വേങ്ങരയുടെ ആഹ്വാനവും താക്കീതും

ബി ജെ പി സകലശക്തിയും സമാഹരിച്ച്, കേരളത്തില്‍ പ്രചാരണം ആരംഭിക്കുകയും സാധ്യമായ എല്ലാ വിഷയങ്ങളും വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുകയും ചെയ്ത സമയമായിരുന്നു ഇത്. അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിങ്ങനെ ബി ജെ പിയുടെ ഏതാണ്ടെല്ലാ കേന്ദ്ര നേതാക്കളും കേരള പര്യടനം നടത്തിയ സമയം. അതൊന്നും ചെറിയ ചലനം പോലും വേങ്ങരയിലുണ്ടാക്കിയില്ല, ബി ജെ പിക്ക് വോട്ട് കുറയുകയും ചെയ്തു. അവരുടെ വര്‍ഗീയ അജന്‍ഡയെ നിരസിക്കേണ്ടതുണ്ടെന്ന് ചെറു ശതമാനം ബി ജെ പി അനുഭാവികള്‍ക്കെങ്കിലും തോന്നിയെങ്കില്‍ അതാണ് വേങ്ങര നല്‍കുന്ന വലിയ വിജയം.
Posted on: October 16, 2017 6:01 am | Last updated: October 15, 2017 at 9:04 pm

ബി ജെ പിക്കും മുസ്‌ലിം ലീഗിന്റെ വിമതനെന്ന് സ്വയം അവകാശപ്പെട്ട് രംഗത്തുവന്ന സ്വതന്ത്രനുമൊഴിച്ച് ബാക്കിയുള്ളവര്‍ക്കൊക്കെ വിജയം അവകാശപ്പെടാവുന്നതാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ ഫലം. ലഭിച്ച വോട്ടുകളുടെ കണക്കിനെ മാത്രം അധികരിച്ചാണ് ഈ വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്‌ലിം ലീഗിന്റെ കെ എന്‍ എ ഖാദറിന് 23,310 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2016ല്‍ പി കെ കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷവുമായി താരമ്യം ചെയ്യുമ്പോള്‍ 14,747 വോട്ട് കുറവ്. അത്രയും ഭൂരിപക്ഷം കുറക്കാനായത് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലാത്തതിന് തെളിവായും കൂടുതലാളുകള്‍ ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്നതിന്റെ സൂചനയായും വിശദീകരിക്കാന്‍ സി പി എമ്മിനും ഇടത് ജനാധിപത്യ മുന്നണിക്കും സാധിക്കും. വേങ്ങര മണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്ന എല്ലാ പഞ്ചായത്തിലും 2016നെ അപേക്ഷിച്ച് മുസ്‌ലിം ലീഗിന് വോട്ടുകുറഞ്ഞുവെന്നത് ഈ വാദത്തെ സാധൂകരിക്കുകയും ചെയ്യും. എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടി എന്ന തലപ്പൊക്കമുള്ള നേതാവ് മത്സരിക്കുമ്പോള്‍ കിട്ടുന്ന വോട്ട്, കെ എന്‍ എ ഖാദറിന് ലഭിക്കാതിരിക്കുക സ്വാഭാവികമാണ്. കെ എന്‍ എ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ലീഗിലുണ്ടായ അതൃപ്തി കൂടി പരിഗണിക്കുമ്പോള്‍ വിജയത്തിന് തിളക്കമുണ്ടെന്ന് പറയേണ്ടി വരും.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ 3049 വോട്ട് മാത്രം നേടിയ എസ് ഡി പി ഐ ഇക്കുറി 8648 വോട്ട് നേടി. വോട്ട് ഇരട്ടിയലധികം വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. മുസ്‌ലിം ലീഗിനോടോ ലീഗ് സ്ഥാനാര്‍ത്ഥിയായ കെ എന്‍ എ ഖാദറിനോടോ ഉള്ള അതൃപ്തി എസ് ഡി പി ഐയുടെ പക്കലേക്ക് ചാഞ്ഞുവെന്ന് ചുരുക്കം. ബി ജെ പിക്ക് 1327 വോട്ട് കുറവാണ് 2016നെ അപേക്ഷിച്ച് ലഭിച്ചത്. ഒരു മണ്ഡലത്തില്‍ മാത്രം ഉപതെരഞ്ഞെടുപ്പ് നടക്കെ, ഐക്യ – ഇടത് മുന്നണികള്‍ അവരുടെ മുഴുവന്‍ കരുത്തും പ്രചാരണ രംഗത്ത് വിനിയോഗിക്കും. അതുകൊണ്ട് തന്നെ ബി ജെ പിക്ക് വോട്ട് കുറയുക സ്വാഭാവികമാണ്. എന്നാല്‍ വേങ്ങര തെരഞ്ഞെടുപ്പിന്റെ സാഹചര്യം ഭിന്നമാണ്. ബി ജെ പി സകലശക്തിയും സമാഹരിച്ച്, കേരളത്തില്‍ പ്രചാരണം ആരംഭിക്കുകയും സാധ്യമായ എല്ലാ വിഷയങ്ങളും വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുകയും ചെയ്ത സമയമായിരുന്നു ഇത്. അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിങ്ങനെ ബി ജെ പിയുടെ ഏതാണ്ടെല്ലാ കേന്ദ്ര നേതാക്കളും കേരള പര്യടനം നടത്തിയ സമയം. അതൊന്നും ചെറിയ ചലനം പോലും വേങ്ങരയിലുണ്ടാക്കിയില്ല, ബി ജെ പിക്ക് വോട്ട് കുറയുകയും ചെയ്തു. അവരുടെ വര്‍ഗീയ അജന്‍ഡയെ നിരസിക്കേണ്ടതുണ്ടെന്ന് ചെറു ശതമാനം ബി ജെ പി അനുഭാവികള്‍ക്കെങ്കിലും തോന്നിയെങ്കില്‍ അതാണ് വേങ്ങര നല്‍കുന്ന വലിയ വിജയം.
