ഒബാമ കെയര്‍ പദ്ധതി അട്ടിമറിച്ച് ട്രംപ് ഭരണകൂടം

Posted on: October 9, 2017 12:55 am | Last updated: October 8, 2017 at 10:57 pm

വാഷിംഗ്ടണ്‍: ഒബാമ കെയറിന്റെ ഭാഗമായി തൊഴിലാളി ആരോഗ്യ പദ്ധതി പ്രകാരം ഗര്‍ഭനിരോധത്തിന് ചെലവായ പണം തിരികെ നല്‍കി വന്നിരുന്നത് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ശനിയാഴ്ചമുതല്‍ നിര്‍ത്തലാക്കി. ദശലക്ഷക്കണക്കിന് വനിതകള്‍ കുടുംബാസൂത്രണത്തിന്റെ ഭാഗമായിത്തീര്‍ന്നിരുന്ന പദ്ധതിയാണ് ട്രംപ് റദ്ദാക്കിയത്. ഭരണകൂടതതിന്റെ നീക്കത്തിനെതിരെ അവകാശ സംഘടനകള്‍, ഡോക്ടര്‍മാര്‍, ഡമോക്രാറ്റുകള്‍, സാധാരണ ജനങ്ങള്‍ എന്നിവര്‍ ശക്തമായി രംഗത്തുവന്നിരിക്കുകയാണ്.

പദ്ധതി റദ്ദാക്കിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ ഭീഷണി മുഴക്കി. അതേ സമയം ഇത് മതസ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്ന് വൈറ്റ്ഹൗസ് ഊന്നിപ്പറഞ്ഞു. സര്‍ക്കാറിന്റെ പുതിയ നയം നടപ്പില്‍വരുന്നതോടെ ദശലക്ഷക്കണക്കിന് വനിതകള്‍ക്ക് ഗര്‍ഭനിരോധത്തിന് ചിലവഴിച്ച പണം തിരികെ ലഭിക്കാതെയാകും. പുതിയ ഉത്തരവ് എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ബാധകമാകും. മതസ്ഥാപനങ്ങളെ ഗര്‍ഭനിരോധ ചിലവ് നല്‍കുന്നതില്‍നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു.