വിവരം തന്നെ ആയുധം

Posted on: October 12, 2017 8:50 am | Last updated: October 12, 2017 at 10:12 am

വിപ്ലവകരമായ വിവരാവകാശ നിയമം (Right to information act) നിലവില്‍ വന്നിട്ട് 12 വര്‍ഷം പൂര്‍ത്തിയാകുന്നു. ജനാധിപത്യത്തിന് കരുത്ത് പകര്‍ന്ന വിവരാവകാശ നിയമം 2005 ഒക്‌ടോബര്‍ 12നാണ് പിറവിയെടുത്തത്. രാജ്യത്തെ ഏത് പൗരനും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് വിവരങ്ങള്‍ അറിയാനുള്ള അവകാശമായ ഈ നിയമം യു പി എ ഗവണ്‍മെന്റാണ് കൊണ്ടു വന്നത്. രാജ്യസുരക്ഷ ഒഴികെയുള്ള എല്ലാ വിവരങ്ങളും പൗരന്മാര്‍ക്ക് അറിയാന്‍ സാധിക്കും. ജമ്മു കാശ്മീര്‍ ഒഴികെ എല്ലാം സംസ്ഥാനങ്ങളിലും നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. പൊതുജനത്തിന് വിവരങ്ങള്‍ നല്‍കുന്നതിനായി, എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേല്‍നോട്ടത്തിനായി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും നിയമത്തില്‍ പറയുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെയോ സര്‍ക്കാര്‍ സഹായം പറ്റുന്ന സ്ഥാപനങ്ങളുടെയോ കൈവശമുള്ള ഏതൊരു രേഖയും നിശ്ചിത തുകയടച്ച് അപേക്ഷിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ശിക്ഷകളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. അഴിമതിയെ ഒരുപരിധിവരെ നിയന്ത്രിക്കാനും വികസനപ്രവര്‍ത്തനങ്ങളുടെ വേഗത കൂട്ടാനും ഈ നിയമത്തിന് സാധിച്ചിട്ടുണ്ട്.

അതേസമയം വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിച്ചിരിക്കുകയാണ്. 2005 മുതല്‍ 2016 വരെ 65 വിവരാവകാശ പ്രവര്‍ത്തകരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടതെന്ന് ദേശീയ വിവരാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ എന്‍ സി പി ആര്‍ ഐ വെളിപ്പെടുത്തുന്നു. ഇതില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. ഇവിടെ 12 വിവരാവകാശ പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്.

ഗുജറാത്ത് (ഒമ്പത്), ഉത്തര്‍പ്രദേശ് (ഏഴ്), കര്‍ണാടക, ബീഹാര്‍(നാല്), ആന്ധ്രപ്രദേശ്, ഹരിയാന, ത്സാര്‍ഖണ്ഡ് (മൂന്ന്), ഡല്‍ഹി(രണ്ട്) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വിവരാവകാശ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്തത്. കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടിലെ ചെന്നൈയില്‍ വിവരാവകാശ പ്രവര്‍ത്തകനായ ഭുവേനശ്വരിനെ ഭൂമാഫിയ കൊലപ്പെടുത്തിയിരുന്നു. വിവിധയിടങ്ങളിലായി 400 ലധികം വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമണങ്ങളുമുണ്ടായി.

അഴിമതിക്കാരുടെയും ഉന്നതരുടെയും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്താല്‍ ആക്രമണങ്ങളും ഭീഷണിയുമുണ്ടാകുമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൗരന്മാര്‍ നല്‍കുന്ന നികുതിപ്പണം എങ്ങനെ ചെലവഴിക്കുന്നുവെന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവരെ അടിച്ചമര്‍ത്തുകയും കൊലപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഗവണ്‍മെന്റ് ഓഫീസുകളില്‍ നിന്ന് വിവരങ്ങള്‍ ചോദിക്കുന്നവരെ തിരഞ്ഞ് പിടിച്ച് കൊലപെടുത്തുന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഈ നാടിന് ഭൂഷണമല്ല.
കോര്‍പറേറ്റ് ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുക്കെട്ടിലെ കളികളെല്ലാം പുറത്തുകൊണ്ടുവരുന്നത് വിവരാവകാശ പ്രവര്‍ത്തകരാണ്. ഇതുകൊണ്ടാണ് വിവരാവകാശ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാന്‍ ക്വട്ടേഷന്‍ ലോബികള്‍ തന്നെ പ്രവര്‍ത്തിക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കണമെന്ന സുപ്രീം കോടതി വിധിയുണ്ടെങ്കിലും നടപ്പിലാകുന്നില്ല. സഹസ്ര കോടികളുടെ അഴിമതി നടന്ന ടു ജി സ്‌പെക്ട്രം, ആദര്‍ശ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയെല്ലാം പുറത്തു കൊണ്ടു വന്നത് വിവരാവകാശ പ്രവര്‍ത്തകരാണ്. ഒരു വര്‍ഷം രാജ്യത്തെ വിവിധ ഓഫീസുകളിലായി 60 ലക്ഷം അപേക്ഷകളാണ് ലഭിക്കുന്നത്. ഇപ്പോള്‍ 90 ശതമാനം അഴിമതികളും പുറത്തുകൊണ്ടുവരുന്നത് വിവരാവകാശ നിയമം ഉപയോഗിച്ചാണ്.

വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ദേശീയ പാര്‍ട്ടികളെ കൊണ്ടുവരണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അതിനോട് മുഖ്യധാര പാര്‍ട്ടികള്‍ക്കെല്ലാം വിമുഖതയാണ്. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന വരുമാനം പൊതുസ്വത്തല്ലെന്ന് പറഞ്ഞ് ബി ജെ പി, കോണ്‍ഗ്രസ്, സി പി എം, സി പി ഐ തുടങ്ങിയ പാര്‍ട്ടികള്‍ക്ക് എതിര്‍പ്പാണ്. അതേസമയം ആം ആദ് മി പാര്‍ട്ടി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരണമെന്നാണ് പറയുന്നത്. വിവരാവകാശ നിയമം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാര്‍ട്ടിയും ആം ആദ് മിയാണ്. ഇത് തന്നെയാണ് തലസ്ഥാനത്ത് ഭരണം പിടിച്ചടക്കാന്‍ പാര്‍ട്ടിയെ സഹായിച്ചത്.

ഗവണ്‍മെന്റ് ഓഫീസുകളില്‍ അഴിമതി പൂര്‍ണമായും തുടച്ചു നീക്കണമെങ്കില്‍ എല്ലാവരും വിവരാവകാശ നിയമം ഉപയോഗിക്കാന്‍ തയ്യാറാകണം. എന്നാലേ രാജ്യത്ത് നിയമം കൂടുതല്‍ ശക്തിയാര്‍ജിക്കൂ. അതുപോലെ തന്നെ വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കാനും ഭരണകൂടം നടപടി സ്വീകരിക്കണം.

നാട്ടിലുള്ള പഞ്ചായത്ത് റോഡ് നിര്‍മാണത്തിന്റെ ചെലവ്, വരവ് കണക്കുകള്‍ അറിയണോ? എന്നാല്‍, ഉടനെ ഒരു വെള്ളക്കടലാസില്‍ അപേക്ഷ എഴുതി പഞ്ചായത്തിലേക്ക് ഒരു വിവരാവകാശ അപേക്ഷ നല്‍കുക. റോഡിന്റെ എല്ലാ വിവരങ്ങളും നിങ്ങള്‍ നല്‍കിയ ചോദ്യത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കും. ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ കയ്യെഴുത്തു പ്രതികള്‍ അടക്കമുള്ള രേഖകള്‍, പ്രമാണങ്ങള്‍, മെമ്മോകള്‍, ഇ- മെയിലുകള്‍, ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, റിപ്പോര്‍ട്ടുകള്‍, അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍, ലോഗ് ബുക്ക്, സാമ്പിളുകള്‍, ഇലക്ട്രോണിക് മാധ്യമത്തിലുള്ള വിവരങ്ങള്‍ എന്നിവയെല്ലാം വിവരാവകാശ നിയമത്തിലൂടെ ചോദിക്കാം. വ്യക്തി സ്വാതന്ത്ര്യത്തെയോ ജീവനെയോ സംബന്ധിക്കുന്ന വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ 48 മണിക്കൂറിനുള്ളില്‍ വിവരം നല്‍കണം.