ഈ വിജയത്തിനൊരു മറുവശമുണ്ട്. അത് എസ് ഡി പി ഐയുടെ വോട്ടിലുണ്ടായ വലിയ വര്‍ധനയാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ ഒമ്പതിനായിരത്തിലധികം വോട്ട് എസ് ഡി പി ഐ നേടിയിരുന്നു. എസ് ഡി പി ഐയുടെ നേതൃനിരയില്‍ പ്രധാനിയായ നാസറുദ്ദീന്‍ എളമരമാണ് അന്ന് മത്സരിച്ചത്. പരമാവധി വോട്ട് സമാഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ അവര്‍ നടത്തിയ പ്രചാരണം ലക്ഷ്യം കണ്ടതിന്റെ ഫലമായിരുന്നു ആ വോട്ട്. അത്രത്തോളമെത്താന്‍ അവര്‍ക്ക് സാധിച്ചില്ല ഇക്കുറിയെങ്കിലും ബി ജെ പിയുടെ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ തള്ളിക്കളഞ്ഞതുപോലെ അതിനെ പ്രതിരോധിച്ചുകൊണ്ട് എസ് ഡി പി ഐ നടത്തിയ തീവ്ര പ്രചാരണം തള്ളിക്കളയപ്പെട്ടില്ല. എസ് ഡി പി ഐയിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്ന സാഹചര്യത്തെ പ്രതിരോധിക്കാന്‍ മുസ്‌ലിം ലീഗിന് സാധിച്ചില്ല എന്നതാണ് വസ്തുത. അവര്‍ക്ക് ഗുണം ചെയ്യും വിധത്തില്‍, തീവ്ര നിലപാടെടുക്കാന്‍ മുസ്‌ലിം ലീഗിലെ ചില നേതാക്കളെങ്കിലും തയ്യാറാകുകയും ചെയ്തു.

ഈ തിരഞ്ഞെടുപ്പുകാലത്ത് സജീവമായി നിന്ന ഹാദിയ കേസിലും കൊടിഞ്ഞി ഫൈസല്‍ വധക്കേസിലും എസ് ഡി പി ഐ പൊതുവിലെടുത്ത നിലപാട്, ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആര്‍ എസ് എസ്സിനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്നതായിരുന്നു. ഇതേ അഭിപ്രായം ആവര്‍ത്തിക്കാന്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിനെപ്പോലുള്ളവര്‍ മടി കാണിക്കാതിരുന്നത്, വേങ്ങരയിലെ മുസ്‌ലിംകള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് എസ് ഡി പി ഐക്കുണ്ടായ വോട്ട് വര്‍ധന. ഹാദിയ കേസില്‍ കൃത്യസമയത്ത് നിലപാടെടുക്കാന്‍ സി പി എം നേതൃത്വം മടി കാണിച്ചതും കൊടിഞ്ഞി ഫൈസല്‍ വധത്തിലും തുടര്‍ന്നുണ്ടായ പ്രതികാരക്കൊലയിലും പൊലീസിന്റെ ഭാഗത്തുണ്ടായ യുക്തിക്ക് നിരക്കാത്ത നടപടികളെ തിരുത്തുന്നതില്‍ ഭരണനേതൃത്വം കൃത്യസമയത്ത് ഇടപെടാതിരുന്നതും അനുകൂലമാക്കാന്‍ എസ് ഡി പി ഐക്ക് സാധിച്ചിട്ടുണ്ട്. അതിലേക്ക് എരി പകരുന്നതായിരുന്നു ലീഗ് നേതാക്കളില്‍ ചിലരുടെയെങ്കിലും അഭിപ്രായ പ്രകടനങ്ങള്‍. ഈ സാഹചര്യം തുടരുന്നത്, ഇടതുപക്ഷത്തിനല്ല, മുസ്‌ലിം ലീഗിനും അതുള്‍ക്കൊള്ളുന്ന യു ഡി എഫിനുമാണ് ഭാവിയില്‍ കൂടുതല്‍ പ്രയാസം സൃഷ്ടിക്കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ വോട്ടുകളില്‍ വലിയൊരളവ് യു ഡി എഫിന്റേതായിരുന്നുവെന്ന് ഓര്‍ക്കുക. ആഘാതമുണ്ടാകുക മലപ്പുറത്തായിക്കൊള്ളണമെന്നില്ലെന്ന് മാത്രം.
