Connect with us

Editorial

കുമ്മനത്തിന്റെ യാത്ര ശേഷിപ്പിക്കുന്നത്

Published

|

Last Updated

പാര്‍ട്ടിയില്‍ പുത്തനുണര്‍വും മുന്നേറ്റവും ലക്ഷ്യമാക്കി സംഘടിപ്പിച്ച കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ജനരക്ഷാ യാത്ര അവസാനിച്ചതോടെ ഉള്ള ഉണര്‍വും നഷ്ടപ്പെട്ട അവസ്ഥയിലാണ് ബി ജെ പി കേരള ഘടകം. ജനസാന്നിധ്യം കൊണ്ട് സി പി എം നേതൃത്വത്തെ ഞെട്ടിക്കാനുള്ള വന്‍തയാറെടുപ്പോടെ നടത്തിയ ജാഥയിലെ ജനപങ്കാളിത്തത്തിന്റെ കുറവ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ജാഥയുടെ തുടക്കത്തില്‍ അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ കാല്‍ലക്ഷത്തിലേറെ പേരെയാണ് പ്രതീക്ഷിച്ചത്. ദേശീയ അധ്യക്ഷന്റെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും പകുതി പേര്‍ പോലും പങ്കെടുത്തില്ല. തിരുവനന്തപുരത്ത് നടന്ന സമാപന ചടങ്ങില്‍ ഇത് നികത്താനുള്ള ശ്രമവും വിജയിച്ചില്ല. യാത്രക്ക് ജനസ്വീകാര്യത ഉണ്ടായില്ലെന്ന അഭിപ്രായമുള്ളവര്‍ പാര്‍ട്ടിക്കകത്ത് തന്നെയുണ്ടെന്നും ദേശീയ നേതാക്കളെയും പാര്‍ട്ടിഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പങ്കെടുപ്പിച്ചിട്ടും ജാഥക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കാത്തതില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. അമിത്ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാനായി അദ്ദേഹത്തിന് പെട്ടെന്ന് ഡല്‍ഹിയിലേക്ക് മടങ്ങേണ്ടിവന്നതും ജാഥയുടെ നിറം കെടുത്തി.

കേരളം മാറിമാറി ഭരിച്ച ഇരുമുന്നണികളും പരാജയമാണെന്ന് കുറ്റപ്പെടുത്തി, ബി ജെ പി വന്നെങ്കിലേ വികസനം ത്വരിതപ്പെടുകയുള്ളൂവെന്ന് സ്ഥാപിക്കാന്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ശ്രമം അവര്‍ക്കും പാര്‍ട്ടി നേതൃത്വത്തിനും തിരിച്ചടിയായി. കേരളം ഗുജറാത്തിനെയും യു പിയെയും കണ്ടു പഠിക്കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയുടെ പൊള്ളത്തരം തുറന്നു കാട്ടാന്‍ മുഖ്യമന്ത്രി പിണറായിക്കും ഇടത് നേതാക്കള്‍ക്കുമൊപ്പം ദേശീയമാധ്യമങ്ങളും രംഗത്തുവന്നു. യോഗിയുടെ അവകാശ വാദത്തെ കേരളവും ഉത്തര്‍പ്രദേശും തമ്മില്‍ താരതമ്യം ചെയ്യുന്ന ഗ്രാഫിന്റെ സഹായത്തോടെയാണ് ദേശീയമാധ്യമങ്ങള്‍ പൊളിച്ചടുക്കിയത്. കേരളത്തെ ഇകഴ്ത്തിക്കാണിക്കാനുള്ള ബി ജെ പിയുടെ നീക്കം കേരളത്തിന്റെ നേട്ടങ്ങളും സംസ്ഥാനത്തെ മതമൈത്രിയും ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഉപകരിച്ചത്. യു പിയും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളും കേരളത്തെ കണ്ട് പഠിക്കണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ ബി ജെ പി നേതൃത്വത്തെ ഉപദേശിച്ചത്. യോഗിക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി വന്‍പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പിണറായി ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നേതാവായി മാറിയതും ബി ജെ പിക്കും സംഘ്പരിവാറിനും ആഘാതമായി. ഈ ജാള്യത മറക്കാനായിരിക്കണം വികസനത്തിന്റെയും ദാരിദ്ര്യനിര്‍മാജനത്തിന്റെയും കാര്യത്തില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ സി പി എം തയാറുണ്ടോ എന്ന് അമിത്ഷാ തിരുവനന്തപുരത്ത് വെല്ലുവിളി നടത്തിയത്. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട്, വികസനത്തിന്റെയും ആശയത്തിന്റെയും തലത്തിലുള്ള സംവാദത്തിന് തങ്ങള്‍ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതോടെ ആ അടവും പാളി.

