ചൈനയില്‍ 440 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി അന്വേഷണം

Posted on: October 20, 2017 10:36 am | Last updated: October 20, 2017 at 10:36 am

ബീജിംഗ്: ചൈനയില്‍ 440 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി അന്വേഷണം. അഞ്ച് വര്‍ഷം മുമ്പ് പ്രസിഡന്റ് സി ജിന്‍പിംഗ് തുടങ്ങിവെച്ച അഴിമതി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിടുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി പല ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ നടപടിയെടുത്തിരുന്നു. സര്‍ക്കാര്‍ സംവിധാനമുള്‍പ്പെടെ എല്ലാ മേഖലയിലും അടി തൊട്ട് മുടി വരെ അഴിമതി ഇല്ലാതാക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. അന്വേഷണസമിതിയിലെ 43 പേര്‍ കേന്ദ്രകമ്മിറ്റിയില്‍ പെട്ടവരും ഒമ്പത് പേര്‍ പാര്‍ട്ടി അച്ചടക്ക പരിശോധനാ കമ്മിറ്റിയില്‍ പെട്ടവരുമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയുടെ അടുത്ത അനുയായി ലിംഗ് ജിഹു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ താഴെ തട്ടിലുള്ള 278,000 ഉദ്യോഗസ്ഥരും 63000 ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ മൂന്നര ലക്ഷം പേര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട, വിദേശത്തേക്ക് കടന്ന 3,453 പേരെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള 48 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അഴിമതിക്കെതിരായ യുദ്ധത്തില്‍ പാര്‍ട്ടി തകര്‍പ്പന്‍ വിജയം നേടിയെന്ന് കേന്ദ്ര അച്ചടക്ക പരിശോധനാ കമ്മീഷന്‍ ഡെപ്യൂട്ടി സെക്രട്ടറി യംഗ് സിയാദു വ്യക്തമാക്കി. അഴിമതിയെ ഏറ്റവും വലിയ ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയ യംഗ് അതിനെതിരെയുള്ള യുദ്ധം തുടരുമെന്ന് വ്യക്തമാക്കി. അഴിമതി തുടച്ചുനീക്കാന്‍ ദേശീയ, പ്രവിശ്യാ തലങ്ങളില്‍ സൂപ്പര്‍വൈസറി കമ്മീഷന്‍ സ്ഥാപിക്കും. ദേശീയ തലത്തില്‍ ഇതിനായി നിയമം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.