സേവനങ്ങള്‍ നിര്‍മിതി ബുദ്ധിയിലൂടെ: ശൈഖ് മുഹമ്മദ്

Posted on: October 17, 2017 9:01 pm | Last updated: October 17, 2017 at 9:01 pm

ദുബൈ: നിര്‍മിത ബുദ്ധി (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്റ്) സ്ട്രാറ്റജിക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടക്കംകുറിച്ചു. യു എ ഇ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികമായ 2071നോടനുബന്ധിച്ചുള്ള ബൃഹദ് പദ്ധതികളിലെ ഏറ്റവും വലുതാണ് നിര്‍മിത ബുദ്ധി.

സ്മാര്‍ട് ഗവണ്‍മെന്റ് സേവനങ്ങള്‍ക്കുശേഷമുള്ള പുതിയ വിപ്ലവകരമായ മുന്നേറ്റമായിരിക്കും നിര്‍മിത ബുദ്ധിയെന്നും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങളും ഗവണ്‍മെന്റ് വകുപ്പുതലസേവനങ്ങളും ഭാവിയില്‍ കൃത്രിമ ബുദ്ധിവഴിയായിരിക്കുമെന്നും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു.
മേഖലയില്‍ മാത്രമല്ല, ലോകത്തുതന്നെയും ഇത്തരമൊരു നീക്കം ആദ്യത്തേതായിരിക്കും. സര്‍ക്കാര്‍ സേവനങ്ങളും നടപടികളും കുറ്റമറ്റ രീതിയില്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഏറ്റവും മുന്തിയ സാങ്കേതികവിദ്യകളെ പ്രയോഗവത്കരിക്കുകയെന്നതാണ് നിര്‍മിത ബുദ്ധിയിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്നത്.

സേവനങ്ങളുടെയും നടപടികളുടെയും നിലവാരം കാലോചിതമായി മെച്ചപ്പെടുത്തുകയും മാറ്റിയെടുക്കുകയും ചെയ്യുകയെന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു, ശൈഖ് മുഹമ്മദ് പറഞ്ഞു. യു എ ഇ രുപീകരണത്തിന്റെ നൂറാം വാര്‍ഷികമായ 2017ലേക്ക് ഇനിയും കാലങ്ങളുണ്ടെങ്കിലും അതിലേക്കുള്ള ബൃഹത്തായ പദ്ധതികളുമായുള്ള കാല്‍വെപ്പുകള്‍ നാം തുടങ്ങി കഴിഞ്ഞെന്നും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു.

16 വര്‍ഷം മുമ്പാണ് നാം സ്മാര്‍ട് ഗവണ്‍മെന്റ് പദ്ധതി പ്രഖ്യാപിച്ചത്. പലര്‍ക്കും അത്തരമൊരു പദ്ധതിയെകുറിച്ച് ആലോചിക്കാന്‍ പോലുമാകാത്ത സമയമായിരുന്നു അത്. ഇന്ന് നാമത് കീഴടക്കിയിരിക്കുന്നു. നാം അടുത്ത കാല്‍വെപ്പ് നടത്തുകയാണ്. നിര്‍മിത ബുദ്ധിയാണ് നമ്മുടെ ലക്ഷ്യം. സര്‍ക്കാര്‍ സേവനങ്ങള്‍ മുഴുവന്‍ ഇതുവഴി ജനങ്ങള്‍ക്ക് ലഭ്യമാകണം. സ്മാര്‍ട് ഗവണ്‍മെന്റ് സൃഷ്ടിച്ചപോലെയുള്ള ഒരു വലിയ വിപ്ലവം സൃഷ്ടിക്കപ്പെടണം, ശൈഖ് മുഹമ്മദ് പറഞ്ഞു.
സാങ്കേതിക സൗകര്യങ്ങളും ഉപകരണങ്ങളും ഉപയോഗപ്പെടുത്തുന്നതിന്റെ പുതിയ ആസ്ഥാനമായി യു എ ഇ മാറണം. 2071ലേക്ക് നാം കരുതിവെക്കുന്ന ഒരുപിടി പദ്ധതികളില്‍ മുഖ്യം നിര്‍മിത ബുദ്ധിതന്നെയാണ്. സര്‍ക്കാര്‍ മേഖലകളിലെന്നപോലെ രാജ്യത്തെ സ്വകാര്യമേഖലകളിലും കാര്യങ്ങള്‍ കയ്യാളുന്നത് നിര്‍മിത ബുദ്ധിയാകുന്ന കാലം യാഥാര്‍ഥ്യമാകണം. രാജ്യത്തിന്റെ കുതിച്ചുചാട്ടത്തിനാവശ്യമായ ഈ കാല്‍വെപ്പിന് സാങ്കേതക രംഗത്ത് വൈദഗ്ധ്യമുള്ള സ്വദേശികളെയാണ് നാം തേടുന്നതെന്നും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു.