Connect with us

Gulf

അനുവദിച്ചതില്‍ കൂടുതല്‍ ഫീസ് വാങ്ങരുതെന്ന് സ്വകാര്യ വിദ്യാലയങ്ങളോട് അഡെക്

Published

|

Last Updated

അബുദാബി: അനുമതിയില്ലാതെ ഫീസ് വര്‍ധിപ്പിക്കുന്നതിനെതിരെ സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി എജ്യുക്കേഷന്‍ ആന്റ് നോളജ് ഡിപാര്‍ട്‌മെന്റ് (അഡെക്).
ഓരോ സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ വിദ്യാര്‍ഥികളില്‍ നിന്ന് ഇടാക്കാവുന്ന ഫീസ് നിരക്ക് അഡെക് അംഗീകരിച്ചിട്ടുണ്ട്. ഇത് പാലിക്കാന്‍ മുഴുവന്‍ സ്വകാര്യ വിദ്യാലയങ്ങളും ബാധ്യസ്ഥരാണ്. അഡെക് നിശ്ചയിച്ചുനല്‍കിയതിലപ്പുറം എന്തെങ്കിലും പേരില്‍ വിദ്യാര്‍ഥികളില്‍ നിന്ന് അമിത ഫീസ് ഈടാക്കുന്നത് നിയമലംഘനവും നടപടികള്‍ വിളിച്ചുവരുത്തുന്നതുമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് ഈടാക്കാവുന്ന ഫീസ് വിവരം അഡെകിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ഫീസ് ഈടാക്കേണ്ട സ്ഥാപനങ്ങള്‍ അഡെകിനെ സമീപിക്കേണ്ടതാണ്. ഫീസ് വര്‍ധനക്കുള്ള കാര്യകാരണങ്ങള്‍ കൃത്യമായി വീശദീകരിച്ച് അപേക്ഷ നല്‍കണം. അപേക്ഷയിന്മേല്‍ അഡെക് നിശ്ചയിച്ച പ്രത്യേക സമിതി പഠനം നടത്തി നടപടികള്‍ കൈകൊള്ളും, അധികൃതര്‍ വ്യക്തമാക്കി. സ്വകാര്യ വിദ്യാലയങ്ങളില്‍ സ്വീകരണ സ്ഥലത്തും അക്കൗണ്ടിംഗ് സ്ഥലത്തും ഫീസ് വിവരം പ്രസിദ്ധപ്പെടുത്തണം. രക്ഷിതാക്കള്‍ക്ക് കാണാവുന്ന തരത്തില്‍ ഫീസ് വിവരം പ്രസിദ്ധപ്പെടുത്തുന്നതിലൂടെ, റിസപ്ഷനിലും അക്കൗണ്ട് വിഭാഗത്തിലും ആവശ്യപ്പെടുന്ന ഫീസ് ഒന്ന് തന്നെയാണോയെന്ന് അവര്‍ക്ക് മസ്സിലാക്കാനാവും.

ചില സ്വകാര്യ വിദ്യാലയങ്ങളില്‍ പല പേരുകളിലായി നേരത്തെ അറിയിച്ചതല്ലാത്ത അധിക ഫീസ് ഈടാക്കുന്നതായി ചില രക്ഷിതാക്കള്‍ പരാതിപ്പെട്ടതനുസരിച്ചാണ് അഡെകിന്റെ നേരത്തെയുള്ള നിയമം അധികൃതര്‍ വിദ്യാലയങ്ങളെ ഓര്‍മപ്പെടുത്തിയത്. അധിക ഫീസ് ഈടാക്കുന്നത് തങ്ങളുടെ കുടുംബബജറ്റ് താളംതെറ്റാന്‍ കാരണമാകുന്നുണ്ടെന്ന് രക്ഷിതാക്കള്‍ തങ്ങളുടെ പരാതിയില്‍ ബോധിപ്പിച്ചിരുന്നതായി അഡെക് അധികൃതര്‍ വ്യക്തമാക്കി.

 

 

Latest