മണ്‍പാത്ര നിര്‍മാണ പാരമ്പര്യം തിരിച്ചുപിടിക്കാന്‍ ഖത്വരി യുവാവ്‌

Posted on: October 8, 2017 8:46 pm | Last updated: October 8, 2017 at 8:46 pm

ദോഹ: ഖത്വരി പൈതൃകത്തിന്റെ ഭാഗമായ മണ്‍പാത്ര നിര്‍മാണത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി വീട്ടുവ്യവസായിയായ തലാല്‍ നായിഫ് അല്‍ ഖാസിമി. നേരംപോക്കിനായി തുടങ്ങിയ മണ്‍പാത്ര നിര്‍മാണം 19 വര്‍ഷമായി വൈകാരികമായാണ് നായിഫ് തലാല്‍ നായിഫ് എടുക്കുന്നത്. തലാലിന്റെ ഈ ഉദ്യമം നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണ്‍പാത്ര നിര്‍മാണത്തിന് ജീവന്‍ വെപ്പിക്കുന്നതുമാണ്.

കാലങ്ങളായി മണ്‍പാത്ര നിര്‍മാണം ഖത്വരി സംസ്‌കാരത്തിന്റെ ഭാഗമായിരുന്നെന്ന് തലാല്‍ ഗള്‍ഫ് ടൈംസിനോട് പറഞ്ഞു. ചൈനയില്‍ നിന്ന് കൂടുതല്‍ മണ്‍പാത്രങ്ങളും മറ്റുമെത്തിയതോടെ തദ്ദേശീയ മണ്‍പാത്ര നിര്‍മാണം പിന്നാക്കം പോയി. ഇക്കാരണത്താലാണ് മണ്‍പാത്രം വിപണിയില്‍ പുനരവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മണ്‍പാത്ര നിര്‍മാണം സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് സൂഖ് വാഖിഫ് ആര്‍ട് സെന്ററില്‍ സാധാരണയായി വര്‍ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കാറുണ്ട് ഇദ്ദേഹം. കതാറയടക്കമുള്ള ദോഹയിലെ മറ്റ് കേന്ദ്രങ്ങളിലും ശില്പശാല നടത്തുന്നുണ്ട്. മെയ്ഡ് ഇന്‍ ഖത്വര്‍ ട്രേഡ് മാര്‍കില്‍ തന്റെ കരകൗശല ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പ്രാദേശിക, അന്താരാഷ്ട്ര എക്‌സിബിഷനുകളില്‍ തലാല്‍ പങ്കെടുക്കുന്നു.

മണ്‍പാത്രങ്ങളും പൂച്ചട്ടികളും ഖത്വരികള്‍ക്കിടയില്‍ ജനകീയമായ ഉത്പന്നങ്ങളാണെന്ന് അല്‍ ഖാസിമി പറയുന്നു. വീട് കേന്ദ്രമായി രണ്ട് നിര്‍മാണശാലകളും സൂഖ് വാഖിഫ് ആര്‍ട് സെന്ററില്‍ മറ്റൊരു കേന്ദ്രവും തലാലിനുണ്ട്. ഇവിടെവെച്ച് പരിശീലന ശില്പശാലകള്‍ നടത്തുന്നു. മണ്‍പാത്ര നിര്‍മാണത്തില്‍ പ്രത്യേകിച്ച് വനിതകളടക്കമുള്ള യുവസമൂഹം വലിയ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് തലാല്‍ പറയുന്നു. ഈ പാരമ്പര്യം സംരക്ഷിക്കുന്നതിന് മികച്ച വഴി ഖത്വരി യുവജനതയെ ഇത് പഠിപ്പിക്കുകയാണ്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ ഉത്പന്നങ്ങള്‍ അദ്ദേഹം പങ്കുവെക്കാറുണ്ട്.

ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക് അടക്കമുള്ള രാഷ്ട്രങ്ങളില്‍ നിന്നാണ് നിര്‍മാണത്തിനാവശ്യമായ കളിമണ്ണ് ഇറക്കുമതി ചെയ്യുന്നത്. ഖത്വരി പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് തലാലിന്റെ ഉത്പന്നങ്ങള്‍. രൂപകല്പന, നിര്‍മാണം, പെയിന്റിംഗ് തുടങ്ങിയവയെല്ലാം ഇദ്ദേഹം തന്നെയാണ് ചെയ്യുന്നത്. കരകൗശല വസ്തുക്കള്‍ക്ക് രാജ്യത്ത് വലിയ ആവശ്യക്കാരാണുള്ളത്. അമേരിക്ക, ഗള്‍ഫ്, യൂറോപ് മേഖലകളിലെ നിരവധി രാഷ്ട്രങ്ങളിലേക്ക് കയറ്റി അയക്കുന്നുമുണ്ട്. ഖത്വരി ചെറുകിട സംരംഭകര്‍ക്കിടയില്‍ രാജ്യസ്‌നേഹം വളര്‍ത്തുക മാത്രമാണ് ഗള്‍ഫ് പ്രതിസന്ധി ചെയ്തതെന്ന് ഇദ്ദേഹം പറയുന്നു. മെയ്ഡ് ഇന്‍ ഖത്വര്‍ ഉത്പന്നങ്ങള്‍ വിപണിയിലേക്ക് ഒഴുക്കുക വഴി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നേതൃത്വത്തിനും ഖത്വറിനും പിന്തുണയര്‍പ്പിക്കുകയാണ് ഖത്വരികളെന്നും അദ്ദേഹം പറഞ്ഞു.