യാത്രക്കിടെ നടന്ന വേങ്ങര തിരഞ്ഞെടുപ്പില്‍ വോട്ട് കുത്തനെ ഇടിഞ്ഞതാണ് മറ്റൊരു ക്ഷീണം. 2016ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി 7055 വോട്ട് നേടിയപ്പോള്‍ ഇത്തവണ നേടിയത് 5728 വോട്ടുകള്‍ മാത്രം. 34,000 ത്തോളം ഹൈന്ദവ വോട്ടുകള്‍ മണ്ഡലത്തിലുണ്ടെങ്കിലും അതിന്റെ അഞ്ചില്‍ ഒന്നുപോലും സമാഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ദേശീയ നേതാക്കളെ മണ്ഡലത്തിലെത്തിച്ച ബി ജെ പി ഒരു വലിയ മുന്നേറ്റം ഇവിടെ പ്രതീക്ഷിച്ചിരുന്നു. ദേശീയ പാതയിലൂടെ കടന്നു പോകേണ്ട കുമ്മനത്തിന്റെ യാത്ര അവസാന നിമിഷത്തില്‍ വേങ്ങര വഴിയാക്കുകയും ചെയ്തിരുന്നു. എന്നിട്ടും പാര്‍ട്ടി നാലാം സ്ഥാനത്തേക്ക് താണു.

“ചുവപ്പ്, ജിഹാദി ഭീകരതക്കെതിരെ”യെന്നതായിരുന്നു പ്രമേയം. എന്നാല്‍ ജിഹാദി ഭീകരത ജാഥയില്‍ കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ മുസ്‌ലിംകള്‍ മതസഹിഷ്ണുതയും സൗഹൃദവും മുറുകെ പിടിച്ചു സമാധാനത്തോടെ ജീവിക്കുന്ന ജനവിഭാഗമാണെന്ന് മറ്റു സമുദായങ്ങള്‍ക്ക് നന്നായറിയാം. അതുകൊണ്ട് ജിഹാദി ഭീകരത എന്ന ആരോപണം സംസ്ഥാനത്ത് വിലപ്പോവില്ല. സംസ്ഥാനത്തെ നല്ല അന്തരീക്ഷം തകര്‍ക്കാനാണ് ദേശീയ സമരത്തിലെ ഉജ്വല അധ്യായമായ 1921 മലബാര്‍ മാപ്പിള സമരത്തെ ജിഹാദി ഭീകരത എന്നാരോപിച്ചു മലബാറിലെ മുസ്‌ലിംകളെ പ്രകോപിതരാക്കാന്‍ കുമ്മനം ശ്രമിച്ചത്. അദ്ദേഹത്തിന്റെ ദുഷ്ടലാക്ക് മനസ്സിലാക്കിയത് കൊണ്ട് തന്നെയായിരിക്കണം അതിനെതിരെ തീവ്രമായ ഭാഷയില്‍ പ്രതികരിക്കാന്‍ മുസ്‌ലിം സംഘടനകളോ നേതാക്കളോ രംഗത്ത് വരാതിരുന്നത്. അടവുകള്‍ മാറിമാറി പ്രയോഗിച്ചിട്ടും ബി ജെ പിക്ക് വേരുറപ്പിക്കാന്‍ കഴിയാത്ത കേരളത്തില്‍ യാത്രയോടെ സ്വധീനമുറപ്പിക്കാനാവുമെന്ന നേതൃത്വത്തിന്റെ പ്രതീക്ഷ യാത്രയുടെ പരാജയത്തോടെ അവസാനിച്ചിരിക്കയാണ്. ആരാണ് ജാഥയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്? കേരള സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ ജാഥ ആസൂത്രണം ചെയ്ത കേന്ദ്ര നേതൃത്വമോ, കേരളത്തിലെ സാഹചര്യങ്ങള്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ വേണ്ട രീതിയില്‍ ധരിപ്പിക്കാന്‍ സാധിക്കാത്ത കേരള നേതൃത്വമോ?