എല്‍ ഡി എഫിനെ സംബന്ധിച്ച്, വേങ്ങരയിലെ ലീഡ് കുറക്കാനായത് അവരുടെ ഭരണത്തിനുള്ള അംഗീകാരമായി പ്രചരിപ്പിക്കാന്‍ സാധിക്കും. ലീഗിന്റെ ശക്തിദുര്‍ഗമായ മണ്ഡലത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സ്വാധീനം വര്‍ധിപ്പിക്കാനായെന്നും അവകാശപ്പെടാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചതില്‍ ന്യൂനപക്ഷങ്ങള്‍ വലിയ പങ്കു വഹിച്ചിരുന്നു. ആ അവസ്ഥയില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ടുവെന്ന് പറയുകയും ചെയ്യാം. എന്നാല്‍, അതിന് ഉതകുന്ന വിധത്തിലുള്ള നയ നിലപാടുകളാണോ ഭരണത്തിലിരുന്ന ഒന്നര വര്‍ഷത്തിനിടെ സി പി എമ്മിന്റെ ഭാഗത്തു നിന്നും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെ ഭാഗത്തു നിന്നുമുണ്ടായത് എന്ന ഗൗരവമായ ആലോചനക്ക് അവരെ പ്രേരിപ്പിക്കേണ്ടത് കൂടിയാണ് വേങ്ങരയില്‍ ലഭിച്ച അധിക വോട്ട്. ഒപ്പം മതനിരപേക്ഷ നിലപാടിനൊപ്പം നിന്ന 18 ശതമാനത്തോളം വരുന്ന വേങ്ങരയിലെ മുസ്‌ലിം ഇതര വോട്ടര്‍മാരുടെ നിലപാടും പ്രത്യേകമായി ഇടതുപക്ഷം കണക്കിലെടുക്കേണ്ടതുണ്ട്. സംഘ് അജന്‍ഡകളെ അവരില്‍ വലിയൊരു വിഭാഗം നിര്‍ദാക്ഷിണ്യം തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ പ്രത്യേകിച്ചും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ നിന്ന് യു ഡി എഫ്, വിശിഷ്യാ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി പ്രത്യേകിച്ച് പാഠങ്ങളൊന്നും ഉള്‍ക്കൊണ്ടിട്ടില്ലെന്ന തോന്നല്‍ വോട്ടര്‍മാരിലുണ്ടന്ന തിരിച്ചറിവാണ് ആ മുന്നണിക്കും അതിലെ വലിയ കക്ഷികളിലൊന്നായ ലീഗിനുമുണ്ടാകേണ്ടത്. ലീഗിതര വോട്ടുകളെ മുന്നണിയിലേക്ക് ആകര്‍ഷിക്കാന്‍ ബാധ്യതപ്പെട്ട കോണ്‍ഗ്രസിന്റെ പരാജയം കൂടിയാകാം വേങ്ങരയിലെ ഭൂരിപക്ഷത്തിലുണ്ടായ ചോര്‍ച്ച. അതിക്കുറി ബി ജെ പിയിലേക്ക് പോയില്ലെന്ന് മാത്രം. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അഴിമതി – ലൈംഗിക ആരോപണങ്ങള്‍ നേരിടുകയാണ് കോണ്‍ഗ്രസിന്റെ നേതൃനിര. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് പുറമെ. ഇത് കോണ്‍ഗ്രസിനെ മാത്രമല്ല, യു ഡി എഫിനെയും ദുര്‍ബലപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ലീഗിന്റെ ശക്തികേന്ദ്രമായ ഒരു മണ്ഡലത്തില്‍ ഭൂരിപക്ഷം പതിനാലായിരത്തിലധികം കുറയുന്നതിന് രാഷ്ട്രീയ പ്രാധാന്യം ഏറെ. അതു തിരിച്ചറിയുന്നതില്‍ ലീഗിനൊപ്പം ഉത്തരവാദിത്തം കോണ്‍ഗ്രസിനുമുണ്ട്.

