Connect with us

Kasargod

രാത്രികാല പോസ്റ്റുമോര്‍ട്ടം; ഡോക്ടര്‍മാര്‍ക്കെതിരെ എം എല്‍ എ ഹൈക്കോടതിയില്‍

Published

|

Last Updated

കാസര്‍കോട്: രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന്റെ പേരില്‍ എം എല്‍ എയും ഡോക്ടര്‍മാരും ഇടയുന്നു. ഈ വിഷയത്തില്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഹൈക്കോടതിയില്‍ ഹരജി നല്‍കി.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ അടക്കം രാത്രി കാലങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ മെഡിക്കോ ലീഗല്‍ സൊസൈറ്റി സമര്‍പിച്ച ഹരജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് എം എല്‍ എ ഹരജി നല്‍കിയത്.

രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ച നയം അടക്കമുള്ള കാര്യങ്ങള്‍ എം എല്‍ എയുടെ ഹരജിയില്‍ ഉന്നയിക്കുന്നുണ്ട്. പ്രതിവര്‍ഷം കേരളത്തില്‍ 20,000 ത്തോളം പോസ്റ്റുമോര്‍ട്ടങ്ങള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാത്രികാലങ്ങളില്‍ ഉള്‍പെടെ പോസ്റ്റുമോര്‍ട്ടം നടത്തേണ്ടത് ആവശ്യമായിരിക്കുകയാണ്. ഇക്കാര്യം ഉന്നയിച്ച് എം എല്‍ എ ഏഴു തവണ നിയമസഭയില്‍ ഉപപ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ അഞ്ചു മെഡിക്കല്‍ കോളജുകളിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും രാത്രി പോസ്റ്റുമോര്‍ട്ടം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇതിന്റെ തുടര്‍ച്ചയാണ്.

മരണം നടന്ന് വേഗം തന്നെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തുന്നതാണ് ഉജിതമെന്നും മരണകാരണത്തെ കുറിച്ചുള്ള അന്വേഷണത്തിനും അവയവദാനം ഉള്‍പെടെയുള്ള കാര്യങ്ങളിലും ഇത് പ്രയോജനപ്പെടുമെന്നും ഹരജിയില്‍ വ്യക്തമാക്കി. 30 വയസിന് താഴെയുള്ള സ്ത്രീയുടെ മരണം ഉള്‍പെടെയുള്ള സംശയാസ്പദമായ മരണങ്ങളില്‍ രാത്രിയിലായും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാടെന്ന് എം എല്‍ എയുടെ ഹരജിയില്‍ വ്യക്തമാക്കി.

ഭര്‍തൃഗൃഹത്തിലെ മരണം, വിഷം ഉള്ളില്‍ചെന്നുള്ള മരണം തുടങ്ങിയ പശ്ചാത്തലത്തിലും അവിടെ ഇത് കര്‍ശനമാണ്. കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും രാത്രികാല പോസ്റ്റുമോര്‍ട്ടം അനുവദനീയമാണെന്നും ഹരജിയില്‍ പറയുന്നു.
മെഡിക്കോ ലീഗല്‍ സൊസൈറ്റി സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് രാത്രി പോസ്റ്റുമോര്‍ട്ടം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തടഞ്ഞത്. ഭൗതിക സാഹചര്യങ്ങളും ആവശ്യത്തിന് ജീവനക്കാരെയും ഏര്‍പെടുത്തിയാല്‍ മാത്രമേ രാത്രി പോസ്റ്റുമോര്‍ട്ടം അംഗീകരിക്കൂവെന്നാണ് സൊസൈറ്റി ചൂണ്ടിക്കാണിക്കുന്നത്.

Latest