അമേരിക്കയെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ തയ്യാറെടുക്കുന്നു

Posted on: October 14, 2017 8:24 pm | Last updated: October 14, 2017 at 8:24 pm

സോള്‍: യുഎസിനെ ലക്ഷ്യമിട്ടു ഭൂഖണ്ഡാന്തര (ബാലിസ്റ്റിക്) മിസൈല്‍ പരീക്ഷണത്തിനു ഉത്തര കൊറിയ തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയും യുഎസും സംയുക്ത നാവികാഭ്യാസ പ്രകടനം നടത്തുന്നതിനോടുള്ള പ്രതിഷേധമായാണു മിസൈല്‍ പരീക്ഷിക്കാന്‍ കിം ജോങ് ഉന്‍ ഒരുങ്ങുന്നതെന്നാണു റിപ്പോര്‍ട്ട്.

ദക്ഷിണ കൊറിയ യുഎസ് സംയുക്ത സൈനികാഭ്യാസത്തിനെതിരെ ഉത്തര കൊറിയ നേരത്തെ രൂക്ഷമായാണു പ്രതികരിച്ചത്. അടുത്ത ആഴ്ചത്തെ സൈനികാഭ്യാസത്തില്‍ വിമാനവേധ കപ്പലുകള്‍ പങ്കെടുക്കുമെന്ന് കഴിഞ്ഞദിവസം യുഎസ് നേവി അറിയിച്ചിരുന്നു. ഇതാണ് വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തര കൊറിയയെ പ്രേരിപ്പിച്ചത്. യുഎസിന്റെ പശ്ചിമതീരം ലക്ഷ്യമിട്ടു ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തര കൊറിയ ഒരുങ്ങുന്നതായി പോങ്ങ്യാങ് സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്നതാണ് റിപ്പോര്‍ട്ട്.