമാചലിനോടൊപ്പം ഡിസംബര്‍ 18 നായിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാറ്റിവെച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഏന്നാല്‍ വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ച രണ്ട് ജില്ലകളായ ബനസ്‌കന്ദയിലും പത്താനിലും ദുരിതാശ്വാസ പരിപാടികള്‍ നേരത്തെ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ടെന്നതാണ് വസ്തുത. ബി ജെ പി നേതാക്കള്‍ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ഓടിനടക്കുകയാണ്. ബി ജെ പി പ്രഖ്യാപിക്കുന്ന ക്ഷേമ പദ്ധതികളുടെയും ഒഴുക്കുന്ന പണത്തിന്റെയും വെള്ളപ്പൊക്കമാണ് ഇപ്പോള്‍ ഗുജറാത്തില്‍ കാണാവുന്നതെന്നാണ് ഇതെക്കുറിച്ച് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്.
കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടി അധികാരത്തിലേറിയ ഗുജറാത്തില്‍ ഇത്തവണ ബി ജെ പി പരുങ്ങലിലാണ്. പാര്‍ട്ടിയുടെ അടിത്തറയായ ഹിന്ദു വോട്ടുബേങ്കില്‍ വലിയ തോതില്‍ ചോര്‍ച്ച സംഭവിച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ ബി ജെ പി തോല്‍ക്കുമെന്നുമാണ് നാല് മാസം മുമ്പ് ആര്‍ എസ് എസ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. 182 അംഗ സഭയില്‍ ബി ജെ പിക്ക് 60 മുതല്‍ 65 സീറ്റ് വരെ മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് സര്‍വേ ഫലം. പശുവിന്റെ തോല്‍ ഉരിഞ്ഞതിന് ദളിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തോടെ ദളിത് വിഭാഗവും സംവരണ പ്രക്ഷോഭത്തോടെ പട്ടേല്‍ സമുദായവും ബി ജെ പിയുമായി ഏറെ അകന്നിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയൊരു തിരിച്ചുവരവാണ് നടത്തിയത്. ഈ പശ്ചാത്തലത്തിലാണ് സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പട്ടേല്‍ വിഭാഗക്കാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
തീര്‍ത്തും സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഒരു ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഭരണകക്ഷിയുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാതെ, ഏതെങ്കിലും കക്ഷിയുടെ പാവയായി തരംതാഴ്‌ന്നോ എന്ന സന്ദേഹത്തിനിടവരുത്താതെ നിഷ്പക്ഷമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കമ്മീഷനിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുകയും അത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചൂണ്ടിക്കാട്ടിയത് പോലെ, ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏല്‍പ്പിച്ച പ്രതീതിയാണ് നിലവിലുള്ളത്.