പദ്ധതി നടത്തിപ്പ് സമയ ബന്ധിതമാക്കണം

Posted on: October 14, 2017 6:01 am | Last updated: October 14, 2017 at 12:02 am

വികസന പദ്ധതികള്‍ കൊട്ടക്കണക്കിന് പ്രഖ്യാപിക്കുന്നതിലല്ല, സമയബന്ധിതമായി അവ പൂര്‍ത്തിയാക്കുന്നതിലാണ് സര്‍ക്കാറിന്റെ വിജയം. പ്രകടനപത്രികയിലും ബജറ്റുകളിലും പദ്ധതികള്‍ പ്രഖ്യാപിച്ചു കൈയടി വാങ്ങുന്നതിലപ്പുറം യഥാസമയം അവ പൂര്‍ത്തിയാക്കുന്നതില്‍ പൊതുവെ അലംഭാവമാണ് കാണപ്പെടാറ്. സാമ്പത്തിക വര്‍ഷാവസാനമാകുമ്പോള്‍ ധൃതിപ്പെട്ട് പദ്ധതികള്‍ക്ക് അനുവദിച്ച തുക എങ്ങനെയെങ്കിലും ചെലവഴിക്കും. ഇത് പദ്ധതികളുടെ ഗുണമേന്മയെ സാരമായി ബാധിക്കുന്നു. ഈ പതിവ് ശൈലി തിരുത്തി വികസന പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചത്. 2017-18 വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി 34,538 കോടിയുടേതാണ്. ഇതിന്റെ 40.36 ശതമാനവും ഇതിനകം ചെലവഴിച്ചതായി മുഖ്യമന്ത്രി പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലവയളവില്‍ 21 ശതമാനം തുകയാണ് ചെലവഴിച്ചത്.

ഒരു വകുപ്പിന്റെ മൂന്ന് പ്രധാന പദ്ധതികളെന്ന കണക്കില്‍ 38 വകുപ്പുകളുടെ 114 പദ്ധതികള്‍ രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിമാരുടെ യോഗം വിലയിരുത്തുകയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയുമുണ്ടായി. വിഴിഞ്ഞം തുറമുഖ അനുബന്ധ സൗകര്യവികസനം, കൊച്ചിയിലെയും കോഴിക്കോട്ടെയും നിര്‍ദിഷ്ട ലൈറ്റ് മെട്രോയുടെ പുനരാവിഷ്‌കരണം, കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോടിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് അതിവേഗം എത്താന്‍ കഴിയുന്ന പാതകള്‍, കൊച്ചി -കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി, ആലപ്പുഴയിലെ ജലാശയങ്ങളുടെ വികസനം തുടങ്ങിയ പദ്ധതികളാണ് തടസ്സങ്ങള്‍ നീക്കി കഴിവതും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ 93 ശതമാനം പദ്ധതികള്‍ക്കും അനുമതി നല്‍കിക്കഴിഞ്ഞതായും അവശേഷിക്കുന്ന ഏഴ് ശതമാനത്തിന് ഈ മാസം തന്നെ നല്‍കുമെന്നും അവലോകന യോഗത്തില്‍ വെളിവാക്കപ്പെട്ടു. ഓരോ വര്‍ഷവും ഡിസംബറിനകം പദ്ധതി വിഹിതത്തിന്റെ 67 ശതമാനം ചെലവഴിച്ചിരിക്കണമെന്നും അവസാന മൂന്ന് മാസത്തേക്ക് 33 ശതമാനമേ അവശേഷിപ്പിക്കാവൂവെന്നും യോഗത്തില്‍ മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.

