റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പുടിന് എതിരാളി രാഷ്ട്രീയ ഗുരുവിന്റെ മകള്‍

Posted on: October 20, 2017 10:38 am | Last updated: October 20, 2017 at 10:38 am

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ എതിരാളിയായി പ്രമുഖ ടെലിവിഷന്‍ താരവും പുടിന്റെ രാഷ്ട്രീയ ഗുരുവിന്റെ മകളുമായ സീനിയ സോബ്‌ചെക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും.
പുടിന്‍ വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് എതിര്‍ പക്ഷത്ത് 36കാരിയായ സീനിയ നിലയുറപ്പിക്കുന്നത്. ഏതാനും മാസങ്ങളായി റഷ്യയില്‍ വ്യാപിക്കുന്ന ഭരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ വക്താക്കളില്‍ പ്രമുഖയായായാണ് സീനിയ അറിയപ്പെടുന്നത്.

സീനിയ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. 2018 മാര്‍ച്ചിലാണ് റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
സെന്റ് പീറ്റേഴ്‌സ് ബെര്‍ഗിലെ ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മേയറാണ് സീനിയയുടെ പിതാവ് അനടോലി സോബ്‌ചെക്. അദ്ദേഹമാണ് 90കളില്‍ വഌഡിമിര്‍ പുടിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. സീനിയയുടെ മാതാവ് ലിഡുമിയ നറുസോവ പാര്‍ലമെന്റ് അംഗമായിരുന്നു. രാഷ്ട്രീയ പാരമ്പര്യമുള്ള സീനിയ നിറഞ്ഞു നിന്നത് പക്ഷേ വിനോദ, വ്യവസായ രംഗത്താണ്. റിയാലിറ്റി ഷോ ഉള്‍പ്പെടെ പല പ്രമുഖ പരിപാടികളുടേയും അവതാരകയായി. മോഡലായും ഫാഷന്‍ ഡിസൈനറായും തിളങ്ങിയ സീനിയ 2004ല്‍ പുറത്തിറങ്ങിയ ‘തീവ്‌സ് ആന്റ് പ്രോസ്റ്റിറ്റിയൂട്ട്’ ഉള്‍പ്പെടെ നിരവധി സിനിമകളിലും അഭിനയിച്ചു.
1999 മുതല്‍ പ്രസിഡന്റായും പ്രധാനമന്ത്രിയായും റഷ്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വഌഡിമര്‍ പുടിന്‍ വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്നതിനെതിരെ കനത്ത എതിര്‍ വികാരം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് യുവാക്കളുടെ പിന്തുണയുള്ള സീനിയയുടെ രംഗപ്രവേശം.
കഴിഞ്ഞ ആറുമാസമായി അഴിമതിക്കെതിരെ വിദ്യാര്‍ഥികളുള്‍പ്പെടെ യുവാക്കള്‍ ശക്തമായി തെരുവിലിറങ്ങിയിട്ടുണ്ട്.
അഴിമതി വിരുദ്ധ പ്രവര്‍ത്തകനായ അലെക്‌സി നവല്‍നിയുടെ ആശയങ്ങളില്‍ ആകൃഷ്ടരായാണ് പലരും പ്രക്ഷോഭ രംഗത്തെത്തുന്നത്.