പ്രതിരോധ രംഗത്ത് രാജ്യം സ്വയംപര്യാപ്തത കൈവരിക്കുമെന്ന് സുഭാഷ് ഭാംറെ

Posted on: October 15, 2017 9:10 am | Last updated: October 15, 2017 at 12:07 pm
SHARE

ജബല്‍പുര്‍: ഇന്ത്യന്‍ സൈന്യത്തിന് ആയുധങ്ങളുടെ കുറവുണ്ടെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ. 2013ല്‍ അങ്ങനെയൊരു സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴില്ലെന്നും മധ്യപ്രദേശിലെ ജബല്‍പുരില്‍ ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. പ്രതിരോധ രംഗത്ത് ഏറ്റവും കൂടുതല്‍ ഇറക്കുമതി നടത്തുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇക്കാര്യത്തില്‍ രാജ്യം സ്വയം പര്യാപ്തത നേടാന്‍ ഒരുങ്ങുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

സൈന്യത്തിനാവശ്യമായ വെടിക്കോപ്പുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങുകയാണ്. 2019 മുതല്‍ വെടിക്കോപ്പുകള്‍ നിര്‍മിച്ചുതുടങ്ങുമെന്നും ഭാംറെ അറിയിച്ചു. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയായ ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമായാണ് ഈ നീക്കമെന്നും ശനിയാഴ്ച ജബല്‍പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

തദ്ദേശീയമായി വികസിപ്പിക്കുന്ന ആയുധ സംവിധാനത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. വിദേശരാജ്യങ്ങളില്‍നിന്നു സാങ്കേതികവിദ്യ കൈമാറ്റ നടപടികളിലും രാജ്യം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇവയിലൂടെയും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെയും രാജ്യത്തെ സ്വയം പര്യാപ്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഭാംറെ വ്യക്തമാക്കി