സ്ഥലമെടുപ്പിലെ തടസ്സങ്ങള്‍, സാമ്പത്തിക പരാധീനത, ഉദ്യോഗസ്ഥരുടെ അനാസ്ഥ, പദ്ധതി നടപ്പാക്കേണ്ട സ്ഥലത്തെക്കുറിച്ചുള്ള തര്‍ക്കം തുടങ്ങിയ കാരണങ്ങളാല്‍ ഇഴഞ്ഞുനീങ്ങുന്നതും തുടക്കം കുറിക്കാന്‍ പോലും സാധിക്കാത്തതുമായ നിരവധി പദ്ധതികളുണ്ട് സംസ്ഥാനത്ത്. അര നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പദ്ധതികള്‍ പോലുമുണ്ട് ഈ ഗണത്തില്‍. നിര്‍മാണ കാലാവധി ദീര്‍ഘിക്കുന്നതിനനുസരിച്ചു പദ്ധതികളുടെ ചെലവ് കുത്തനെ ഉയരുകയും പൊതുഖജനാവിന് കൂടുതല്‍ ബാധ്യതകള്‍ വരുത്തുകയും ചെയ്യുന്നു. ഇതിനൊരു മാറ്റം വേണമെന്നും പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്നും ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നു. സി പി എമ്മും സി പി ഐയും തങ്ങളുടെ മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാനും പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്താനും തീരുമാനിച്ചതുമാണ്. എന്നാല്‍ ചില മന്ത്രിമാര്‍ വിവാദങ്ങളില്‍ അകപ്പെട്ടു രാജി വെക്കേണ്ടിവന്നതും, മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ പ്രശ്‌നത്തില്‍ സി പി എം- സി പി ഐ ഭിന്നതയും ചില മന്ത്രിമാരുടെ മോശം പ്രകടനവും സര്‍ക്കാറിന്റെ ഈ നീക്കത്തിന് തിരിച്ചടിയായി. ഇതേ തുടര്‍ന്നാണ് പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന് മുഖ്യമന്തി മുന്‍കൈയെടുത്ത് അവലോകന യോഗം വിളിച്ചത്. തുടര്‍ന്നും മൂന്ന് മാസം കൂടുമ്പോള്‍ അവലോകനം നടത്താന്‍ തീരുമാനമുണ്ട്.

നവകേരള മിഷന്റെ കീഴില്‍ ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, 1000 സ്‌കൂളുകളെ ലോക നിലവാരത്തിലെത്തിക്കാനുള്ള എജ്യുക്കേഷന്‍ മിഷന്‍ തുടങ്ങിയ ആകര്‍ഷകമായ പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായപ്രവര്‍ത്തനത്തിലൂടെയും ജനങ്ങളുടെ സഹകരണത്തിലൂടെയും മാത്രമേ ഇവ പൂര്‍ത്തീകരിക്കാനാകൂ. പലപ്പോഴും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയാണ് പദ്ധതി നടത്തിപ്പിന് വിഘാതമാകുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം എം എല്‍ എ ഫണ്ടിലെ 500 കോടി കെട്ടിക്കിടക്കുന്ന വിവരം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. 2012 മുതല്‍ 2016 വരെ എം എല്‍ എമാര്‍ നിര്‍ദേശിച്ച പദ്ധതികള്‍ക്കുള്ള പണമാണ് കെട്ടിക്കിടക്കുന്നത്. ഉടനടി പരിഹാരം കണ്ടില്ലെങ്കില്‍ ഇവയില്‍ പല പദ്ധതികളും കാലഹരണപ്പെട്ടേക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും എസ്റ്റിമേറ്റ് തയാറാക്കുന്നതിനും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും മാസങ്ങളോളം കാലതാമസം വരുന്നു. നിശ്ചിത ദിവസങ്ങള്‍ക്കകം ഇത് പൂര്‍ത്തീകരിച്ചിരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുകയും വേണം. പദ്ധതി അവലോകനത്തോടൊപ്പം അവയുടെ നടത്തിപ്പില്‍ ‘സര്‍ക്കാര്‍ കാര്യം മുറപോലെ’എന്ന പതിവ് രീതി പൊളിച്ചെഴുതാനും കഴിയണം.