സര്‍ക്കാറില്‍ നിന്നുള്ള വിവരത്തിന് അപേക്ഷ നല്‍കിയ ആര്‍ക്കും അതിന് ബാധ്യസ്ഥമായ ഓഫീസുകള്‍ 30 ദിവസത്തിനകം മറുപടി നല്‍കണം. ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ 45 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണം. ഒരു അപേക്ഷക്ക് 10 രൂപ അപേക്ഷകന്‍ ഫീസ് അടക്കണം. അപേക്ഷകള്‍ സ്വീകരിക്കാതിരിക്കുകയോ നിശ്ചിത സമയത്തിനുള്ളില്‍ വിവരം നല്‍കാതിരിക്കുകയോ മനഃപൂര്‍വം വിവരം നിരസിക്കുകയോ അറിഞ്ഞുകൊണ്ട് തെറ്റായതോ അപൂര്‍ണമായതോ ആയ വിവരം നല്‍കുകയോ വിവര രേഖകള്‍ നശിപ്പിക്കുകയോ വിവരം നല്‍കുന്നത് തടസ്സപ്പെടുത്തുകയോ ചെയ്താല്‍ പ്രതിദിനം 250 രൂപ നിരക്കില്‍, പരമാവധി 25,000 രൂപ വരെ പിഴ ശിക്ഷ ലഭിക്കും. കൂടാതെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയും ഉണ്ടാകും.

വിവരാവകാശ നിയമമനുസരിച്ച് ഓണ്‍ലൈന്‍ വഴിയും അപേക്ഷ നല്‍കാം. ആര്‍ ടി ഐ നിയമം വേഗത്തിലും ഫലപ്രദമായും ഉപയോഗിക്കാന്‍ ഓണ്‍ലൈന്‍ വഴി സാധിക്കും. www.rtionline.gov.in എന്നതാണ് വെബ്‌സൈറ്റ്. കടലാസിലെഴുതിയ അപേക്ഷകളുമായി ഓഫീസുകള്‍ കയറിയിറങ്ങാതെ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി സുഖകരമായി അപേക്ഷ സമര്‍പ്പിക്കാനും സാധിക്കുന്നതാണ്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ ഇന്റര്‍നെറ്റ് ബേങ്കിംഗ് സംവിധാനത്തിലൂടെ ആണ് ഫീസ് അടക്കേണ്ടത്.

അപേക്ഷ ഫയല്‍ ചെയ്യാന്‍ വെബ്‌സൈറ്റില്‍ നിഷ്‌കര്‍ഷിച്ച കോളത്തില്‍ അപേക്ഷ അപ്‌ലോഡ് ചെയ്യാം. 3000 വാക്കുകള്‍ ആയാണ് അപേക്ഷയുടെ ദൈര്‍ഘ്യം നിജപ്പെടുത്തിയിരിക്കുന്നത്. 3000 ത്തില്‍ കൂടുതല്‍ വാക്കുകള്‍ ഉണ്ടെങ്കില്‍ അത്തരം അപേക്ഷ അറ്റാച്ച് ചെയ്യാനുള്ള സൗകര്യവുമുണ്ട്. അപേക്ഷ അപ്‌ലോഡ് ആവുന്നതിനനുസരിച്ച് അപേക്ഷകന്റെ മൊബൈലില്‍ അലര്‍ട്ട് ലഭിക്കും. മറുപടിയും ഓണ്‍ലൈന്‍ വഴി ലഭ്യമാവും.