രാജ്യത്താകെ മറുശബ്ദമില്ലാതാക്കിക്കൊണ്ടിരുന്ന നരേന്ദ്ര മോദിയും സംഘ്പരിവാരവും പല കാരണങ്ങളാല്‍ പ്രതിരോധത്തിലാകുകയാണ്. സാമ്പത്തിക വളര്‍ച്ച മുരടിക്കുകയും ചരക്ക് സേവന നികുതി നടപ്പാക്കിയതിലെ അപാകം മൂലം വ്യാപാര – വാണിജ്യ സമൂഹം അതൃപ്തിയിലാകുകയും തൊഴിലില്ലായ്മ വര്‍ധിച്ചത് യുവാക്കളെ അസന്തുഷ്ടരാക്കുകയും ചെയ്തതാണ് മൂന്നര വര്‍ഷത്തിന് ശേഷം പ്രതിപക്ഷ ശബ്ദത്തിന് മുഴക്കമുണ്ടാക്കിയത്. അതിന്റെ ഫലം കൂടിയാണ് വേങ്ങരക്കൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കണ്ടത്. 2014ല്‍ ബി ജെ പിയുടെ വിനോദ് ഖന്ന 1,36,065 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സുനില്‍ ഝാക്കര്‍ 1,93,219 വോട്ടിന് വിജയിച്ചു. വിനോദ് ഖന്ന അന്തരിച്ചതാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ഏതാനും മാസം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന്റെ തുടര്‍ച്ചയാണിതെന്ന് ബി ജെ പിക്ക് വാദിക്കാമെങ്കിലും സുനില്‍ ഝാക്കറിന് ലഭിച്ച വലിയ ഭൂരിപക്ഷം, കേന്ദ്ര സര്‍ക്കാര്‍ നയങ്ങളോടുള്ള ജനത്തിന്റെ കൃത്യമായ വിയോജിപ്പിന് ദൃഷ്ടാന്തമാണെന്ന് വസ്തുതകള്‍ വിലയിരുത്തുന്നവര്‍ക്ക് മനസ്സിലാകും.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വൈകാതെ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന രാഹുല്‍ ഗാന്ധി, മുന്‍കാലത്തില്‍ നിന്ന് ഭിന്നമായി നേതൃഗുണം പ്രകടിപ്പിക്കുകയും യാഥാര്‍ഥ്യ ബോധം ഉള്‍ക്കൊണ്ട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. രാഹുലിന്റെ വാക്കുകള്‍ക്ക് മുന്‍കാലത്തില്ലാത്ത പ്രാധാന്യം മാധ്യമങ്ങളിലും സമൂഹത്തിലും ലഭിക്കുകയും ചെയ്യുന്നു. അടുത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ രാഹുലിന്റെ സന്ദര്‍ശനങ്ങള്‍ ആളെക്കൂട്ടുകയും ചെയ്യുന്നു. ഇവ്വിധമൊരു സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് തിരിച്ചറിയാത്തത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമായിരിക്കും. തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ അതിന് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. വേങ്ങരയിലെ യു ഡി എഫിന്റെ ഭൂരിപക്ഷം കുറക്കാന്‍ തീരുമാനിച്ചപ്പോള്‍ വേങ്ങരയിലെ വോട്ടര്‍മാര്‍ അതേക്കുറിച്ച് കൂടി ചിന്തിച്ചിട്ടുണ്ടാകും.
മുസ്‌ലിം ലീഗിലെ അധികാരഘടനയിലും വേങ്ങര (സ്ഥാനാര്‍ഥി നിര്‍ണയവും ഭൂരിപക്ഷവും) ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. എല്ലാ തീരുമാനവും പി കെ കുഞ്ഞാലിക്കുട്ടിയുടേതായിരുന്ന കാലം കഴിഞ്ഞിരിക്കുന്നുവെന്ന് ഇവിടം ആവര്‍ത്തിക്കുന്നു. ഈ ഘടനാമാറ്റത്തെ ലീഗ് എങ്ങനെ ഉള്‍ക്കൊള്ളുന്നുവെന്നത് കുടിയാണ് വേങ്ങരാനന്തരം കേരള രാഷ്ട്രീയത്തെ ശ്രദ്ധേയമാക്കുന്നത്.